Easter: കോവിഡ് നിയന്ത്രണമില്ലാതെയുള്ള ഈസ്റ്റർ ആഘോഷത്തിന്‍റെ സന്തോഷം പങ്കുവച്ച് മാർ ക്ലിമീസ് കാതോലിക്ക ബാവ

കോവിഡ് കാലം കടന്നെത്തു ആഘോഷ നാളുകളാണിത്. ആത്മീയ പുണ്യകാലം കൂടി നമുക്ക് മുന്നിലൂടെ കടന്നുപോകുന്നു. പ്രാർത്ഥനകളിലൂടെ ഈ കാലത്തെ നമുക്ക് സാർത്ഥകമാക്കാം.

Written by - ടിറ്റോ തങ്കച്ചൻ | Edited by - Priyan RS | Last Updated : Apr 16, 2022, 05:05 PM IST
  • വിശുദ്ധ വാരം ആചരിക്കാൻ സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ക്രൈസ്തവ വിശ്വാസികൾ.
  • ഈസ്റ്റർ സന്ദേശം സീ മലയാളം ന്യൂസിനോട് പങ്കുവയ്ക്കുകയാണ് മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവാ.
  • ഭയം മാറ്റുന്നതാണ് ക്രിസ്തുവിന്‍റെ ഉയർത്തെഴുന്നേൽപ്പെന്ന് കർദിനാൾ.
Easter: കോവിഡ് നിയന്ത്രണമില്ലാതെയുള്ള ഈസ്റ്റർ ആഘോഷത്തിന്‍റെ സന്തോഷം പങ്കുവച്ച് മാർ ക്ലിമീസ് കാതോലിക്ക ബാവ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്ലാതെ വിശുദ്ധ വാരം ആചരിക്കാൻ സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ക്രൈസ്തവ വിശ്വാസികൾ. വിശ്വാസികളെ പങ്കെടുപ്പിക്കുന്നതിന് നിയന്ത്രണം ഇല്ലാത്ത ഈ വർഷത്തിൽ അതിന്‍റെ സന്തോഷവും ഈസ്റ്റർ സന്ദേശവും സീ മലയാളം ന്യൂസിനോട് പങ്കുവയ്ക്കുകയാണ് മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവാ. 
 
രണ്ട് വർഷം കോവിഡ് മൂലം പള്ളി ആരാധനകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഈ വർഷം വിശുദ്ധവാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണം ഇല്ല? എങ്ങനെ കാണുന്നു പുതിയ സാഹചര്യത്തെ?
 
കോവിഡ് പൂർണ്ണമായി മാറിയെന്ന് പറയാൻ ഇപ്പോഴും സാധിക്കില്ല. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ നിയന്ത്രണം ഇല്ല. വിശ്വാസ സമൂഹം ഈ ഇളവിനെ വലിയ സന്തോഷത്തോടെയാണ് വരവേറ്റത്. ഓശാന ഞായറാഴ്ചയിലെ പള്ളികളിലെ വിശ്വാസികളുടെ പങ്കാളിത്തം ഇതിന് തെളിവാണ്. വലിയ നോമ്പിന്‍റെ അവസാന ഭാഗത്താണ് വിശുദ്ധ വാരം ആചരിക്കുന്നത്. ഇതിനാൽ ക്രൈസ്തവർക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതാണ്.

ഇത്രയും നാൾ പള്ളികളിൽ പോയി പങ്കെടുക്കാൻ സാധിക്കാതിരുന്നതിന്‍റെ ബുദ്ധിമുട്ടുകൾ ഇപ്പോൾ നീങ്ങിയതിലുള്ള സന്തോഷമാണ് വിശ്വാസ സമൂഹത്തിനും പുരോഹിതർക്കും. പ്രാർഥിക്കാൻ എന്തിനാണ് പള്ളികളിൽ പോകുന്നതെന്ന ചിന്ത കോവിഡ് കാലത്ത് ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ദേവാലയത്തിൽ എത്തി ആരാധിക്കുന്നതിന്‍റെ സന്തോഷവും ആത്മനിറവും വിശ്വാസികൾക്ക് വ്യക്തമായി അറിയാം. മുൻപ് പറഞ്ഞ ചിന്തകളെ വിശ്വാസി സമൂഹം അപ്പാടെ തള്ളികളഞ്ഞുവെന്നതാണ് പള്ളികളിലെ കാഴ്ചകൾ സൂചിപ്പിക്കുന്നത്.

 
Baselios Cleemis
 
കോവിഡ് നിയന്ത്രണം മൂലം ശുശ്രൂഷകൾക്ക് ജനം എത്താതിരുന്ന കാലത്തെ എങ്ങനെ ഓർക്കുന്നത്?
 
ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട സമയമാണ് അത്. വിശ്വാസ സമൂഹം തിങ്ങി നിറഞ്ഞ ദേവാലയങ്ങളിൽ നിന്ന് അവരെ നോക്കി ശുശ്രൂഷകൾ അനുഷ്ഠിച്ചിരുന്ന സ്ഥിതിക്ക് മാറ്റം വന്നപ്പോൾ വലിയ വിഷമം തോന്നി. വെറും അഞ്ച് പേർക്ക് മാത്രം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ ചുരുങ്ങിയപ്പോൾ ആശങ്ക ചടങ്ങുകളിൽ താൽപര്യപൂർവം സംബന്ധിച്ച വിശ്വാസികളെ കുറിച്ചായിരുന്നു. അവരുടെ ഉള്ളിലും പുരോഹിതരുടെ ഉള്ളിലും ഒരു പോലെ സങ്കടം നിറഞ്ഞൊരു കാലമായിരുന്നു അത്. എന്നാൽ ആ കാലത്ത് അത്തരമൊരു നിയന്ത്രണം ആവശ്യമായിരുന്നു. എല്ലാവരും അതിനോട് സഹകരിച്ചു.
 
സാങ്കേതി വിദ്യ അതിവേഗം മുന്നേറുന്നു. 3ജിയിൽ നിന്ന് 4ജിലേക്കും 5ജിയിലേക്കും അത് കടക്കുന്നു. ശാസ്ത്രവും അതിവേഗം പുരോഗമിക്കുന്നു. ഈ കാലത്തിൽ സഭയ്ക്ക് വിശ്വാസികളെ കൂടെ നിർത്താൻ സാധിക്കുന്നുണ്ടോ?
 
3ജി, 4ജി എന്നത് വേഗത്തെ മാത്രം സൂചിപ്പിക്കുന്നതാണ്. നാം എങ്ങോട്ടാണ് ഇത്ര വേഗം പോകുന്നത്. നമ്മൾ വേഗത്തിൽ പോകുമ്പോൾ ഒപ്പമുള്ളവരെ കൂട്ടാൻ നമുക്ക് സാധിക്കുന്നുണ്ടോ?. ഈ ചിന്ത പ്രധാനപ്പെട്ടതല്ലേ..ശാസ്ത്ര സാങ്കേതിക വിദ്യകളുടെ എല്ലാം പുരോഗമനത്തിന്‍റെ അടിസ്ഥാനം മനുഷ്യനല്ലേ? അങ്ങനെയെങ്കിൽ ആ മനുഷ്യനെ നിയന്ത്രിക്കുന്നത് എന്താണ്?. അത് മനുഷ്യന്‍റെ മനസ്സല്ലേ. ഈ മനസ്സിനെ നിയന്ത്രിക്കാൻ, അതിനെ നേർവഴിക്ക് ചിന്തിക്കാനും പരോപകാരപരമായി പ്രവർത്തിക്കാനും കഴിയണം. ഈ മനസ്സുകളെ സ്വാധീനിക്കുകയെന്നതാണ് സഭയുടെ കടമ. എല്ലാ കാലത്തിലും ഇതിന് പ്രസക്തിയുണ്ട്.  ഈ ഉത്തരവാദിത്തം സഭ കാലാകാലങ്ങളിൽ നിർവഹിക്കുന്നുമുണ്ട്. 
Cleemis
 
പുതിയ കാലത്ത് സഭയെ നയിക്കാൻ പുരോഹിതരും സന്യസ്തരും എത്തുന്നുണ്ടോ? യുവാക്കൾ ഇതിൽ താൽപര്യം കാണിക്കുന്നുണ്ടോ?
 
പൗരോഹിത്യ, സന്യസ്ത ശുശ്രൂഷ എന്നത് മറ്റു ജോലികൾ പോലെയല്ല. ഇത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. ഇതുവരെ പരിചയം ഇല്ലാത്തവരെ, ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ ഇടയുള്ളവരെ, വ്യത്യസ്ത സ്വഭാവമുള്ളവരെ തുടങ്ങി പലതരത്തിലുള്ള മനുഷ്യരുമായി ഇടപെടുന്നവരാണ് വൈദികരും കന്യാസ്ത്രീകളും. മനസ്സുകൾ തമ്മിലുള്ള ഒരു ആശയവിനിമയമാണ് ഇവിടെ നടക്കുക. ക്രിസ്തു പ്രേരിതമായി, ക്രിസ്തു കേന്ദ്രീകൃതമായി നടക്കുന്ന ഒരു പ്രവർത്തനമാണിത്.

ചില വർഷങ്ങളിൽ പൗരോഹിത്യ, സന്യാസ പരിശീലനത്തിന് ആവശ്യത്തിന് ആളുകൾ എത്താറില്ല. എന്നാൽ ചില വർഷങ്ങളിൽ നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ പേർ എത്തും. ഇപ്പോഴുള്ള ഒരു പുതിയ രീതി കുറച്ചു പ്രായമായ ശേഷം ഈ ശുശ്രൂഷയിലേക്ക് പലരും വരുന്നുവെന്നതാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ശേഷവും വലിയ ജോലി രാജിവച്ചും പലരും ഇതിനായി എത്തുന്നു. കുറച്ച് പക്വത നേടിയ ശേഷം ഈ ശുശ്രൂഷയിലേക്ക് ആളുകൾ കടന്നുവരുന്നതിനെ നല്ല കാര്യമായിട്ടാണ് ഞാൻ നോക്കി കാണുന്നത്.

 
 
സഭയുടെ അടിസ്ഥാനം തന്നെ കുടുംബങ്ങളാണ്. കുടുംബ ബന്ധങ്ങളിൽ വലിയ പ്രശ്നങ്ങൾ നേരിടുന്ന ഒരു കാലമാണിത്. കുടുംബങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള സഭയുടെ ഇടപെടൽ ഏതു തരത്തിലാണ്?
 
മരണത്തെ ഉയർത്തെഴുന്നേറ്റ യേശുക്രിസ്തു പറയുന്നത് ഭയപ്പെടേണ്ടാ എന്നാണ്. ഭയം പല കാര്യങ്ങളെ കുറിച്ചും മനുഷ്യർക്ക് ഉണ്ട്. എന്നാൽ എല്ലാ ഭയത്തേയും മാറ്റുന്നതാണ് ക്രിസ്തുവിന്‍റെ ഇടപെടലുകൾ. ഈ വിശ്വാസത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർക്ക് ഭയത്തെ നീക്കി സമാധാനവും ശാന്തിയും സൃഷ്ടിക്കാനും അതിനെ പകർന്നു നൽകാനും സാധിക്കും. വലിയ നോമ്പ് മലങ്കര സഭയിലെ പ്രധാനപ്പെട്ട ആചരണമാണ്. അതിന്‍റെ പൂർത്തീകരണമാണ് ഈസ്റ്റർ ആഘോഷത്തിലൂടെ നടക്കുക. കുടുംബങ്ങളിലാണ് ഈ ആഘോഷം. 
 
വീട്ടിൽ അത്രയും നാൾ നാം മാറ്റിവച്ച പല ഭക്ഷണങ്ങളും കഴിച്ച്, പ്രാർഥനയോടെ ആഘോഷത്തോടെ നാം ഈസ്റ്ററിനെ വരവേൽക്കുന്നു. ഈസ്റ്റർ ഇരുട്ടിൽ ഒരു തിരി കത്തിക്കുന്നതു പോലെയാണ്. കുടുംബങ്ങളിലും പ്രശ്നങ്ങളും പ്രതിസന്ധികളും വരാൻ സാധ്യതയുണ്ട്. ഒന്നും പൂർണ്ണമല്ല. എന്നാൽ പ്രതിസന്ധികളുടെയും പ്രായസങ്ങളുടെയും മധ്യത്തിൽ ഒരു പ്രതീക്ഷയുടെ തിരി തെളിയ്ക്കാൻ സഭയ്ക്ക് കഴിയും. കുടുംബങ്ങളിലേക്ക് ഇതിനെ എത്തിക്കും. അങ്ങനെ അന്ധകാരത്തെ മാറ്റി കുടുംബങ്ങളിലേക്ക് പ്രകാശം എത്തിക്കാൻ സാധിക്കും. അതിനുള്ള ശ്രമങ്ങളാണ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
 
 
കുട്ടിക്കാലത്തെ ഈസ്റ്റർ ആഘോഷവും നോമ്പ് അനുഭവങ്ങളും പങ്കുവയ്ക്കുമോ?
 
മലങ്കര സഭയിലെ പ്രധാനപ്പെട്ട ആചരണമാണ് വലിയ നോമ്പ്. വലിയ പ്രാധാന്യത്തോടെയാണ് കുട്ടിക്കാലം മുതലെ ഇതിനെ കണ്ടിരുന്നത്. വീട്ടിൽ അങ്ങനെയാണ് ശീലിപ്പിച്ചിരുന്നതും. നോമ്പ് നമസ്കാരങ്ങളിലും നോമ്പ് ആചരണത്തിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്‍റെ ചെറുപ്പത്തിൽ  പുലർച്ചെ 2 മണിക്കായിരുന്നു പള്ളിയിലെ ഉയർപ്പിന്‍റെ ശുശ്രൂഷകൾ നടന്നിരുന്നത്. അതിന് ഒക്കെ പോയത് മനസ്സിലുണ്ട്. മാതാപിതാക്കളും ഇതിന് വലിയ താൽപര്യവും ഉത്സാഹവും കാണിച്ചിരുന്നു. പുലർച്ചെ പള്ളിയിലേക്ക് പോയി രാവിലെ വീട്ടിൽ മടങ്ങിയെത്തി നോമ്പ് മുറിക്കുന്ന അനുഭവം ഒക്കെ വലിയ സന്തോഷം നൽകിയിരുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News