തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മീഷണർ വിവേക് ഭീമാൻവർ ഐഎഎസ്. കേരള മാതൃകയിൽ എ ഐ ക്യാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ചതായി മന്ത്രി പറഞ്ഞു. എഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നീ ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം, ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
തുടർന്ന് കെൽട്രോൺ സംഘത്തെ എ ഐ ക്യാമറ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കായി മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചു. എ ഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് വിവേക് ഭീമാൻവർ IAS അറിയിച്ചു. എ ഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞുവെന്നും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയിൽ എ ഐ ക്യാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ എഐ ക്യാമറ പദ്ധതി വൻവിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ എ ഐ ക്യാമറ പദ്ധതിയുടെ വിജയമായി കണക്കാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം എഐ ക്യാമറക്ക് പകരം ഇനി എഐ ഡ്രോണുകൾ കൂടി രംഗത്തിറക്കാൻ ഒരുങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്. ഇതിനുള്ള ശുപാർശ വകുപ്പ് കൈമാറി. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറയെങ്കിലും വേണമെന്നാണ് ശുപാർശ. ഏകദേശം 400 കോടിയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. റോഡ് നീളെയുള്ള ക്യാമറകൾ ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിലാണ് പുതിയ ആലോചന. ക്യാമറയുള്ള സ്ഥലങ്ങൾ നോക്കി യാത്രക്കാർ ജാഗ്രത പാലിക്കുന്നതിനാൽ കാര്യമായ നിയമ ലംഘനങ്ങൾ ഡിറ്റെക്ട് ചെയ്യുന്നില്ല.
പദ്ധതി ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ക്യാമറയില്ലാത്ത സ്ഥലങ്ങൾ ഇടവഴികൾ എന്നിവിടങ്ങളിൽ എഐ ഡ്രോണുകൾ സർവൈലൻസ് നടത്തും. ഡ്രോണിലെ ഒറ്റ ക്യാമറ കൊണ്ട് പല നിയമലംഘനങ്ങൾ കണ്ടെത്താൻ സാധിക്കും. നിലവിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകളുടെ ആകെ ചിലവ് 232 കോടിയാണ്. സ്ഥാപിച്ച 726 ൽ 692 എണ്ണം മാത്രമെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.
ക്യാമറകൾ സ്ഥാപിച്ചിരുന്ന സ്ഥലങ്ങളിൽ നിയമലംഘങ്ങൾക്ക് കുറവുണ്ടെന്നാണ് മോട്ടോർവാഹന വകുപ്പിൻെറ വിലയിരുത്തൽ. അതിനാൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് വകുപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...