ലോകത്തിലെ ഏറ്റവും പ്രായമേറിയ മുത്തശ്ശി ടനാക അന്തരിച്ചു. ജപ്പാൻകാരിയായ ടനാക ലോകത്തിനെങ്ങും ഒരു അത്ഭുതമായിരുന്നു.പൂർണ്ണ ആരോഗ്യവതിയായി ചുറുചുറുക്കോടെ തന്നെയായിരുന്നു ടനാക അവസാന കാലം കഴിച്ച് കൂട്ടിയത്. ഗണിത പ്രശ്നങ്ങൾ പൂരിപ്പിച്ചും, പഠിച്ചും,മിഠായികൾ കഴിച്ചുമെല്ലാം ടനാക ഒഴിവു സമയം ചെലവഴിച്ചിരുന്നു.
ഒരു സമയത്തും വെറുതേ ഇരിക്കുവാൻ ടനാക ഇഷ്ടപ്പെട്ടിരുന്നില്ല.1903 ൽ ജനുവരി 2 നാണ് ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ ഫുക്വോക മേഖലയിൽ ടനാക ജനിച്ചത്. മാതാപിതാക്കളുടെ ഒൻപത് മക്കളിൽ ഏഴാമത്തെ ആളായിരുന്നു ടനാക.ടനാക ജനിച്ച വർഷത്തിനും വളരെ പ്രത്യേകതകളുണ്ട് .റൈറ്റ് ബ്രദേഴ്സ് ആദ്യമായി വിമാനം പറത്തിക്കുന്നത് അതേ വർഷം തന്നെയാണ്.
മേരി ക്യൂറി നോബേൽ പുരസ്കാരത്തിന് അർഹയായതും ജനിച്ച വർഷം തന്നെ. ഒരു നൂറ്റാണ്ട് മുമ്പാണ് ടനാക വിവാഹം കഴിച്ചത് എന്നത് കേൾക്കുമ്പോഴെ കൗതുകം ഉണർത്തുന്ന കാര്യമാണ്.1923 ൽ ഒരു സൈനികനെയാണ് ടനാക വിവാഹം കഴിച്ചത്. 1973 ലെ ചൈന -ജപ്പാൻ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ദത്തടുത്ത ഒരു കുട്ടിയുൾപ്പെടെ 5 പേരുടെ അമ്മയാണ് ടനാക.തന്റെ യൗവ്വനകാലത്ത് ബിസിനസിലും സജീവമായിരുന്നു ടനാക. ജപ്പാനിൽ നൂഡിൽസ് ഭക്ഷണശാലകൾ,കേക്ക് ഷോപ്പുകൾ തുടങ്ങിയവ നടത്തിയാണ് ടനാക ജീവിച്ചത്. പ്രായമേറെയുണ്ടായിരുന്നുവെങ്കിലും അവരുടെ സ്വപ്നങ്ങളെ ഈ പ്രായം ബാധിച്ചിരുന്നില്ല.
2021 ലെ ടോക്കിയോ ഒളിമ്പിക്സിനുള്ള ടോർച്ച് റിലേയിൽ പങ്കെടുക്കാൻ ഈ മുത്തശ്ശി ആഗ്രഹിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിത കോവിഡ് പ്രതിസന്ധി അവരുടെ ആഗ്രഹത്തിന് വിലങ്ങ് തടിയായി.2019 ൽ ടനാകയെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു.തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു അതെന്നാണ് ടനാക പറഞ്ഞത്.
വാർധക്യ കാലത്ത് കെയർ ഹോമിലായിരുന്ന മുത്തശ്ശിക്ക് ചോക്ലേറ്റുകൾ വളരെയേറെ ഇഷ്ടമായിരുന്നു.കണക്ക് പഠിക്കാനും കാലിഗ്രാഫിലുമൊക്കെ വലിയ താത്പര്യവും ടനാകക്ക് ഉണ്ടായിരുന്നു.ഒഥെല്ലോയുടെ ഗെയിമായിരുന്നു ടനാകക്ക് ഏറെ ഇഷ്ടം,പലപ്പോഴും ഗെയിമുകളിലും വിദഗ്ധയായിരുന്ന അവർ പലപ്പോഴും കെയർ ഹോമിലെ അന്തേവാസികളേയും തോൽപ്പിക്കുമായിരുന്നു. സഫലീകരിക്കാൻ ൃഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ചാണ് ടനാക ലോകത്തോട് വിട പറഞ്ഞത്.