ആര്‍ത്തവത്തെ കുറിച്ച് പറയുന്നതില്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന കാലം കഴിഞ്ഞെന്ന് സ്ത്രീകള്‍ ഉറക്കെ വിളിച്ചു പറയുന്ന കാലത്ത് സാനിറ്ററി പാഡുകളുടെ പരസ്യവും മാറുകയാണ്. അത്തരമൊരു വിപ്ലവകരമായ മാറ്റത്തിനാണ് ബോഡിഫോം എന്ന കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. സാനിറ്ററി പാഡുകളുടെ പരസ്യത്തില്‍ രക്തത്തെ സൂചിപ്പിക്കുന്നതിന് കാണിക്കുന്ന നീല ദ്രാവകത്തിന് പകരം ചുവപ്പ് നിറത്തിലുള്ള ദ്രാവകം ഉപയോഗിച്ചാണ് ബോഡിഫോമിന്‍റെ പുതിയ പരസ്യം.
'ബ്ലഡ് നോര്‍മല്‍' (blood normal) എന്ന ഹാഷ്ടാഗോട് കൂടി പുറത്തിറങ്ങിയിരിക്കുന്ന പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓക്ടോബര്‍ 17നാണ് പരസ്യം റിലീസ് ചെയ്തത്. ആര്‍ത്തവത്തെ മോശമായി കാണുന്ന സാമൂഹ്യ ബോധത്തെ പൊളിച്ചെഴുതുന്നതാണ് ബോഡിഫോമിന്‍റെ പരസ്യം. 'സാധാരണ പരസ്യങ്ങളില്‍ കാണിക്കുന്നത് പോലെ ആര്‍ത്തവ ദിനങ്ങളില്‍ നീല നിറത്തിലുള്ള ദ്രാവകമല്ല, രക്തം തന്നെയാണ് സ്ത്രീകളില്‍ നിന്ന് ഒഴുകുന്നത്. ആര്‍ത്തവം സാധാരണമാണ്. അത് ചിത്രീകരിക്കുന്നതും അങ്ങനെയാകണം,' എന്ന അടിക്കുറിപ്പോടെയാണ് ബോഡിഫോം പരസ്യം പോസ്റ്റ് ചെയ്തത്.
Contrary to popular belief, women don’t bleed blue liquid, they bleed blood. Periods are normal. Showing them should be too. #bloodnormal pic.twitter.com/zc9eoFvocQ
— Bodyform (@bodyform) October 17, 2017
പൊതുസമൂഹത്തിന് മുന്നില്‍ ചുവന്ന കറകളുള്ള സാനിറ്ററി പാഡുകള്‍ കാണിക്കുന്നത് ലജ്ജാകരമാണെന്ന ബോധത്തെ മാറ്റിമറിക്കുന്നതിന് പരസ്യം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ബോഡിഫോമിന്‍റെ മാതൃക പിന്തുടര്‍ന്ന് ഇന്ത്യയിലെ കമ്പനികളും ഇത്തരത്തിലൊരു മാറ്റത്തിന് തയ്യാറാകുമോ എന്ന് കണ്ടറിയാം.