ഉക്രൈയിനിൽ റഷ്യൻ അധിനിവേശത്തിന് വർദ്ധിച്ചുവരികയാണ്. ഇത് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായിട്ടുണ്ട്. ഈ പ്രശ്‌നം രൂക്ഷമാകുകയാണെങ്കിൽ ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാഹചര്യം പോലും ഉടലെടുക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ഉക്രൈയിനിനെ നാറ്റോ സഖ്യത്തിൽ ചേരാൻ അനുവദിക്കരുതെന്ന് റഷ്യൻ പ്രസിഡന്റ് പുടിന്റെ ആവശ്യപെട്ടിരുന്നു. പ്രതിരോധ സഖ്യം കിഴക്കൻ യൂറോപ്പിലെ സൈനിക പ്രവർത്തനം ഉപേക്ഷിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിരുന്നു. ഉക്രൈൻ നാറ്റോയിൽ ചേരുന്നത് റഷ്യയുടെ സമീപ പ്രദേശത്ത് അമേരിക്ക ആധിപത്യം സ്ഥാപിക്കാൻ സഹായിക്കുമെന്ന് റഷ്യ കരുതുന്നുണ്ട്. ഇതാണ് പ്രശ്‍നങ്ങൾ ആരംഭിക്കാൻ കാരണം.
ALSO READ: Russia-US | ഉക്രെയ്നെ ആക്രമിച്ചാൽ തിരിച്ചടിക്കും; പുടിന് മുന്നറിയിപ്പുമായി ബൈഡൻ
ഉക്രൈൻ അതിർത്തിയിൽ റഷ്യ വൻ തോതിൽ സൈന്യത്തെ വിന്യസിപ്പിച്ചതും ഉക്രെയ്‌നിൻ മേൽ സമ്മർദ്ദം ചെലുത്താൻ ബെലാറസിൽ സൈന്യത്തെ വിന്യസിപ്പിച്ചതും സ്ഥിതി രൂക്ഷമാക്കി മാറ്റിയിട്ടുണ്ട്. ഇത് ഒരു വൻ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിലേക്ക് നയിക്കാനിടയായ സംഭവങ്ങൾ ഇവയാണ്
സംഭവങ്ങളുടെ നാൾവഴി
നവംബർ 10 ന് ഉക്രൈൻ അതിർത്തിക്ക് സമീപം അസാധാരണമായ സൈനിക നീക്കങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് യുഎസ് റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് ആക്രമണത്തിന് ശ്രമിക്കരുതെന്ന് മോസ്കോയ്ക്ക് നാറ്റോ മുന്നറിയിപ്പ് നൽകിയതോടെയാണ് സംഭവങ്ങൾ ആരംഭിച്ചത്.
റഷ്യ ഉക്രൈനെ ആക്രമിച്ചാൽ ശക്തമായ രീതിയിൽ സാമ്പത്തിക മേഖലയിലും അല്ലാതെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡിസംബർ 7 ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മുന്നറിയിപ്പ് നൽകി. ജനുവരി 17 ന്, റഷ്യൻ സൈന്യം മുൻ സോവിയറ്റ് യൂണിയൻ അംഗമായിരുന്ന ബെലാറസിൽ സൈനിക അഭ്യാസം ആരംഭിച്ചു. ഇത് ആക്രമണത്തെ തടയാനാണെന്ന് മോസ്കോ അറിയിച്ചിരുന്നു.
ALSO READ: Russia Ukraine issue|കാര്യങ്ങൾ കൈ വിട്ടോ? ഉക്രയിൻ വിടാൻ അമേരിക്കൻ പൗരന്‍മാരോട് ബൈഡൻറെ മുന്നറിയിപ്പ്
ഏത് റഷ്യൻ സൈനിക നീക്കത്തിനും കഠിനമായ പത്യാഘാതം നേരിടേണ്ടിവരുമെന്ന് ജോ ബൈഡൻ ജനുവരി 20 ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 21 ന് മുൻ സോവിയറ്റ് നാറ്റോ അംഗങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങൾ ഉക്രൈനിന് ആന്റി ടാങ്ക്, ആന്റി എയർ ക്രാഫ്റ്റ് മിസൈലുകളും നൽകി പ്രതിരോധത്തിന് സഹായിക്കാമെന്ന് അറിയിച്ചു.
മോസ്കോ ഉക്രൈൻ അധിനിവേശത്തിനായി റഷ്യൻ അനുകൂല നേതാവിനെ കൈവിൽ അധികാരത്തിൽ എത്തിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ബ്രിട്ടൺ ജനുവരി 22 ന് ആരോപിച്ചു. എന്നാൽ ഇത് തെറ്റായ വിവരമാണെന്ന് റഷ്യ അറിയിച്ചിരുന്നു. ഫെബ്രുവരി ആദ്യ വാരത്തോടെ ഉക്രേനിയൻ അതിർത്തിക്കടുത്തുള്ള ബെലാറസിൽ 30,000 റഷ്യൻ സൈനികരെ വിന്യസിക്കുമെന്ന് റിപ്പോർട്ടുകൾ ഉള്ളതായി അമേരിക്ക പറഞ്ഞിരുന്നു. എന്നാൽ അമേരിക്ക പരിഭ്രാന്തി പരത്താൻ ശ്രമിക്കുകയാണെന്ന് റഷ്യ ജനുവരി 31 ന് ആരോപിച്ചു.
ഫെബ്രുവരി 2 ന്, കിഴക്കൻ യൂറോപ്പിൽ നാറ്റോ സേനയെ ശക്തിപ്പെടുത്താൻ യുഎസ് 3,000 സൈനികരെ പ്രദേശത്ത് വിന്യസിപ്പിച്ചു. തുടർന്ന് ഫെബ്രുവരി 11 ന് ഏത് സമയത്തും റഷ്യ ഉക്രൈനിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ പൗരന്മാർ 48 മണിക്കൂറുകൾക്കുള്ളിൽ ഉക്രൈൻ വിടണമെന്നും ആവശ്യപ്പെട്ടു.
ഫെബ്രുവരി 12 ന്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാശ്ചാത്യ സഖ്യകക്ഷികളോട് റഷ്യ ഫെബ്രുവരി 16 ന് ഉക്രെയ്‌നെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഉക്രെയ്നിനെതിരെ ആക്രമണം നടത്തിയാൽ റഷ്യക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പും നൽകി.