കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് (US) താലിബാൻ. വിമാനത്താവളത്തിലെ രക്ഷാപ്രവർത്തങ്ങളിൽ യുഎസ് പരാജയപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് താലിബാൻ (Taliban) വ്യക്തമാക്കുന്നത്.
രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിലാണ്. കാബൂൾ വിമാനത്താവളത്തിൽ മാത്രമാണ് പ്രശ്നങ്ങൾ ഉള്ളതെന്ന് താലിബാൻ അംഗം എഎഫ്പിയോട് പറഞ്ഞു. ഇന്ന് ഏഴ് പേരാണ് കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായി റിപ്പോർട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിച്ചതായാണ് റിപ്പോർട്ട്.
ALSO READ: Afghanistan : അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ മടങ്ങിയെത്തി; രക്ഷാദൗത്യം തുടരും
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ അതിരൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ രംഗത്തെത്തി. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തിൽ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ടോണി ബ്ലെയർ പറഞ്ഞു. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ച് പോകുകയാണ് അമേരിക്ക ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു.
അഫ്ഗാനിസ്ഥാൻ സർക്കാർ തകർന്നതിന് ശേഷമുള്ള പ്രതിസന്ധിയെ കുറിച്ചുള്ള ലേഖനം അദ്ദേഹത്തിന്റെ കീഴിലുള്ള ഫൗണ്ടേഷന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. അഫ്ഗാൻ വിഷയത്തിൽ ആദ്യമായാണ് ടോണി ബ്ലെയർ പ്രതികരിക്കുന്നത്. 2001ൽ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി ബ്ലെയർ ആയിരുന്നു പ്രധാനമന്ത്രി.
ALSO READ: Anti-Taliban Force: താലിബാൻ തീവ്രവാദികളിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് താലിബാൻ വിരുദ്ധ സേന
തന്ത്രപരമായി വിജയിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ദുരന്തത്തിലേക്ക് അഫ്ഗാൻ ജനതയെ തള്ളി വിടുകയാണ് അമേരിക്ക ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തെ മുഴുവൻ ഭീകരസംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ മുതലെടുപ്പ് നടത്തും. പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഭീകരവാദത്തെ നേരിടുന്നതിന് തന്ത്രപരമായി പുനരാലോചന ചെയ്യണമെന്നും അദ്ദേഹം ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...