ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു. പത്തു പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട്. ഇവർ ചികിത്സയിലാണ്. പ്രത്യാക്രമണത്തിൽ പൊലീസ് 2 തോക്കുധാരികളെ കൊലപ്പെടുത്തി. പ്രദേശത്ത് നിലവിൽ ആശങ്കയില്ലെന്നും മലയാളികൾ അടക്കം സുരക്ഷിതരാണെന്നുമാണ് വിവരം. അതേസമയം താൽക്കാലികമായി അടച്ച ഇസ്രയേൽ വ്യോമപാത തുറന്നു. വെടിനിർത്തൽ അനിവാര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.
ഇസ്രയേലിനുനേരെ ഇറാൻ വൻ മിസൈൽ ആക്രമണം നടത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് ജാഫയിൽ വെടിവയ്പുണ്ടായത്. ജറുസലേം ബൊളിവാർഡിലെ ലൈറ്റ്-റെയിൽ സ്റ്റോപ്പിന് സമീപമുള്ള ട്രെയിനിൽ നിന്ന് കറുത്ത വസ്ത്രവും കത്തിയും ധരിച്ച രണ്ട് പേർ കടന്നുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർക്ക് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇസ്രയേല-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇസ്രയേലിൽ ഭീകരാക്രമണവും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇസ്രയേലിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് വിട്ടത്. 180ലധികം മിസൈലുകളാണ് ഇസ്രയേലിന് മേൽ ഇറാൻ വർഷിച്ചതെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ള മേധാവി നസ്രള്ളയേയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയും വധിച്ചതിന് പ്രതികാരമായിട്ടാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രായേലിനെതിരെ ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം തുടങ്ങിയത്.
ഇറാൻ ചെയ്തത് തെറ്റാണെന്നും ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം പരാജയപ്പെട്ടുവെന്നും ശക്തമായ രീതിയിൽ ഇസ്രയേൽ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അവർ അവരുടെ പ്രവർത്തനങ്ങൾക്ക് അനന്തരഫലം നേരിടേണ്ടി വരിക തന്നെ ചെയ്യും. ഞങ്ങളെ ആര് ആക്രമിച്ചാലും അവരെ ഞങ്ങൾ തിരിച്ച് ആക്രമിച്ചിരിക്കും എന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
എന്നാൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ഇസ്രയേലിന് എതിരെയുള്ള ശക്തമായ പ്രതികരണമാണിതെന്നും തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാൻ്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിതെന്നും ഇറാൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy