ബഹിരാകാശത്തേക്ക് സൗദിയുടെ കുതിപ്പ്! ആദ്യ വനിതയെ ഉടന്‍ അയക്കും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ടുപേര്‍

Saudi Arabia's Space Mission: 2023 ന്റെ രണ്ടാം പാദത്തോടെ ആയിരിക്കും ഒരു വനിത യാത്രിക ഉൾപ്പെടെ രണ്ട് പേരെ സൗദി അറേബ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുക.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 12:15 PM IST
  • ആദ്യമായിട്ടാണ് സൗദി അറേബ്യ ഒരു വനിതയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്
  • ഒരേ സമയം രണ്ട് ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര നിലയത്തിലെത്തിക്കുന്ന അപൂർവ്വം രാജ്യങ്ങളിൽ ഒന്നാകും സൗദി അറേബ്യ
  • അമേരിക്കയിലെ ബഹിരാകാശ സംഘത്തോടൊപ്പമായിരിക്കും യാത്ര
ബഹിരാകാശത്തേക്ക് സൗദിയുടെ കുതിപ്പ്! ആദ്യ വനിതയെ ഉടന്‍ അയക്കും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ടുപേര്‍

റിയാദ്: മതപരമായ ചട്ടക്കൂടുകളുടെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാലിപ്പോള്‍, ആ വിമര്‍ശനങ്ങള്‍ക്കെല്ലാം അവര്‍ മറുപടി കൊടുത്തുകൊണ്ടിരിക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലായാലും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കാര്യത്തിലായാലും സൗദി അറേബ്യയുടെ മാറ്റങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്.

സൗദിയില്‍ നിന്നുള്ള ആദ്യത്തെ വനിത ബഹിരാകാശ യാത്രികയെ കുറിച്ചാണത്. സൗദിയില്‍ നിന്നുള്ള ആദ്യത്തെ വനിതാ ബഹിരാകാശ യാത്രിക അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) യാത്ര തിരിക്കുന്നു എന്നതാണ്. 2023 ന്റെ രണ്ടാം പാദത്തിലായിരിക്കും യാത്ര എന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കും

സൗദിയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക ആകാന്‍ പോവുകയാണ് റയാന ബര്‍വാനി. ഇവര്‍ക്കൊപ്പം പുരുഷ ബഹിരാകാശ യാത്രികനായ അലി അല്‍ ഖാര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കും. അമേരിക്കയില്‍ നിന്ന് പറക്കുന്ന എഎക്‌സ്-2 ബഹിരാകാശ ദൗത്യത്തില്‍ ഇവര്‍ രണ്ട് പേരും പങ്കാളികളാകും. 

ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ സൗദി ഭരണകൂടത്തിന് മുന്നില്‍ വലിയ ലക്ഷ്യങ്ങളാണുള്ളത്. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതികളെ ശക്തിപ്പെടുത്തുക, ആരോഗ്യം, സുസ്ഥിര വികസനം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ശാസ്ത്രീയ ഗവേഷണം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. ബഹിരാകാശ പദ്ധതികളേയും ജ്യോതിശാസ്ത്ര ഗവേഷണങ്ങളേയും പിന്തുണയ്ക്കാന്‍ രാജ്യത്തിന്റെ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി സ്‌പേഷ് കമ്മീഷന്‍ ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ അമീര്‍ അല്‍ സ്വാഹ വ്യക്തമാക്കി.

രണ്ട് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിക്കുമ്പോള്‍ മറ്റൊരു റെക്കോര്‍ഡും സൗദിയെ തേടി എത്തുന്നുണ്ട്. ഒരേസമയം രണ്ട് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്കയച്ചിട്ടുള്ള അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറും. പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായും അന്താരാഷ്ട്ര ഏജന്‍സിയായ ആക്‌സിയോം സ്‌പേസുമായും സഹകരിച്ചാണ് സൗദി സ്‌പേഷ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍.

Read Also:  സൗദിയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി

സൗദി അറേബ്യയുടെ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതി ( സൗദി ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം) നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. സൗദി സ്‌പേസ് കമ്മീഷന്റെ നേതൃത്വത്തിലാണ് ഇത്. ഭാവിയില്‍ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള സ്‌പേസ് ഫ്‌ലൈറ്റ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോഴേക്കും സ്വദേശികളില്‍ നിന്ന് തന്നെ ഇതിന് യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി അതിന്റെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം. 

വിഷന്‍ 2030 ന്റെ ഭാഗമാണ് ഈ ബഹിരാകാശ പദ്ധതികളും. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2016 ഏപ്രില്‍ 25 ന് ആണ് വിഷന്‍ 2030 പ്രഖ്യാപിച്ചത്. പെട്രോളിയം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയില്‍ നിന്ന് രാജ്യത്തെ പുനര്‍നിര്‍ണയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത്തരമൊരു ബൃഹദ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി അവരോധിക്കപ്പെട്ടതിന് ശേഷമാണ് സൗദിയില്‍ പല നിര്‍ണായക മാറ്റങ്ങളും സംഭവിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.  എംബിഎസ് എന്ന് വിളിക്കപ്പെടുന്ന സൽമാൻ രാജകുമാരൻ ഇപ്പോൾ സൗദി അറേബ്യയുടെ പ്രധാനമന്ത്രി കൂടിയാണ്. 2017 ൽ ആയിരുന്നു അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News