Moscow: പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ (Alexei Navalny) മോചനമാവശ്യപ്പെട്ട് റഷ്യയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു.
പ്രതിഷേധ റാലിയില്‍ പങ്കെടുത്ത 4,500 പേരെ ഇതിനോടകം റഷ്യന്‍ (Russia) പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെതിരെ (Vladimir Putin) മുദ്രാവാക്യം മുഴക്കിയാണ് ജനം തെരുവിലിറങ്ങിയത്. മോസ്കോ, ഫാര്‍ ഇൗസ്റ്റ്, വ്ലാദിവോസ്ടക് എന്നീ നഗരങ്ങളിലും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നു. സൈബീരിയയില്‍ നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്.
പോലീസ് കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും, റഷ്യയിലെ പല നഗരങ്ങളിലും നടന്ന പ്രകടനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധക്കാരില്‍ ഏറെയും ഹൈസ്കൂള്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.
അറസ്റ്റ് ഭയന്ന് പിന്മാറില്ല എന്നും ചൊവ്വാഴ്ച മുതല്‍ ദേശവ്യാപകമായി പ്രതിഷേധ റാലി നടത്തുമെന്നും നവാല്‍നിയുടെ അനുയായികള്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയും ഇതേപോലെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു. പുടിന് സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ജനം പ്രതിഷേധത്തിനായി തെരുവില്‍ ഇറങ്ങിയത്. പ്രതിഷേധം നടന്ന മോസ്കോയിലെ തെരുവുകളില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. നിരവധി സ്ഥലങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും ചില മെട്രോ സ്റ്റേഷനുകളും മോസ്കോ പോലീസ് അടച്ചു. കഫേകളും ബാറുകളും റെസ്റ്റോറന്റുകളും അടച്ചു, രാവിലെ 9 മുതല്‍ രാത്രി 11 വരെ മദ്യവില്‍പ്പന നിരോധിക്കുകയും ചെയ്തു.
അലക്സി നവാല്‍നി (Alexei Navalny) കഴിയുന്ന ജയിലിന് വെളിയിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. കഴിഞ്ഞ ജനുവരി 17നാണ് ജര്‍മനിയില്‍നിന്ന് മോസ്കോയിലെത്തിയ നവാല്‍നിയെ റഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.