PM Modi: ഭീകരതയോട് സന്ധിയില്ല; യുഎസ് കോൺ​ഗ്രസിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ ആഞ്ഞടിച്ച് മോദി

PM Modi in US Congress: പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 11:49 AM IST
  • ഭീകരവാദം ഇപ്പോഴും ലോകത്തിന് മുഴുവൻ ഭീഷണിയായി തുടരുകയാണ്.
  • തീവ്രവാദത്തിൻ്റെ ഉദ്ദേശ്യം എല്ലായിടത്തും ഒന്ന് തന്നെയാണ്.
  • ഭീകരതയെ കൈകാര്യം ചെയ്യുന്നതിൽ ഒരിക്കലും തെറ്റ് വരുത്താൻ പാടില്ല.
PM Modi: ഭീകരതയോട് സന്ധിയില്ല; യുഎസ് കോൺ​ഗ്രസിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ ആഞ്ഞടിച്ച് മോദി

വാഷിംഗ്ടൺ: യുഎസ് കോൺ​ഗ്രസിൽ പാകിസ്താനും ചൈനയ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ സ്പോൺസർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം (9/11), മുംബൈ ഭീകരാക്രമണം (26/11) എന്നിവ കഴിഞ്ഞ് ഒരു ദശാബ്ദത്തിലേറെയായിട്ടും ഭീകരവാദം ഇപ്പോഴും ലോകത്തിന് മുഴുവൻ ഭീഷണിയായി തുടരുകയാണെന്ന് മോദി പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർ‍ശം. 

തീവ്രവാദത്തിൻ്റെ ഉദ്ദേശ്യം എല്ലായിടത്തും ഒന്ന് തന്നെയാണെന്ന് മോദി അഭിപ്രായപ്പെട്ടു. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്, അതിനെ കൈകാര്യം ചെയ്യുന്നതിൽ ഒരിക്കലും തെറ്റ് വരുത്താൻ പാടില്ല. ഭീകരതയെ സ്പോൺസർ ചെയ്യുന്ന എല്ലാ ശക്തികളെയും നമ്മൾ മറികടക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ ചൈന നടത്തുന്ന പ്രകോപനങ്ങളെയും അദ്ദേഹം വിമർശിച്ചു. യുഎൻ തത്വങ്ങളോടും പരമാധികാരത്തോടും അഖണ്ഡതയോടും ഉള്ള ബഹുമാനം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക എന്നിവയ്ക്ക് ചിലർ തയ്യാറാകുന്നില്ലെന്ന് ചൈനയുടെ പേര് എടുത്ത് പറയാതെ മോദി ചൂണ്ടിക്കാട്ടി. 

ALSO READ: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയിലും ആത്മാവിലും രക്തത്തിലും അലിഞ്ഞു ചേർന്നിരിക്കുന്നു: യുഎസിൽ പ്രധാനമന്ത്രി

സമാധാനവും സമൃദ്ധിയുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ പവിത്രമായി കാണുന്ന ഒന്നാണ് ജനാധിപത്യം. ചിന്തകൾക്കും ആവിഷ്‌കാരത്തിനും ചിറകുകൾ നൽകുന്ന സംസ്‌കാരമാണ് ജനാധിപത്യം. പണ്ടു മുതൽ തന്നെ അത്തരം മൂല്യങ്ങളാൽ ഇന്ത്യ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ആയിരം വർഷത്തെ വിദേശ ഭരണത്തിന് ശേഷം ലഭിച്ച 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെ യാത്ര ഞങ്ങൾ ആഘോഷിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ മാത്രമല്ല, വൈവിധ്യത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിരവധി മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രതിരോധ സഹകരണത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ  ഇപ്പോൾ, യുഎസ് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളികളിലൊന്നായി മാറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മോദിയുടെ  വാക്കുകൾക്ക് നിയമസഭാംഗങ്ങളുടെ വലിയ കൈയ്യടി ലഭിച്ചു.

ഇന്ത്യയിലെ യുവാക്കൾ സാങ്കേതിക രം​ഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യയിലേയ്ക്ക് വന്നാൽ വഴിയോര കച്ചവടക്കാർ പോലും പണമിടപാട് നടത്താൻ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് കാണാൻ കഴിയും. ഇന്ത്യൻ ജനാധിപത്യവും രാജ്യത്തിൻ്റെ വികസനവും വൈവിധ്യവുമെല്ലാം മനസ്സിലാക്കാൻ ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ത്യയുടെ നിലപാടുകൾ എന്താണെന്ന് അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

പ്രധാനമന്ത്രിയെന്ന നിലയിൽ താൻ ആദ്യമായി യുഎസ് സന്ദർശിച്ചപ്പോൾ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. ഇന്ത്യ വെറുതെ വളരുകയല്ല, അതിവേഗം വളരുകയാണെന്നും ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വളരുകയാണെന്നും പറഞ്ഞ മോദി എല്ലാത്തിനുമുപരിയായ ലോക ജനസംഖ്യയുടെ ആറിലൊന്നും ഇന്ത്യയിലാണെന്നും വ്യക്തമാക്കി. 

140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്പ്പോഴും മഹത്തായ ബഹുമതിയാണെന്നും രണ്ട് തവണ അങ്ങനെ ചെയ്യാൻ സാധിച്ചത് വലിയ കാര്യമാണെന്നും മോദി പറഞ്ഞു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. 2016-ലാണ് അദ്ദേഹം ആദ്യമായി യുഎസ് കോൺ​ഗ്രസിനെ അഭിസംബോധന ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News