ന്യൂഡൽഹി: കോംഗോയുടെ കിഴക്കൻ നഗരമായ ബെനിയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ജൂലൈ അവസാനം ബെനി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാൽപ്പത്തിയാറുകാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കോംഗോ ആരോഗ്യ മന്ത്രാലയത്തെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പിടിഐ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് പതിനഞ്ചിന് ഈ സ്ത്രീ മരണപ്പെട്ടു. തുടർന്ന് ഗോമയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ റിസർച്ചിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് എബോള വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തി. ഈ കേസ് എബോള സയർ സ്‌ട്രെയിന് ആണെന്ന് കണ്ടെത്തി. 2018 മുതൽ 2020 വരെ ഇറ്റുരി, നോർത്ത് കിവു പ്രവിശ്യകളിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട എബോളയുടെ പത്താമത്തെ വ്യാപനം ഉണ്ടാക്കിയ വകഭേദവുമായി ഇത് ജനിതകപരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ബെനിയിലെ സ്ത്രീയുടെ മൃതദേഹം സുരക്ഷിതമായി മറവുചെയ്തു. കൂടാതെ രോഗി താമസിച്ചിരുന്ന ആശുപത്രി അണുവിമുക്തമാക്കുകയും ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗിയുമായി 130-ൽ അധികം ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 71 പേരെ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജാഗ്രത പാലിക്കണമെന്നും ശുചിത്വം പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എന്താണ് എബോള വൈറസ്?
മുമ്പ് എബോള ഹെമറേജിക് ഫീവർ എന്നറിയപ്പെട്ടിരുന്ന എബോള വൈറസ് രോഗം (ഇവിഡി) മനുഷ്യരെയും മറ്റ് ജീവികളെയും ബാധിക്കുന്ന മാരക രോഗമാണ്. പഴംതീനി വവ്വാലുകൾ, മുള്ളൻപന്നികൾ തുടങ്ങിയ വന്യമൃഗങ്ങളിൽ നിന്ന് ആളുകളിലേക്ക് വൈറസ് പകരുന്നു. തുടർന്ന് രോഗബാധിതരുടെ രക്തം, സ്രവങ്ങൾ എന്നിവയുമായോ മറ്റ് നേരിട്ടുള്ള സമ്പർക്കം വഴിയോ മനുഷ്യരിൽ പടരുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ശരാശരി എബോള വൈറസ് കേസുകളുടെ മരണനിരക്ക് ഏകദേശം അമ്പത് ശതമാനമാണ്.
1976-ൽ മധ്യ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾക്ക് സമീപമുള്ള ഗ്രാമങ്ങളിലാണ് ആദ്യത്തെ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2014-2016 കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടതാണ് എബോള വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലുതും സങ്കീർണ്ണവുമായ വ്യാപനം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ എബോള വ്യാപനത്തിൽ കൂടുതൽ കേസുകളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. പഴംതീനി വവ്വാലുകൾ എബോള വൈറസ് വാഹകരാണെന്നാണ് കരുതപ്പെടുന്നത്.
എബോള വൈറസ് രോഗത്തിന്റെ ലക്ഷണങ്ങൾ?
പനി, ക്ഷീണം, പേശീ വേദന, ശരീര വേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് എബോള വൈറസ് രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതിനെത്തുടർന്ന് ഛർദ്ദി, വയറിളക്കം, ചുണങ്ങ്, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലായതിന്റെ ലക്ഷണങ്ങൾ, ചില സന്ദർഭങ്ങളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം (മോണയിൽ നിന്ന് രക്തം വരിക, മലത്തിൽ രക്തം കാണപ്പെടുക) എന്നിവയും കാണപ്പെടാറുണ്ട്. ഇൻകുബേഷൻ കാലയളവ് (വൈറസ് ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നത് വരെയുള്ള സമയം) രണ്ട് മുതൽ 21 ദിവസം വരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...