കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റായാല്‍ അത് വലിയ 'അപമാനം'..!!

  അമേരിക്കയില്‍ തിരഞ്ഞെടുപ്പ്  രംഗം  ചൂടുപിടിച്ചു വരികയാണ്...  പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍  തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്.

Last Updated : Sep 9, 2020, 11:21 PM IST
  • സെനറ്റര്‍ കമല ഹാരിസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി മാറിയാല്‍ അത് അപമാനമായിരിക്കുമെന്ന് ട്രംപ്
  • കമല ഹാരിസ് രാജ്യത്തെ പ്രമുഖ പാര്‍ട്ടി ടിക്കറ്റിലെ ആദ്യത്തെ കറുത്ത ഇന്ത്യന്‍-അമേരിക്കന്‍, വനിതയാണ്
കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റായാല്‍ അത് വലിയ  'അപമാനം'..!!

വാഷിംഗ്ടണ്‍:  അമേരിക്കയില്‍ തിരഞ്ഞെടുപ്പ്  രംഗം  ചൂടുപിടിച്ചു വരികയാണ്...  പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍  തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്.

സ്ഥാനാര്‍ഥികള്‍ അന്യോന്യം നടത്തുന്ന പരാമര്‍ശങ്ങള്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

നോര്‍ത്ത് കരോലിന റാലിയില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ്  നോമിനിയെ ആവര്‍ത്തിച്ച്‌ പരിഹസിക്കുകയായിരുന്നു   പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്. സെനറ്റര്‍ കമല ഹാരിസ്  പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്ന  ആദ്യ വനിതയായി മാറിയാല്‍ അത് അപമാനമായിരിക്കുമെന്നാണ്  ട്രംപ്  അഭിപ്രായപ്പെട്ടത്‌ 

'ആരും അവളെ ഇഷ്ടപ്പെടുന്നില്ല, അവള്‍ക്ക് ഒരിക്കലും ആദ്യത്തെ വനിതാ പ്രസിഡന്‍റാകാന്‍ കഴിയില്ല. അവള്‍ വിജയിച്ചാല്‍  അത് നമ്മുടെ രാജ്യത്തിന് അപമാനമായിരിക്കും",   നോര്‍ത്ത് കരോലിന റാലിയില്‍  ട്രംപ് പറഞ്ഞു.  

'ഭ്രാന്തനായ ബെര്‍ണിയെക്കാള്‍ ആരാണ് ശേഷിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?' വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സിനെ പരാമര്‍ശിച്ച്‌ ട്രംപ് ചോദിച്ചു. തുടര്‍ന്ന് ഇതിനുള്ള മറുപടിയായി അദ്ദേഹം സ്വയം പറഞ്ഞത് 'കമല,' എന്നാണ്. നാടകീയമായി നീട്ടുകയും തുടര്‍ച്ചയായി മൂന്ന് തവണ അവളുടെ പേര് തെറ്റായി അഥവാ അനാവശ്യമായി ഉച്ചരിക്കുകയും ചെയ്തു. ട്രംപിന്‍റെ ഈ പരാമര്‍ശം  വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.   

കാലിഫോര്‍ണിയയിലെ ജൂനിയര്‍ സെനറ്ററും ആ സംസ്ഥാനത്തിന്‍റെ  മുന്‍ അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് രാജ്യത്തെ പ്രമുഖ  പാര്‍ട്ടി ടിക്കറ്റിലെ ആദ്യത്തെ കറുത്ത ഇന്ത്യന്‍-അമേരിക്കന്‍, വനിതയാണ്.

അതേസമയം, നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സര്‍വ്വസന്നാഹവും കൂട്ടുകയാണ് ഇരു പാര്‍ട്ടികളും.  എന്നാല്‍,  അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ജ്ജീവമായ ഒരു പ്രസിഡന്‍റ്   തിരഞ്ഞെടുപ്പാണ് ഇതെന്നാണ്  രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 
 
രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളും അണികള്‍ക്ക് ആവേശം പകരുന്നില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ  പ്രത്യേകത. പുതിയ പ്രസിഡന്‍റ്  ആരാണെന്നറിയുവാനുള്ള ആകാംക്ഷ, സാധാരണക്കാരിലും കാണുന്നില്ല.  

അമേരിക്കയില്‍ അടുത്തിടെ നടന്ന  വര്‍ഗ്ഗീയ കലാപങ്ങളും   കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിയും  ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. എന്നാല്‍, ഇതൊന്നും അവസരമാക്കാനുള്ള യാതൊരു ശ്രമവും ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നും കാണുന്നില്ല എന്നതാണ്  വസ്തുത. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ തന്നെ ട്രംപിനോട് എതിര്‍പ്പുള്ളവരുള്ളപ്പോള്‍, അഭിപ്രായ സര്‍വ്വേകളില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും പ്രചാരണങ്ങളില്‍ അതിന്‍റെ  മുന്‍തൂക്കം കൊണ്ടുവരുവാന്‍ ബിഡന്  കഴിയുന്നില്ല. നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ്  ആയിരിക്കും78 കാരനായ  ബിഡന്‍.....

Trending News