Israel-Lebanon Conflict: യുദ്ധം കരയിലേക്ക്... ലബനനില്‍ ഇസ്രായേലിന്റെ കരയുദ്ധത്തിന് തുടക്കം; ലക്ഷ്യ സ്ഥാനങ്ങളില്‍ മാത്രമെന്ന് വിശദീകരണം

Israel -Lebanon Conflict: തിങ്കളാഴ്ച നടത്തിയ ആക്രമണത്തിൽ മാത്രം 95 ൽ അധികം ആളുകളാണ് ലബനനിൽ കൊല്ലപ്പെട്ടത്. ഇരുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Oct 1, 2024, 11:11 AM IST
  • കരയുദ്ധം തുടങ്ങിയത് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കും
  • ഇറാൻ ഏതെങ്കിലും തരത്തിൽ പ്രതികരിച്ചാൽ വലിയ പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്
  • പലസ്തീൻ അഭയാർത്ഥി ക്യാമ്പിന് നേർക്കും ഇസ്രായേൽ വ്യോമാക്രമണം
Israel-Lebanon Conflict: യുദ്ധം കരയിലേക്ക്... ലബനനില്‍ ഇസ്രായേലിന്റെ കരയുദ്ധത്തിന് തുടക്കം; ലക്ഷ്യ സ്ഥാനങ്ങളില്‍ മാത്രമെന്ന് വിശദീകരണം

ബെയ്‌റൂത്ത്: ഒടുക്കം ലോകം ഭയന്നത് തന്നെ സംഭവിച്ചു. ലബനനില്‍ ഇസ്രായേലിന്റെ കരയുദ്ധത്തിന് തുടക്കമായി. ഹിസ്ബുള്ള തലവന്‍ അടക്കമുള്ള പ്രമുഖരെ വധിച്ചതിന് പിറകെയാണ് ഇസ്രായേല്‍ ലബനനില്‍ കരയുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്. ഹിസ്ബുള്ള കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വച്ചിട്ടുള്ള കരയുദ്ധമാണ് തുടരുന്നത് എന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആഹ്വാനം ചെയ്തതിന് ശേഷം ആണ് ഇസ്രായേല്‍ ഈ മേഖലയില്‍ വ്യോമാക്രമണം ശക്തമാക്കിയത്. തിങ്കളാഴ്ച മാത്രം 95 ല്‍ അധികം ആളുകള്‍ ആണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നിയന്ത്രിതമായിട്ടുള്ള കരയുദ്ധമാണ് നടത്തുന്നത് എന്നാണ് ഇസ്രായേല്‍ വിശദീകരണം. എന്തായാലും ഇസ്രായേല്‍ സൈനികര്‍ ലബനന്റെ മണ്ണില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടുണ്ട്. അതേ സമയം വ്യോമാക്രമണത്തിന്റെ ശക്തി അല്‍പം പോലും കുറച്ചിട്ടുമില്ല. ഇതിനിടെ, ലബനനിലെ തെക്കന്‍ നഗരമായ സിദോണില്‍ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേര്‍ക്കും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഹിസ്ബുള്ളയ്ക്കും ലബനനും നേര്‍ക്ക് ഇസ്രായേല്‍ ആക്രമണം രൂക്ഷമാകുമ്പോഴും ഇറാന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രകോപനം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ഇസ്രായേലിനെതിരെ ഇറാന്‍ നേരിട്ട് സൈനികാക്രമണത്തിന് മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ലബനന്‍ അതിര്‍ത്തിയിലെ ഹിസ്ബുള്ള പ്രവര്‍ത്തനങ്ങളെ നിര്‍വ്വീര്യമാക്കണം എന്ന കാര്യത്തില്‍ അമേരിക്കയ്ക്കും തര്‍ക്കമൊന്നും ഇല്ല. എന്നാല്‍ അത് നയതന്ത്രപരമായി പരിഹരിക്കപ്പെടണം എന്ന ആവശ്യവും അമേരിക്ക മുന്നോട്ട് വയ്ക്കുന്നുണ്ട്.

നിലവിലെ പശ്ചിമേഷ്യന്‍ പ്രതിസന്ധിയ്ക്ക് രാഷ്ട്രീയപരമായ പരിഹാരം കാണണം എന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രായേല്‍ പ്രതിരോധ സെക്രട്ടറി യോവ് ഗോളന്റുമായി ചര്‍ച്ച നടത്തിയത്.

രണ്ടാഴ്ചയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 1000 ല്‍ അധികം ലബനന്‍ സ്വദേശികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്ത് ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടു എന്നാണ് കണക്കുകള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News