സോൾ: ജപ്പാൻ വരെ എത്താൻ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. കൊറിയൻ പെനിൻസുലയുടെ കിഴക്കൻ തീരത്തേക്ക് ഞായറാഴ്ച ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. റോക്കറ്റ് എഞ്ചിനുകളും ബഹിരാകാശ വിക്ഷേപണ വാഹനങ്ങളും ഉൾപ്പെടെയുള്ള മിസൈൽ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉത്തരകൊറിയയുടെ സോഹെ സാറ്റലൈറ്റ് ലോഞ്ചിംഗ് ഗ്രൗണ്ടിൽ വ്യാഴാഴ്ച ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടത്തിയതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
അന്താരാഷ്‌ട്ര വിലക്കുകളും ഉപരോധങ്ങളും അവഗണിച്ച്, യു.എസ്. മെയിൻലാൻഡിലെത്താൻ ശേഷിയുള്ള ഐ.സി.ബി.എം ഉൾപ്പെടെ അഭൂതപൂർവമായ മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ ഈ വർഷം നടത്തിയത്. വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്തുനിന്ന് 500 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിൽ മിസൈൽ കടലിൽ പതിച്ചതായാണ് വിവരം. ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ ജപ്പാൻ പുതിയ ദേശീയ സുരക്ഷാ തന്ത്രം വെള്ളിയാഴ്ച ആവിഷ്കരിച്ചിരുന്നു. ഇതിന് മറുപടിയായാണ് മിസൈൽ പരീക്ഷണമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
യുഎസിൽ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയ പുതിയ മിസൈലിന്റെ പരീക്ഷണം നടത്തിയിരിക്കുന്നത്. അതേസമയം ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ ദക്ഷിണകൊറിയയുടെ അടിയന്തര സൈനിക യോഗം അപലപിച്ചു.
യുഎസുമായും ജപ്പാനുമായും ചേർന്ന് ത്രിരാഷ്ട്ര സുരക്ഷാ സഹകരണം വർധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. എന്നാൽ യുഎസ്-ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങളെ നേരിടാനുള്ള സ്വയം പ്രതിരോധ നടപടിയായാണ് ഉത്തര കൊറിയ ആയുധപരീക്ഷണത്തെ ന്യായീകരിക്കുന്നത്. ജപ്പാന്റെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ഉത്തരകൊറിയക്കെതിരെ വിമർശനവുമായി ജപ്പാൻ ഉപ പ്രതിരോധമന്ത്രിയും രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...