രാജ്യത്ത് ഓൺലൈൻ ഷോപ്പിംഗുകൾ ഇനി അടിമുടി മാറും; വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി സർക്കാര്‍

ഏകദേശം 8-9 വര്‍ഷത്തോളമെടുത്താണ് ഇപ്പോഴത്തെ ഓണ്‍ലൈന്‍ മേഖല കെട്ടിപ്പെടുക്കാന്‍ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും സാധിച്ചത്.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Mar 29, 2022, 07:27 PM IST
  • പ്രതിവര്‍ഷ ഓണ്‍ലൈല്‍ വില്‍പന ഏകദേശം 700 ദശലക്ഷം ഡോളര്‍
  • ആദ്യ ഇകൊമേഴ്‌സ് വ്യാപനത്തിനു നേതൃത്വം വഹിച്ചത് ഫ്‌ളിപ്കാര്‍ട്ടും ആമസോണും
  • ഒഎന്‍ഡിസിയുടെ കരുത്തില്‍ അടുത്തഘട്ട ഓണ്‍ലൈന്‍ വില്‍പന
രാജ്യത്ത് ഓൺലൈൻ ഷോപ്പിംഗുകൾ ഇനി അടിമുടി മാറും; വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി സർക്കാര്‍

സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്ത് ഏത് മേഖലയും  ഓൺലൈനിലേക്ക് മാറുകയാണ്. സമയവും പണവും ലാഭിച്ച് എവിടെയിരുന്നും ആവശ്യാനുസരണം എന്തും വാങ്ങാൻ സാധിക്കും എന്നതാണ് ഓൺലൈൻ ഷോപ്പിംഗുകൾക്ക് പ്രിയമേറാൻ കാരണം. രാജ്യത്തെ ഓൺലൈൻ മേഖല അടക്കി വാഴുന്ന ഇ- കൊമേഴ്സ് ഭീമന്മാരാണ് ആമസോണും ഫ്ലിപ്പ്കാർട്ടും. എന്നാൽ ഓൺലൈൻ രംഗത്ത്   ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും കുത്തക തകര്‍ക്കാന്‍ സർക്കാർ തന്നെ മുന്‍കൈ എടുത്തേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. 

ഇതിനായി സർക്കാർ കൊണ്ടു വരുന്ന ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് അഥവാ ഒഎന്‍ഡിസി ആയിരിക്കും  പ്രയോജനപ്പെടുത്തുക.  പല രാജ്യങ്ങളിലും  ഓണ്‍ലൈന്‍ വ്യാപാര കുത്തകള്‍ ആധിപത്യം തുടങ്ങിയതോടെ  പരമ്പരാഗത ചെറുകിട കച്ചവടങ്ങൾ പൂട്ടിപോകേണ്ട അവസ്ഥ വന്നിരുന്നു. ഓൺലൈൻ ഭീമൻമാരുടെ കടന്നു കയറ്റം ശക്തമാകുമ്പോൾ ഇന്ത്യയില്‍ ഈ സാഹചര്യം  ഒഴിവാക്കാനായി രാജ്യത്തെമ്പാടുമുള്ള ചെറു വ്യാപാര സ്ഥാപനങ്ങളെ കൂടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെത്തിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക. മുകേഷ് അംബാനിയുടെ റിലയന്‍സ്, ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ വൻകിട കമ്പനികളും ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പന മേഖലയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നതായാണ് സൂചന.

 പ്രതിവര്‍ഷ ഓണ്‍ലൈല്‍ വില്‍പന നിലവില്‍ ഏകദേശം 700 ദശലക്ഷം ഡോളറാണ്. ഇത് 2025 ആകുമ്പോഴേക്കും  5.5 ബില്ല്യന്‍ ഡോളര്‍ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ആഭ്യന്തര വില്‍പനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനായി രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും എതിരെയുള്ള നീക്കങ്ങൾക്ക്  ചുക്കാൻ പിടിക്കുന്നത്. രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ കൂടി ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ  വില്‍പന ആരംഭിച്ചാൽ അത് വൻ വിപ്ലവം തന്നെയായി മാറിയേക്കും.

രാജ്യത്തെ അടുത്ത തലമുറയിലെ ഇകൊമേഴ്‌സിന് നേതൃത്വം നല്‍കാനായി  പുതിയ കമ്പനികള്‍ എത്തിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ആദ്യ ഇകൊമേഴ്‌സ് വ്യാപനത്തിനു നേതൃത്വം വഹിച്ചത്  ഫ്‌ളിപ്കാര്‍ട്ടും ആമസോണും പോലുള്ള ഭീമന്മാരാണ്.  രണ്ടാം ഘട്ടത്തില്‍ ന്യകാ , ലെന്‍സ്‌കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ ഉയര്‍ന്നുവന്നു. മൂന്നാം ഘട്ടത്തില്‍ ഡീല്‍ഷെയര്‍ പോലുള്ള കമ്പനികള്‍ രംഗത്തെത്തി. നിലവില്‍ ഏകദേശം 150 ദശലക്ഷം പേരാണ് ഓണ്‍ലൈന്‍ മേഖല പ്രയോജനപ്പെടുത്തുന്നത്. അടുത്ത ഘട്ടത്തില്‍ അത് 500 ദശലക്ഷമായി ഉയരുമെന്ന് രാജന്‍ പ്രവചിക്കുന്നു. 

 ഏകദേശം 8-9 വര്‍ഷത്തോളമെടുത്താണ് ഇപ്പോഴത്തെ ഓണ്‍ലൈന്‍ മേഖല കെട്ടിപ്പെടുക്കാന്‍ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും സാധിച്ചത്. ഒഎന്‍ഡിസിയുടെ കരുത്തില്‍ അടുത്തഘട്ട ഓണ്‍ലൈന്‍ വില്‍പനയുടെ വ്യാപനം അതിന്റെ പകുതി സമയം കൊണ്ട് സാധ്യാക്കാനായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. പ്രധാനമായും ചെറുകിട കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദി ഒരുക്കുകയായിരിക്കും ഒഎന്‍ഡിസി ലക്ഷ്യമിടുന്നത്. ഇത് ഈ മേഖലയെ കൂടുതല്‍ ജനാധിപത്യപരമാക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് ഇപ്പോള്‍ ഏകദേശം 12 ദശലക്ഷം ചെറുകിട  കടകളാണുള്ളത്. ഇവയില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഇപ്പോൾ ഓണ്‍ലൈന്‍ വഴി സ്‌റ്റോക്ക് വാങ്ങുകയോ, അവ വിറ്റഴിക്കുകയോ ചെയ്യുന്നത്. ഇത്തരം കച്ചവടക്കാരില്‍ വലിയൊരു പങ്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ധാരാളമായി ഉപയോഗിച്ചു തുടങ്ങുന്നതോടെ ഇകൊമേഴ്‌സ് മേഖലയില്‍ വന്‍ പൊളിച്ചെഴുത്തിനാകും കളമൊരുങ്ങുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News