ഇന്ത്യന്‍ ദീര്‍ഘദൂര നീന്തല്‍ താരം ആരതി സാഹ (Arati Saha)യ്ക്ക് ഗൂഗിളിന്‍റെ (Google) ആദരം.
താരത്തിന്‍റെ 80ാം ജന്മദിനത്തില്‍ ഡൂഡില്‍ (Doodle) തയാറാക്കിയാണ് ഗൂഗിള്‍ അവര്‍ക്ക് ആദരവുമായി എത്തിയത്.
നമ്മുടെ രാജ്യത്ത് നിരവധി കായികതാരങ്ങളുണ്ടെങ്കിലും ആരതിയെ രാജ്യമെന്നും ഓര്‍ത്തിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. കായിലോകത്തെ അസാമാന്യ പ്രതിഭകളിലൊരാളായിരുന്നു ആരതി സാഹ. ഇംഗ്ലീഷ് ചാനല്‍ നീന്തികടന്ന ആദ്യ ഏഷ്യന്‍ വനിതയാണ് ആരതി സാഹ.
1959 സെപ്റ്റംബര്‍ 29നാണ് അവര്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് റെക്കോര്‍ഡ് കുറിച്ചത്. 16 മണിക്കൂര്‍ കൊണ്ടാണ് 67.5 കിലോമീറ്റര്‍ നീന്തിയത്. തന്‍റെ രണ്ടാം പരിശ്രമത്തിലാണ് ആരതി വിജയിച്ചത്. ഇതോടെ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യ വനിതയെന്ന ബഹുമതിയും അവര്‍ സ്വന്തമാക്കി.
1940 സെപ്റ്റംബര്‍ 24ന് കൊല്‍ക്കത്തയിലായിരുന്നു ആരതി സാഹയുടെ ജനനം. നാലു വയസുള്ളപ്പോള്‍ തന്നെ നീന്തൽ പഠിച്ച ഇവർ അഞ്ച് വയസ്സുള്ളപ്പോള്‍ നീന്തലില്‍ ആദ്യ ഗോള്‍ഡ് മെഡല്‍ നേടി. തുടര്‍ന്ന് നീന്തല്‍ക്കുളത്തിലെ റാണിയായി മാറിയ ആരതി 1952 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ബംഗ്ലാദേശ് നീന്തല്‍ക്കാരന്‍ ബ്രോജെന്‍ ദാസിനെ കണ്ടുമുട്ടിയതാണ് ആരതിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായത്. ഇംഗ്ലീഷ് ചാനല്‍ മുറിച്ചു കടന്ന ആദ്യ ഏഷ്യക്കാരനാണ് ബ്രോജെന്‍ ദാസ്. ബൂട്ട്‌ലിന്‍ ഇന്‍റര്‍നാഷണല്‍ ക്രോസ് ചാനല്‍ സ്വിമ്മി൦ഗ് റേസ് ഓര്‍ഗനൈസേഴ്‌സ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ദാസാണ് ആരതിയോട് നിര്‍ദേശിച്ചത്.
എന്നാല്‍, ഇത് ആരതിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇംഗ്ലണ്ടിലേക്ക് പോകാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് ആരതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. ആറ് വര്‍ഷത്തെ നീണ്ട പരിശീലനത്തിന് ശേഷമാണ് ആരതി തന്‍റെ ലക്ഷ്യം കൈവരിക്കുന്നത്.
Also read: പ്രണയത്തിന്‍റെ രാജകുമാരിയ്ക്ക് ആദരം!!
ഈ വിജയ നേട്ടത്തോടെ ഇന്ത്യയില്‍ പത്മശ്രീ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കായിക താരവുമായി ആരതി സാഹ. 1960 ൽ രാജ്യം, ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. 1996-ൽ ആരതി സാഹയുടെ വസതിക്ക് സമീപം അവരുടെ പ്രതിമ സ്ഥാപിക്കുകയും, അതിന് മുന്നിലുള്ള 100 മീറ്റർ നീളമുള്ള പാതയ്ക്ക് അവരുടെ പേര് നൽകുകയും ചെയ്തു. 1999 ല്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ്, ആരതി സാഹയോടുള്ള ആദരസൂചകമായി അവരുടെ ചിത്രം പതിച്ച 3 രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
1994 ആഗസ്റ്റ് 23നായിരുന്നു മരണം.