IND vs NZ: വാങ്കഡെയില്‍ ഇന്ത്യയുടെ തീപ്പൊരി ബാറ്റിംഗ്; കീവീസിനെ പഞ്ഞിക്കിട്ടു, ലക്ഷ്യം 398 റൺസ്!

IND vs NZ Semi Final Live Score: ഏകദിന കരിയറിലെ 50-ാം സെഞ്ച്വറിയാണ് കോഹ്ലി സ്വന്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 05:57 PM IST
  • ടോസ് നേടിയപ്പോള്‍ തന്നെ ഇന്ത്യയുടെ നയം വ്യക്തമായിരുന്നു.
  • രോഹിത് ശര്‍മ്മ തന്നെ പതിവുപോലെ വെടിക്കെട്ടിന് തിരികൊളുത്തി.
  • ഒന്നാം വിക്കറ്റില്‍ രോഹിത്തും ഗില്ലും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
IND vs NZ: വാങ്കഡെയില്‍ ഇന്ത്യയുടെ തീപ്പൊരി ബാറ്റിംഗ്; കീവീസിനെ പഞ്ഞിക്കിട്ടു, ലക്ഷ്യം 398 റൺസ്!

മുംബൈ: ഏകദിന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ് നേടി. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. 

ടോസ് നേടിയപ്പോള്‍ തന്നെ ഇന്ത്യയുടെ നയം വ്യക്തമായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ തന്നെ പതിവുപോലെ വെടിക്കെട്ടിന് തിരികൊളുത്തി. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും 8.2 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ്മ 29 പന്തില്‍ 4 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 47 റണ്‍സ് നേടി. രോഹിത് പുറത്തായതിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഗില്‍ ഏറ്റെടുത്തു. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 77 റണ്‍സില്‍ നില്‍ക്കെ പരിക്കേറ്റ് ഗില്ലിന് പുറത്തുപോകേണ്ടി വന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്ലി - ശ്രേയസ് അയ്യര്‍ സഖ്യം സ്‌കോര്‍ ഉയര്‍ത്തി. 

ALSO READ: രചിന്റെ പേരിന് സച്ചിനും ദ്രാവിഡുമായി ബന്ധമില്ല; പ്രചാരണം തള്ളി പിതാവ്

ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച കോഹ്ലി കരിയറിലെ 50-ാം സെഞ്ച്വറി നേടി. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് നേടാന്‍ കോഹ്ലിയ്ക്ക് സാധിച്ചത് വേറിട്ട കാഴ്ചയായി. 113 പന്തില്‍ 9 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 117 റണ്‍സ് നേടി. കോഹ്ലി പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യര്‍ വെടിക്കെട്ട് പ്രകടനവുമായി കളംനിറഞ്ഞു. 70 പന്തില്‍ 4 ബൗണ്ടറികളും 8 സിക്‌സറുകളും പറത്തിയ ശ്രേയസ് 105 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി 10 ഓവറില്‍ 100 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ട്രെന്‍ഡ് ബോള്‍ട്ട് 10 ഓവറില്‍ 86 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടി.  

Trending News