ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. ടെസ്റ്റിലും ടി20യിലും ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ ഏകദിനത്തിലും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു ടീമാണ് ഇന്ത്യ എന്നതാണ് സവിശേഷത.
ഏകദിനത്തിലും ടി20യിലും ടെസ്റ്റിലും ഇന്ത്യന്‍ ടീം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ടീമിന് ഏകദിന ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം നല്‍കുന്ന നേട്ടമാണിത്. ഏകദിനത്തില്‍ 116 പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിട്ടും ഇന്ത്യ അനായാസമായി ജയിച്ചു. ഈ ജയമാണ് ഇന്ത്യയുടെ കുതിപ്പിന് മൈലേജ് നല്‍കിയത്.
ALSO READ: ഏഷ്യാ കപ്പില്‍ ആളിക്കത്തി; ഏകദിനത്തിലെ നമ്പര്‍ 1 ബൗളറായി മുഹമ്മദ് സിറാജ്
ടി20 ക്രിക്കറ്റില്‍ 264 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഐപിഎല്ലിന്റെ സ്വാധീനം ടി20യില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിച്ചെന്ന് തന്നെ പറയാം. പ്രതിഭാധനരായ യുവതാരങ്ങളാണ് ടി20യില്‍ ഇന്ത്യയുടെ കരുത്ത്. അതേസമയം, ക്രിക്കറ്റിന്റെ യഥാര്‍ത്ഥ ഫോര്‍മാറ്റ് എന്ന് വിശേഷിപ്പിക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ 118 പോയിന്റുകളോടെയാണ് ഇന്ത്യ ഒന്നാമത് എത്തിയത്.
ഒരു കാലത്ത് സ്വന്തം നാട്ടില്‍ മാത്രം കരുത്തരായിരുന്ന ഇന്ത്യന്‍ ടീം ഇന്ന് വിദേശ മണ്ണുകളില്‍ കൂടുതല്‍ അപകടകാരികളായി മാറിയിരിക്കുന്നു. ഹോം മത്സരങ്ങളിലെ വിജയങ്ങള്‍ക്കൊപ്പം എവേ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നതിനാലാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗിലും ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തിയത്. ഒരേ സമയം വെടിക്കെട്ട് പ്രകടനം നടത്താനും ക്ഷമയോടെ കളി പിടിക്കാനും സാധിക്കുന്ന ടീമായി ഇന്ത്യ മാറിയെന്നാണ് ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...