T20 World Cup 2022 : മെൽബണിൽ കോലിയുടെ ദീപാവലി വെടിക്കെട്ട്; ദുബായിലെ കടം മെൽബണിൽ തീർപ്പാക്കി ഇന്ത്യ

T20 World Cup India vs Pakistan അവസാന പന്ത് വരെ നീണ്ട് നിന്ന് ത്രില്ലറിൽ  വിരാട് കോലിയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

Written by - Jenish Thomas | Last Updated : Oct 23, 2022, 06:31 PM IST
  • 82 റൺസെടുത്ത വിരാട് കോലിയുടെ ബാറ്റിങ് മികവിലാണ് അവസാന പന്ത് വരെ നീണ്ട് നിന്ന് ത്രില്ലറിൽ ഇന്ത്യ ജയം സ്വന്തമാക്കിയത്.
  • ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ആറ് ജയത്തോടെ പാകിസ്ഥാന് മേലുള്ള ആധിപത്യം തുടരുകയാണ്.
  • നാല് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെയാണ് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന് വിജയത്തിലേക്കെത്തിച്ചത്.
  • 37 പന്തിൽ 40 റൺസെടുത്ത പാണ്ഡ്യ മുൻ ഇന്ത്യൻ നായകന് മികച്ച പിന്തുണ നൽകുകയും ചെയ്തു.
T20 World Cup 2022 : മെൽബണിൽ കോലിയുടെ ദീപാവലി വെടിക്കെട്ട്; ദുബായിലെ കടം മെൽബണിൽ തീർപ്പാക്കി ഇന്ത്യ

India vs Pakistan T20 World Cup 2022 : ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മെൽബൺ ക്രിക്കറ്റ് മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ ബദ്ധ വൈരികളായി പാകിസ്ഥാനെ തകർത്തത്. 82 റൺസെടുത്ത വിരാട് കോലിയുടെ ബാറ്റിങ് മികവിലാണ് അവസാന പന്ത് വരെ നീണ്ട് നിന്ന് ത്രില്ലറിൽ ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഒന്നിനെതിരെ ആറ് ജയത്തോടെ പാകിസ്ഥാന് മേലുള്ള ആധിപത്യം തുടരുകയാണ്. കഴിഞ്ഞ തവണ യുഎഇയിൽ വെച്ച് നടന്ന ടൂർണമെന്റിലാണ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ പാകിസ്ഥാനോട് ലോകകപ്പിൽ തോൽക്കുന്നത്.

നാല് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ ഇന്ത്യയെയാണ് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന് വിജയത്തിലേക്കെത്തിച്ചത്. 37 പന്തിൽ 40 റൺസെടുത്ത പാണ്ഡ്യ മുൻ ഇന്ത്യൻ നായകന് മികച്ച പിന്തുണ നൽകുകയും ചെയ്തു. 53 പന്തിൽ നാല് സിക്സറും ആറ് ഫോറും നേടിയാണ് കോലി 83 റൺസെടുത്തത്. അവസാന രണ്ട് ഓവറിൽ 33 റൺസ് വേണ്ടിയിരുന്ന ഇന്ത്യക്ക് 19-ാം ഓവറിന്റെ അവസാന പന്തുകൾ തുടരെ സിക്സറുകൾ പറത്തിയാണ് കോലി വിജയ ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്.

ALSO READ : T20 World Cup 2022 : 19-ാം ഓവർ...! എന്ത് ചെയ്യണമെന്നറിയാതെ രോഹിത്; അടി വാങ്ങി കൂട്ടുന്ന ഇന്ത്യൻ ബോളർമാർ

അവസാന ഓവർ 

എന്നാൽ അവസാന ഓവറിൽ സ്പിന്നറെന്ന തന്ത്രവും ഓൺസൈഡിൽ ആറ് ഫീൽഡർമാരെ നിർത്തികൊണ്ടും സമ്മർദം ചെലുത്തിയ പാക് നായകൻ ബാബർ അസമിന് തന്റെ തീരുമാനം തെറ്റായിപ്പോയിയെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു കോലി. 16 റൺസ് വേണ്ടിയിരുന്നു ഇന്ത്യക്ക് അവസാന ഓവറിന്റെ ആദ്യ പന്തിൽ പാണ്ഡ്യയെ തിരച്ചടിയെന്ന പോലെ നഷ്ടമായി. അടുത്ത പന്ത് നേരിട്ട ദിനേഷ് കാർത്തിക് കോലിക്ക് സ്ട്രൈക്ക് കൈമാറുകയായിരുന്നു. മൂന്ന് പന്തിൽ 15 വണ്ട സമയത്ത് കോലി രണ്ട് റൺസെടുത്ത് ഇന്ത്യയുടെ വിജയലക്ഷ്യം 13 ലേക്കെത്തിച്ചു. ജയിക്കാൻ രണ്ട് സിക്സറുകൽ പറത്തേണ്ട അനിവാര്യമായ സമയത്ത് സ്പിന്നർ മുഹമ്മദ് നവാസ് എറിഞ്ഞ ഫോൾ ടോസ് കോലി സിക്സർ പറത്തി. എറിഞ്ഞ ഫുൾ ടോസ് അരയ്ക്ക് മുകളിൽ ആയതോടെ അമ്പയർമാർ നോ-ബോൾ വിധിക്കുകയും ചെയ്തു. ഫ്രീഹിറ്റ് പന്ത് നവാസ് ആദ്യ വൈഡാക്കുകയും ഇന്ത്യയുടെ ജയം 5 റൺസ് അകലത്തിലേക്ക് മാത്രം എത്തുകയും ചെയ്തു. ഫ്രീ ഹിറ്റ് തുടരുന്നതിനാൽ അടുത്ത പന്ത് നേരിട്ട കോലിക്ക് പിഴച്ച് ബോൾഡായെങ്കിലും പന്ത് സ്ലിപ്പ് പൊസിഷനിലേക്ക് പായുകയും കോലിയും ഡികെയും ചേർന്ന് മൂന്ന് റൺസ് ഓടി ഇന്ത്യൻ സ്കോർ ബോർഡിലേക്കെത്തിച്ചു. ഇന്ത്യക്ക് ഇനി ജയിക്കാൻ രണ്ട് പന്തിൽ രണ്ട് റൺസ്. അവിടെ വീണ്ടും സസ്പെൻസായി കാർത്തിക്കിന്റെ വിക്കറ്റ് വീഴ്ച. ഇന്ത്യയുടെ ജയം തുലാസിൽ, ഒരു പന്ത് ബാക്കി നിൽക്കവെ ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസ്, സ്ട്രൈക്കിൽ ആർ അശ്വിൻ. നവാസ് വീണ്ടും ഇന്ത്യക്കൊരു അവസരം നൽകി, ആദ്യം എറിഞ്ഞ മത്സരത്തിലെ അവസാന പന്ത് വൈഡായി, ഇനി ഇന്ത്യക്ക് ജയിക്കാൻ ഒരു റൺ മാത്രം. ബാബർ ഫീൽഡർമാരെ എല്ലാം അകത്ത് കൊണ്ടുവന്നെങ്കിലും അവസാന പന്ത് ആ ഫീൽഡർമാരുടെ മുകളിലൂടെ 30 യാർഡ് സർക്കിൾ അപ്പുറം കടത്തി അശ്വിൻ ഇന്ത്യക്ക് വിജയ റൺസ് സമ്മാനിച്ചു.

ടോസ് നേടിയ രോഹിത് ആദ്യം പാകിസ്ഥാനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. നിശ്ചിത ഓവറിൽ പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കുകയായിരുന്നു. തകർന്നടിഞ്ഞ പാകിസ്ഥൻ ബാറ്റിങ് നിരയെ പിടിച്ച് നിർത്തിയത് ഷാൻ മസൂദിന്റെയും ഇഫ്തിഖർ അഹമ്മദിന്റെയും അർധ സെഞ്ചുറി നേട്ടമായിരുന്നു. ഒരു ഘട്ടത്തിൽ പാക് സ്കോർ 150 പോലും കടക്കില്ലയെന്ന കരുത നേരത്താണ് വാലറ്റക്കാരോട് ചേർന്ന് മസൂദ് നടത്തിയ ഇന്നിങ്സ് ഇന്ത്യയുടെ വിജയലക്ഷ്യം 160ലേക്കെത്തിച്ചത്. 

തുടക്കം മുതൽ തന്നെ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിൽ പതറുകയായിരുന്നു പാകിസ്ഥാൻ. പാക് നായകൻ ബാബർ അസം നേരിട്ട ആദ്യ പന്തിൽ തന്നെ അർഷ്ദീപ് സിങ് പുറത്താക്കുകയായിരുന്നു. പിന്നാലെ അർഷ്ദീപ് തന്റെ രണ്ടാം ഓവറിൽ ഓപ്പണറായ മുഹമ്മദ് റിസ്വാനെയും പാക് ഡ്രെസ്സിങ് റൂമിലേക്കയച്ചു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് മസൂദും ഇഫ്തിഖറും ചേർന്ന് പാകിസ്ഥാന് ഒരു തിരിച്ച് വരവ് സമ്മാനിച്ചത്. എന്നാൽ ടീം സ്കോർ 100 എത്തുന്നതിന് മുമ്പ് മുഹമ്മദ് ഷമി ഇഫ്തിഖറിനെ പുറത്താക്കി. 

ALSO READ : ദേശീയ ഗാനത്തിനിടെ വികാരഭരിതനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

പിന്നാലെ ഓരോ ഇടവേളകളിൽ ഹാർദിക് പാണ്ഡ്യ മൂന്ന് ബാറ്റർമാരെയാണ് പുറത്താക്കിയത്. തുടർന്ന് പാക് സ്കോർ ബോർഡ് 140 പോലും കടക്കില്ലയെന്ന് കരുതിയപ്പോൾ മസൂദ് വാലറ്റക്കാരോടൊപ്പം ചേർന്ന് പാകിസ്ഥാനെ പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഡെത്ത് ഓവറുകളിൽ ഇന്ത്യ വിട്ട് നൽകുന്ന റൺസും കൂടി ചേർത്തപ്പോൾ പാകിസ്ഥാന് അനയാസം തങ്ങളുടെ സ്കോർ 160ലേക്കെത്തിച്ചു. ഇന്ത്യക്കായി അർഷ്ദീപും ഹാർദിക്കും മൂന്ന് വിക്കറ്റുകൾ വീതം നേടി. ഭുവനേശ്വർ കുമറും മുഹമ്മദ് ഷമിയുമാണ് ബാക്കി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. പാകിസ്ഥാനായി ഹാരിസ് റൌഫ് മൂന്നും മുഹമ്മദ് നവാസ് രണ്ടും വിക്കറ്റുകൾ വീതം നേടി. ഷഹീൻ അഫ്രീദിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

ഒക്ടോബർ 27ന് നെതർലാൻഡ്സിനെതിരെ സിഡ്നിയിൽ വെച്ചാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലോകകപ്പിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ശ്രീലങ്ക ഐർലാൻഡിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. പുറത്താകാതെ 68 റൺസെടുത്ത ഓപ്പണർ കുശാൻ മെൻഡിസിന്റെ ഇന്നിങ്സാണ് ലങ്കയ്ക്ക് സൂപ്പർ 12ലെ ആദ്യ ജയം സ്വന്തമാക്കാൻ സാധിച്ചത്. അഞ്ച് ഓവറുകൾ ബാക്കി നിർത്തവെയാണ് ലങ്കൻ ടീമിന്റെ ജയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News