ഇന്ന് സെപ്റ്റംബർ 28ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം തിരുവനന്തപുരത്ത് അരങ്ങേറുമ്പോൾ മലയാളികൾ എല്ലാവരും ഒന്നടങ്കം ആഗ്രഹിച്ചിരുന്നത് തങ്ങളുടെ പ്രിയതാരം സഞ്ജു സാംസണും കൂടി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നുയെങ്കിൽ എന്നാണ്. ഇന്ത്യ ടീമിൽ മലയാളി താരം സഞ്ജു സാംസൺ നേരിടുന്ന അവഗണനയെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി. അടുത്തിടെ ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരത്തെ ഏഷ്യ കപ്പിൽ നിന്നും ഇനി അടുത്തതായി നടക്കാൻ പോകുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ നിന്നും ഒഴിവാക്കിയത് വലിയ ചർച്ചകൾക്കും ബിസിസിഐക്ക് മുകളിൽ വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു.
ടീമിൽ കൃത്യമായി ഇടം ലഭിക്കാതെ അവഗണന നേരിടുന്നെങ്കിലും താരം തന്നിൽ ഏൽപ്പിക്കുന്ന ജോലികൾ വെടിപ്പോടും കൃത്യതയോടും പൂർത്തിയാക്കി നൽകുന്നുണ്ട്. അതിന് ഉദ്ദാഹരണമാണ് ന്യൂസിലാൻഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിക്കാൻ സഞ്ജുവിന് ബിസിസിഐ നൽകിയ ചുമതല. മലയാളി താരം ആകട്ടെ അത് ബിസിസിഐയുടെ തീരുമാനം ശരിയാണെന്ന് എല്ലാവരേയും അറിയിക്കും വിധം ഒരു റിസൾട്ട് നൽകുകയും ചെയ്തു. ഒരു വൈറ്റ് വാഷ് വിജയം. ക്യാപ്റ്റൻ എന്ന ചുമതലയിൽ നിന്ന് കൊണ്ട് മാത്രമല്ല ബാറ്റർ എന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് കീവിസ് ടീമിനെതിരെ പുറത്തെടുത്തത്. ഇങ്ങനെ ഒക്കെ പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ബിസിസിഐ എന്തുകൊണ്ട് ഇന്ത്യൻ ടീമിലേക്കുള്ള വഴി പൂർണമായും തുറന്ന് ലഭിക്കുന്നില്ല എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ അതിനെ കുറിച്ച സഞ്ജു സാംസണിന് ചില നിർദേശങ്ങൾ നൽകുകയാണ് മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ഐപിഎല്ലിനൊപ്പം സഞ്ജു കൂടുതൽ കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ശ്രീശാന്ത് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.
"സഞ്ജു സ്ഥിരത പ്രകടമാക്കണം. നോക്കൂ എല്ലാവരും ഐപിഎല്ലിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഞാനും കേരളത്തിൽ നിന്നാണ്, സഞ്ജുവിനെ പിന്തുണച്ചിരുന്നവരിൽ ഒരാൾ കൂടിയാണ് ഞാൻ. അണ്ടർ 14 മുതൽ സഞ്ജു കളിക്കുന്നത് ഞാൻ കണ്ട് വരുന്നതാണ്. സഞ്ജു എന്റെ കീഴിലും കളിച്ചുണ്ട്. സഞ്ജുവിന് രഞ്ജി അരങ്ങേറ്റത്തിൽ ക്യാപ് നൽകിയത് ഞാനാണ്. പക്ഷെ ഞാൻ അവനെ കാണുന്നതിൽ വെച്ച്... എന്റെ ഒരു റിക്വസ്റ്റാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പങ്കെടുക്കുന്നതിലും സഞ്ജു ആരംഭിക്കണം" ശ്രീശാന്ത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
"അതെ ഐപിഎൽ പ്രധാനപ്പെട്ടത് തന്നെയാണ്. ഐപിഎൽ സഞ്ജുവിന് കൂടുതൽ ഫെയിം, പേര്, പണം, പ്രശസ്തി എല്ലാം നൽകി. പക്ഷെ എനിക്ക് തോന്നുന്നത്... ഏത് ക്രിക്കറ്ററാണെങ്കിലും.. അവര് അവരുടെ സംസ്ഥാനത്ത് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയണം, പ്രത്യേകിച്ച ഫസ്റ്റ് ക്ലാസ് കരിയറിൽ. സഞ്ജു അതിനായി കേരളത്തിനായി ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പങ്കെടുക്കണം. വന്ന് സെഞ്ചുറി, 200 എടുക്കണമെന്നല്ല, കേരള ടീമിന് രഞ്ജി ട്രോഫി ജയം സമ്മാനിക്കുക, കേരള ടീമിന് വിജയ് ഹസാരെ ട്രോഫി ജയിക്കാൻ സജ്ജമാക്കുക. അങ്ങനെ കൂടുതൽ കേരള താരങ്ങൾ ഉയരങ്ങളിലേക്കെത്തും" ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ALSO READ : IPL 2023 : അടുത്ത ഐപിഎൽ സീസൺ മാർച്ചിൽ; താരലേലം ഡിസംബറിൽ എന്ന് റിപ്പോർട്ട്
"സഞ്ജു മാത്രമേ കേരളത്തിൽ നിന്നുള്ള ആകെയുള്ള ക്രിക്കറ്റർ? അല്ല, സംസ്ഥാനത്ത് നിന്നും നിരവധി താരങ്ങളുണ്ട്. ഇത് ഒരു സമയത്ത് മാത്രമാണ്, സഞ്ജു ഐപിഎല്ലിൽ കളിക്കുന്നു അതൊരു മഹത്വരമായ ഒരു കാര്യമാണ്. ലോകത്തിലുള്ള എല്ല മലയാളികളും താരത്തിന് പിന്തുണ നൽകുന്നു, പക്ഷെ, റിഷഭ് പന്ത്, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ ഇവരെല്ലാരും കീപ്പ് ചെയ്യുന്നവരാണ്. ഞാൻ നിങ്ങളോട് പറയുന്നു, ഈ വിക്കറ്റഅ കീപ്പർ ബാറ്റർ കോംബോയിൽ ഒരുപാട് പേരുണ്ട്, അതിൽ സഞ്ജു മാത്രമല്ല ഉളളത്" ശ്രീശാന്ത് പറഞ്ഞു.
"ഞാൻ സഞ്ജുവിനോട് തന്നെ പറഞ്ഞിട്ടുണ്ട്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണമെന്നും കേരളത്തെ ജയത്തിലേക്ക് നയിക്കണമെന്നും. സഞ്ജു ക്യാപ്റ്റനും കൂടിയാണ്. ഞാൻ വിശ്വസിക്കുന്നു സഞ്ജു സെഞ്ചുറികൾ നേടുമെന്ന്, അതും മൂന്ന് വർഷം കൂടിയിരിക്കുമ്പോൾ ഒന്ന് എന്ന കണക്കിൽ അല്ല. എങ്ങനെയാണ് റിഷഭ് പന്തും ഇഷാൻ കിഷനും വന്നത് എന്ന് സഞ്ജുവും മനസ്സിലാക്കാണം. അതിന് വേണ്ടിയുള്ള കഴിവും പ്രാപ്തിയും സഞ്ജുവിനുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ഇത് സ്ഥിരതയുടെ ഒരു കാര്യമാണ് " ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.