ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (Indian Premier League) മുംബൈ ഇന്ത്യൻസിനെതിരെ (Mumbai Indians) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Banglore) 54 റൺസിന്റെ വമ്പൻ ജയം. ടി-20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിയുന്ന വിരാട് കോഹ്ലിയും (Virat Kohli) പകരം നായകനാകാൻ ഏറ്റവും അധികം സാധ്യതയുള്ള രോഹിത് ശർമയും (Rohit Sharma) തമ്മിലുള്ള പോരാട്ടമായതിനാൽ ഗംഭീര പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ മത്സരത്തിൽ വിജയം കോഹ്ലിക്കൊപ്പമായിരുന്നു.
ഹാട്രിക് അടക്കം 4 വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേൽ, 4 ഓവറിൽ ഒരു മെയ്ഡിൻ അടക്കം 11 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹാൽ, 4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ചേർന്നാണു മുംബൈയെ തകർത്തത്. 3.1 ഓവറിൽ 17 റൺസ് വഴങ്ങിയാണ് ഹർഷൽ 4 വിക്കറ്റുകൾ പിഴുതത്. ജയത്തോടെ ഐപിഎൽ പട്ടികയിൽ 12 പോയിന്റോടെ മൂന്നാം സ്ഥാനം നിലനിർത്തി. തോൽവിയോടെ മുംബൈ പട്ടികയിൽ 7–ാം സ്ഥാനത്തേക്കിറങ്ങി.
ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് പിന്തുടർന്നു കളിച്ച മുംബൈയുടെ തുടക്കം മികച്ചതായിരുന്ന. രോഹിത് ശർമ– ക്വിന്റൻ ഡികോക് സഖ്യം വർപ്ലേ ഓവറുകളിൽ തകർത്തടിച്ചു. 6.4 ഓവറിൽ സഖ്യം 57 റൺസ് ചേർത്തു. എന്നാൽ 23 പന്തിൽ 4 ഫോറുകൾ അടക്കം 24 റൺസെടുത്ത ഡികോക്കിനെ ചഹാൽ പുറത്താക്കിയത് മുതൽ മുംബൈ തകർന്ന് തുടങ്ങി.
മികച്ച ഷോട്ടുകൾ പായിച്ച് അർധ സെഞ്ചുറിയിലേക്കു കുതിച്ച രോഹിത് ശർമ ഗ്ലെൻ മാക്സ്‌വെല്ലിന്റെ ബോളിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചാണു പുറത്തായത് . 28 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 43 റൺസെടുത്ത രോഹിത്തിനെ ബൗണ്ടറിലൈനിൽ ദേവ്ദത്ത് പടിക്കൽ പിടികൂടി. രോഹിതും ഡികോകും മാത്രമാണ് മുംബൈക്കായി രണ്ടക്കം കണ്ടതും.
Also Read: Virat Kohli റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുന്നു
ഇഷാൻ കിഷൻ (12 പന്തിൽ 9), സൂര്യകുമാർ യാദവ് (9 പന്തിൽ 8) എന്നിവർ വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ മുംബൈ കൂടുതൽ സമ്മർദത്തിലായി. ചാഹലിനെ കയറി അടിക്കാനുള്ള ശ്രമത്തിനിടെ ഹർഷൽ പട്ടേലിനു ക്യാച്ച് നൽകിയാണ് ഇഷാൻ പുറത്തായത്. മുഹമ്മദ് സിറാജിന്റെ വൈഡ് ബോളിൽ ബാറ്റുവച്ച് ചാഹലിന് ക്യാച്ച് സമ്മാനിച്ച് സൂര്യയും മടങ്ങി.
പിന്നീട് വന്ന ക്രുനാൽ പണ്ഡ്യ (11 പന്തിൽ 5), ഹാർദിക് പാണ്ഡ്യ (6 പന്തിൽ 3), കീറൺ പൊള്ളാർഡ് (10 പന്തിൽ 7), രാഹുൽ ചാഹർ (1 പന്തിൽ 0 ) എന്നിവർക്കാർക്കും മുംബൈയെ രക്ഷിക്കാനായില്ല.
വമ്പൻ അടിക്കാരായ ഹാർദിക് പാണ്ഡ്യയെ ആദ്യ പന്തിൽ വീഴ്ത്തിയ ഹർഷൽ രണ്ടാം പന്തിൽ ബോൾഡ് ചെയ്തത് കീറൺ പൊള്ളാർഡിനെയും മൂന്നാം പന്തിൽ രാഹുൽ ചാഹറിനെയും വിക്കറ്റിനു മുന്നിൽ കുരുക്കി ഹാട്രിക് തികച്ചു. 10.2 ഓവറിൽ 81–2 എന്ന സ്കോറിലായിരുന്ന മുംബൈ അവസാന 8 വിക്കറ്റുകൾ വെറും 20 റൺസിനിടെയാണു നഷ്ടമാക്കിയത്.
നേരത്തെ, ഗ്ലെൻ മാക്സ്‌വെൽ (Glenn Maxwell) (37 പന്തിൽ 6 ഫോറും 3 സിക്സും അടക്കം 56), ക്യാപ്റ്റൻ വിരാട് കോലി (Virat Kohli) (42 പന്തിൽ 3 വീതം ഫോറും സിക്സും അടക്കം 51) എന്നിവരാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മുംബൈക്കായി ജസ്പ്രീത് ബുമ്ര (Jasprit Bumrah) 4 ഓവറിൽ 36 റൺസിനു 3 വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട്, ആദം മിൽനെ, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വെടിക്കെട്ടോടെ തുടങ്ങിയ എ.ബി. ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 6 പന്തിൽ ഒരു സിക്സും ഒരു ഫോറുമടക്കം 11 റൺസെടുത്ത ഡിവില്ലിയേഴ്സിനെയും മാക്സ്‌വെല്ലിനെയും 19–ാം ഓവറിൽ ബുമ്ര പുറത്താക്കി. ട്രെന്റ് ബോൾട്ട് എറിഞ്ഞ 20–ാം ഓവറിൽ 3 റൺസ് മാത്രമാണു ബാംഗ്ലൂരിനു നേടാനായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...