Jasprit Bumrah: ഇന്ത്യയ്ക്ക് ആശ്വാസം; ഏഷ്യാ കപ്പിന് മുമ്പ് തന്നെ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തിയേക്കും

Jasprit Bumrah To Return To India Squad: എൻസിഎയിൽ ബുംറയുടെ റീഹാബിലിറ്റേഷൻ പ്രോഗ്രാം പൂർത്തിയായി. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 05:30 PM IST
  • അയർലൻഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുറം ഉണ്ടായേക്കും.
  • യുവതാരം ശ്രേയസ് അയ്യരും എൻസിഎയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
  • പരിക്കേറ്റ പേസർ പ്രസിദ്ധ് കൃഷ്ണ തിരിച്ചുവരവിൻ്റെ പാതയിലാണ്.
Jasprit Bumrah: ഇന്ത്യയ്ക്ക് ആശ്വാസം; ഏഷ്യാ കപ്പിന് മുമ്പ് തന്നെ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തിയേക്കും

പരിക്കേറ്റ് കഴിഞ്ഞ കുറേ കാലങ്ങളായി ടീമിന് പുറത്തിരിക്കുന്ന സ്റ്റാ‍‍ർ പേസർ ജസ്പ്രീത് ബുംറ പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ സാധ്യത. നടുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുംറ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ ശ്രീലങ്കയിലും പാകിസ്താനിലുമായി നടക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്കുള്ള തിരിച്ചുവരവ് നടത്തുമെന്നാണ് സൂചന. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ള അദ്ദേഹത്തിന്റെ ആരോ​ഗ്യ പുരോഗതി നോക്കുമ്പോൾ ബുംറയ്ക്ക് ഏഷ്യാ കപ്പിന് മുമ്പ് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനാകും എന്നാണ് റിപ്പോർട്ട്. 

അയർലൻഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേയ്ക്ക് ബുംറയെ പരി​ഗണിച്ചേക്കുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. എന്നാൽ, ഓഗസ്റ്റ് 18 മുതൽ 23 വരെ നടക്കുന്ന ഇന്ത്യ - അയർലൻഡ് ടി20 പരമ്പരയിലേയ്ക്കാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ 16 അം​ഗ ടീമിൽ ബുംറ ഇടംപിടിച്ചേക്കും. അയർലൻഡിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ബുംറയുടെ കായികക്ഷമതാ പരീക്ഷയായാണ് ഈ പരമ്പരയെ ഇന്ത്യൻ ‌ടീം സെലക്ട‍ർമാർ കാണുന്നത്. 

ASLO READ: മുഴുവനും യൂത്തന്മാർ; ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു, റുതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റൻ

ബുംറ എൻസിഎയിൽ തന്റെ റീഹാബിലിറ്റേഷൻ പ്രോ​ഗ്രാം വിജയകരമായി പൂർത്തിയാക്കുകയും ബൗളിംഗ് ആരംഭിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ശരീരത്തിൽ ഒരു അസ്വസ്ഥതയും ഇല്ലാതെ ബുംറ പ്രതിദിനം 8 മുതൽ 10 ഓവർ വരെ ബൗൾ ചെയ്യുന്നുണ്ട്. ഇത് താരത്തിൻ്റെ തിരിച്ചുവരവിനുള്ള ഒരു നല്ല സൂചനയാണ്. എൻസിഎ തലവൻ വിവിഎസ് ലക്ഷ്മൺ ബുംറയുടെ ആരോ​ഗ്യത്തെയും പ്രകടനത്തെയുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കാരണം, നടുവേദനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തിലേറെയായി ബുറം വിട്ടുനിൽക്കുകയാണ്. ഐപിഎൽ 2023ൽ അദ്ദേഹം തിരിച്ചുവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് ഉണ്ടായില്ല. 

നീണ്ട ഇടവേളയ്ക്ക് ശേഷം ബുംറ കളിക്കളത്തിലേയ്ക്ക് തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ്. തന്റെ മാച്ച് ഫിറ്റ്‌നസ് പരിശോധിക്കുന്നതിനായി എൻസിഎയിൽ നടക്കുന്ന ചില സന്നാഹ മത്സരങ്ങളിൽ ബുംറയെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അയർലൻഡ് പരമ്പരയിലും ഏഷ്യാ കപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലും ബുംറയെ ഉൾപ്പെടുത്തും. താരത്തിന് പഴയ കൃത്യതയും വേ​ഗതയും കണ്ടെത്താൻ കഴിയുന്നുണ്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. 

അതേസമയം, മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരും എൻസിഎയിൽ നെറ്റ്‌സിൽ ബാറ്റിംഗ് പുനരാരംഭിച്ചു എന്നതാണ് ഇന്ത്യയ്ക്ക് മറ്റൊരു സന്തോഷ വാർത്ത. ഏറെ നാളുകൾക്ക് ശേഷം നെറ്റ്‌സ് സെഷനിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ശ്രേയസ് അയ്യർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പരിക്കിനെ തുടർന്ന് ഈ വർഷം നടന്ന ഐപിഎൽ ടൂർണമെന്റ് താരത്തിന് നഷ്ടമായിരുന്നു. ശ്രേയസിന് പകരം നിതീഷ് റാണയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചത്. 

പേസർ പ്രസിദ്ധ് കൃഷ്ണയും പൂർണ ഫിറ്റ്നസിലേക്കുള്ള പാതയിലാണ്. ലംബർ സ്ട്രെസ് ഫ്രാക്ചറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ ഈ വർഷത്തെ ഐപിഎൽ മത്സരങ്ങളും ഇന്ത്യയ്‌ക്കായി നിരവധി അന്താരാഷ്ട്ര മത്സരങ്ങളും പ്രസിദ്ധ് കൃഷ്ണയ്ക്ക് നഷ്‌ടപ്പെട്ടിരുന്നു. ബുംറയെപ്പോലെ പ്രസിദ്ധ് കൃഷ്ണയും എൻസിഎയിൽ നെറ്റ്സിൽ പന്തെറിയാൻ തുടങ്ങിയിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ വാർത്ത. എന്നാൽ, ബുംറയിൽ നിന്ന് വ്യത്യസ്തമായി അയർലൻഡ് പരമ്പരയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം ഇപ്പോഴും ഉറപ്പായിട്ടില്ല. 2023ലെ ഏഷ്യാ കപ്പിൽ പ്രസിദ്ധ് കൃഷ്ണ ‌ടീമിൽ തിരിച്ച് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News