Rahul Dravid| ‌രാഹുൽ ദ്രാവിഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ

ടി20 ലോകകപ്പിനുശേഷം ഈ മാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20, ടെസ്റ്റ് പരമ്പരകളില്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേല്‍ക്കും.

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 10:16 PM IST
  • ഇന്ത്യൻ ക്രിക്കറ്റ് ടീമിന് താങ്ങായി ഇന്ത്യയുടെ വൻമതിലെത്തുന്നു.
  • രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ച് ബിസിസിഐ.
  • ഈ മാസം നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും.
Rahul Dravid| ‌രാഹുൽ ദ്രാവിഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിനെ (Rahul Dravid) ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ബിസിസിഐ (BCCI) നിയമിച്ചു. ബിസിസിയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സുലക്ഷ്ണ നായിക്കും ആര്‍പി സിങ്ങും ഐക്യകണ്‌ഠേന ദ്രാവിഡിനെ പരിശീലകനായി (Coach) തെരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിന് (T20 Worldcup) ശേഷമാകും ദ്രാവിഡ് ചുമതല ഏൽക്കുക. രണ്ട് വര്‍ഷത്തേക്കാണ് ദ്രാവിഡിന്റെ കരാര്‍.

ടി20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനായാണ് മുന്‍ നായകന്‍ കൂടിയായ ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി തെരഞ്ഞെടുത്തത്. ഈ മാസം നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കേണ്ടത്.

Also Read: Rahul Dravid: ഇന്ത്യയുടെ പരിശീലകനാകാൻ ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ്

ഈ സ്ഥാനമേറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു ബഹുമതിയായി കാണുന്നുവെന്നും ദ്രാവിഡ് പ്രതികരിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അണ്ടര്‍-19 ടീമിലും ഇന്ത്യ എ ടീമിലുമുണ്ടായിരുന്ന താരങ്ങളാണ് സീനിയര്‍ ടീമിലുള്ളതെന്നും അവരുമായി നേരത്തെയുള്ള ബന്ധം കോച്ചിങ്ങിന് ഒരുപാട് സഹായിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ താത്പര്യമില്ല എന്ന് ദ്രാവിഡ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ദ്രാവിഡ് അപേക്ഷ സമർപ്പിക്കുകയായിരുന്നു. മുഖ്യ പരിശീലകന് പുറമേ ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍, ഫീല്‍ഡിംഗ് പരിശീലകന്‍ എന്നിവയ്‌ക്ക് പുറമെ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ അധ്യക്ഷ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.

Also Read: Virat Kohli : വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കും

ദ്രാവിഡിന്‍റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് പരിശീലകനാവും. മുഖ്യപരിശീലകനൊഴികെയുള്ള മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ ഇന്ന് വരെ സമയമുണ്ടായിരുന്നു. ഈ അപേക്ഷകള്‍ പരിഗണിച്ചശേഷമാകും ദ്രാവിഡിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിക്കുക.

യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പോടെയാണ് രവി ശാസ്‌ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലക സംഘത്തിന്‍റെ കാലാവധി അവസാനിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് റെക്കോര്‍ഡ് പ്രതിഫലമാണ് ദ്രാവിഡിന് ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്നത്. പത്തു കോടി രൂപയാണ് ദ്രാവിഡിന് ബിസിസിഐ നല്‍കുന്ന വാര്‍ഷിക പ്രതിഫലമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേരത്തെ ഇന്ത്യന്‍ ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ ആറ് വര്‍ഷക്കാലമായി പരിശീലിപ്പിച്ച പരിചയം ദ്രാവിഡിനുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു. 

‘ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലക (Headcoach) സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിനെ സ്വാഗതം ചെയ്യുന്നു. പകരം വയ്ക്കാനില്ലാത്ത ക്രിക്കറ്റ് കരിയറിന് ഉടമയാണ് രാഹുൽ (Rahul). ദേശീയ ക്രിക്കറ്റ് അക്കാദമി (National Cricket Academy) തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ‌എൻസിഎയിൽ ദ്രാവിഡ് പരിശീലനം നൽകിയ ഒട്ടേറെ യുവതാരങ്ങൾ പിന്നീട് രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. പുതിയ ദൗത്യത്തിൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു’– ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News