ലക്‌നൗ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയവുമായി ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 100 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 34.5 ഓവറില്‍ 129 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യ സെമി ഉറപ്പിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് പുറത്തേയ്ക്കുള്ള വഴിയും തുറന്നു. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ഇംഗ്ലണ്ടിന്റെ ചേസിംഗില്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ ആധിപത്യമാണ് കാണാനായത്. 30 റണ്‍സിന് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണു. 16 റണ്‍സുമായി ഡേവിഡ് മലാനാണ് ആദ്യം പുറത്തായത്. പിന്നീട് 9 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടിന് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ജോ റൂട്ട് മടങ്ങി. 10 പന്തുകള്‍ നേരിട്ട ബെന്‍ സ്റ്റോക്‌സിനെ 0 റണ്‍സിന് മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി. 14 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും മടങ്ങിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു.
ALSO READ: വീണ്ടും ഡച്ച് അട്ടിമറി; ഇത്തവണ ഇര ബംഗ്ലാദേശ്
മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിന് ഇന്ത്യയുടെ മേല്‍ ആധിപത്യം പുലര്‍ത്താനായില്ല. ടോപ് ഓര്‍ഡറിനെ ജസ്പ്രീത് ബുംറ തകര്‍ത്തപ്പോള്‍ കൃത്യമായ ഇടവേളകളില്‍ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ 230 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്‌കോര്‍ ഇംഗ്ലണ്ടിന് അപ്രാപ്യമായി മാറി. 46 പന്തില്‍ 27 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണ്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 7 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറ 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.