Lionel Messi: വീണ്ടും ഇരട്ട ഗോള്‍; ഇന്റര്‍ മയാമിയില്‍ കൊടുങ്കാറ്റായി മെസി

Lionel Messi vs Dallas: മയാമിയ്ക്ക് വേണ്ടി കളിച്ച 4 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് മെസി സ്വന്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 01:00 PM IST
  • ഇന്റര്‍ മയാമിയിൽ ലയണല്‍ മെസി തകര്‍പ്പന്‍ ഫോം തുടരുകയാണ്.
  • ആവേശകരമായ മത്സരമാണ് മയാമിയും ഡല്ലാസും തമ്മില്‍ നടന്നത്.
  • 6, 85 മിനിട്ടുകളിലാണ് മെസി മയാമിയ്ക്ക് വേണ്ടി വല കുലുക്കിയത്.
Lionel Messi: വീണ്ടും ഇരട്ട ഗോള്‍; ഇന്റര്‍ മയാമിയില്‍ കൊടുങ്കാറ്റായി മെസി

പിഎസ്ജി വിട്ട് എംഎല്‍സ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേയ്ക്ക് ചേക്കേറിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തകര്‍പ്പന്‍ ഫോം തുടരുകയാണ്. ലീഗ്‌സ് കപ്പില്‍ മെസിയുടെ ഇരട്ട ഗോളുകളുടെ ബലത്തില്‍ ഇന്റര്‍ മയാമി ഡല്ലാസിനെ പരാജയപ്പെടുത്തി. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മയാമിയുടെ ജയം. 

നിര്‍ണായകമായ റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ആവേശകരമായ മത്സരമാണ് മയാമിയും ഡല്ലാസും തമ്മില്‍ നടന്നത്. 6-ാം മിനിറ്റില്‍ മെസി മയാമിയെ മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ 2 ഗോളുകള്‍ തിരിച്ചടിച്ച് ഡല്ലാസ് കരുത്ത് കാട്ടി. രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ വീണ്ടുമൊരു ഗോളിലൂടെ ഡല്ലാസ് ലീഡ് 2 ആയി ഉയര്‍ത്തി. രണ്ട് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മയാമി ഒരു ഗോള്‍ മടക്കി. പിന്നീട് ഇരു ടീമുകളും സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ മത്സരം 4-3 എന്ന നിലയിലായി. 

ALSO READ: ഋഷഭ് പന്ത് പരിശീലനം തുടങ്ങി; 140 കി.മീ വേഗവും പ്രശ്‌നമല്ല, അമ്പരന്ന് മെഡിക്കല്‍ സ്റ്റാഫ്

മയാമിയിലെ അരങ്ങേറ്റ മത്സരത്തെ അനുസ്മിപ്പിക്കും വിധം വീണ്ടും മെസി തന്നെ ടീമിന്റെ രക്ഷകനായി. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് മെസി അതിമനോഹരമായി വലയിലാക്കി. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടു. മെസിയും ബുസ്‌കറ്റ്‌സും ഉള്‍പ്പെടെയുള്ളവര്‍ ഉന്നം തെറ്റാതെ ലക്ഷ്യം കണ്ടപ്പോള്‍ മത്സരം മയാമി (3- 5) കൈപ്പിടിയിലൊതുക്കി. 

ഇന്റര്‍ മയാമിയ്ക്ക് വേണ്ടി അവിശ്വസനീയമായ പ്രകടനമാണ് ലയണല്‍ മെസി പുറത്തെടുക്കുന്നത്. കളിച്ച മത്സരങ്ങളിലെല്ലാം മെസി എതിർ ടീമുകളുടെ വലകുലുക്കി. മയാമിയ്ക്ക് വേണ്ടി കളിച്ച 4 മത്സരങ്ങളില്‍ നിന്ന് 7 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 2023ൽ മയാമിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മെസി മാറി. ഇതില്‍ 2 ഫ്രീ കിക്ക് ഗോളുകളും ഉള്‍പ്പെടും. ഡല്ലാസിനെതിരെ നേടിയ ഫ്രീ കിക്ക് ഗോളോടെ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീ കിക്ക് ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മെസി ഡിയേഗാ മറഡോണ, സീക്കോ എന്നിവരെ മറികടന്നു. മറഡോണയ്ക്കും സീക്കോയ്ക്കും 62 ഫ്രീ കിക്ക് ഗോളുകളാണുള്ളത്. നിലവില്‍ മെസിയ്ക്ക് 63 ഫ്രീ കിക്ക് ഗോളുകളായി. 

മൂന്ന് ഫ്രീ കിക്ക് ഗോളുകള്‍ കൂടി നേടിയാല്‍ ഇന്റര്‍ മയാമി സഹഉടമയും മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവുമായിരുന്ന ഡേവിഡ് ബെക്കാമിനെ (65) മറികടക്കാന്‍ മെസിയ്ക്കാവും. 77 ഫ്രീ കിക്ക് ഗോളുകള്‍ നേടിയ മുന്‍ ബ്രസീലിയന്‍ താരം ജുനീഞ്ഞോയാണ് പട്ടികയില്‍ ഒന്നാമന്‍. 70 ഗോളുകള്‍ നേടിയ ബ്രസീല്‍ ഇതിഹാസം പെലെ രണ്ടാം സ്ഥാനത്തുണ്ട്. ലെഗ്രോടാഗ്ലി (66), റൊണാള്‍ഡീഞ്ഞോ (66), ബെക്കാം (65) എന്നിവരാണ് ഇനി മെസിയ്ക്ക് മുന്നിലുള്ളത്.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News