IPL 2023: 'കെജിഎഫി'നെ പിടിച്ചുകെട്ടാൻ സഞ്ജു, ബെംഗളൂരുവിന് നിർണായകം; ഇന്ന് എന്തും സംഭവിക്കാം!

RCB vs RR predicted 11: പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്താൻ രാജസ്ഥാനും ബെംഗളൂരുവിനും ഇന്ന് വിജയിച്ചേ തീരൂ. 

Written by - Zee Malayalam News Desk | Last Updated : May 14, 2023, 08:59 AM IST
  • സീസണിൽ മികച്ച തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് രാജസ്ഥാൻ.
  • സീസൺ പുരോഗമിച്ചതോടെ രാജസ്ഥാന്റെ താളം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാനായത്.
  • ഇനി വെറും 3 മത്സരങ്ങൾ മാത്രമാണ് ബെം​ഗളൂരുവിന് മുന്നിലുള്ളത്.
IPL 2023: 'കെജിഎഫി'നെ പിടിച്ചുകെട്ടാൻ സഞ്ജു, ബെംഗളൂരുവിന് നിർണായകം; ഇന്ന് എന്തും സംഭവിക്കാം!

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ ഇരുടീമിനും വിജയം അനിവാര്യമാണ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. 

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങൾ നടന്ന സീസണാണ് ഇതെന്ന് പറയാം. പോയിന്റ് ടേബിളിൽ ഡൽഹി ഒഴികെ മറ്റൊരു ടീമും പുറത്തായിട്ടില്ല എന്നതാണ് ഇതിന് ഉദാഹരണം. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പരാജയം നേരിട്ടതാണ് ബെംഗളൂരുവിന് തിരിച്ചടിയായത്. ഇന്നത്തെ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ബെംഗളൂരുവിന് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകുമെന്ന് ഉറപ്പാണ്. 

ALSO READ: വാർണറുടെ ഒറ്റയാൾ പോരാട്ടം വിഫലമായി; പ്ലേ ഓഫ് കാണാതെ ഡൽഹി പുറത്ത്

സീസണിൽ മികച്ച തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് രാജസ്ഥാൻ. എന്നാൽ, സീസൺ പുരോഗമിച്ചതോടെ രാജസ്ഥാന്റെ താളം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാനായത്. അവസാന സീസണിലെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ ഈ സീസണിലും പ്ലേ ഓഫ് സ്വപ്‌നം കാണുന്നുണ്ട്. അവസാന മത്സരത്തിൽ കൊൽക്കത്തയ്ക്ക് എതിരെ തകർപ്പൻ ജയം നേടിയെങ്കിലും ആദ്യ നാലിൽ നിന്ന് രാജസ്ഥാൻ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സ് വിജയിച്ചതാണ് രാജസ്ഥാന് തിരിച്ചടിയായത്. 

താരതമ്യേന വേഗം കുറഞ്ഞ പിച്ചാണ് ജയ്പൂരിലേത്. അതിനാൽ തന്നെ സ്പിന്നർമാരെ തുണയ്ക്കുന്ന സാഹചര്യമാണുള്ളത്. 160 - 180 റൺസ് ഈ പിച്ചിൽ ചേസ് ചെയ്യുക അത്ര എളുപ്പമാകില്ല. 172 റൺസാണ് ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ. യുസ്വേന്ദ്ര ചാഹൽ, രവിചന്ദ്രൻ അശ്വിൻ തുടങ്ങി ലോകോത്തര സ്പിന്നർമാരുള്ള രാജസ്ഥാന്റെ ബൗളിംഗ് നിരയെ വിരാട കോഹ്ലി, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്‌സ്വെൽ തുടങ്ങിയ പ്രതിഭാധനരായ ബാറ്റ്‌സ്മാൻമാർ എങ്ങനെ നേരിടുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 

ഇനി വെറും 3 മത്സരങ്ങൾ മാത്രമാണ് ബെം​ഗളൂരുവിന് മുന്നിലുള്ളത്. ഇതിൽ 3 മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ബെം​ഗളൂരുവിന് പ്ലേ ഓഫ് സ്വപ്നം കാണാൻ സാധിക്കൂ. കാരണം, 3 മത്സരങ്ങളും വിജയിച്ചാൽ ബെം​ഗളൂവിന് 16 പോയിന്റ് ലഭിക്കും. നിലവിൽ ബെം​ഗളൂരുവിന് പുറമെ ചെന്നൈ, മുംബൈ, ലക്നൗ, രാജസ്ഥാൻ, പഞ്ചാബ് എന്നീ ടീമുകൾക്ക് 16 പോയിന്റ് ലഭിക്കാൻ സാധ്യതയുണ്ട്. ​ഗുജറാത്ത് ഇതിനോടകം തന്നെ 16 പോയിന്റ് നേടിക്കഴിഞ്ഞു. മുംബൈ, ചെന്നൈ ടീമുകൾക്ക് 15 പോയിന്റ് വീതമുണ്ട്. 13 പോയിന്റുമായി ലക്നൗവാണ് പോയിന്റ് പട്ടികയിൽ നിലവിൽ 5-ാം സ്ഥാനത്ത്. 

ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ ബെംഗളൂരുവിനാണ് നേരിയ മേൽക്കൈ. 28 തവണയാണ് ബെംഗളൂരുവും രാജസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ 14 തവണയും വിജയിച്ചത് ബെംഗളൂരുവാണ്. രാജസ്ഥാൻ 12 തവണ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചു. ജയ്പൂരിൽ കളിച്ച 8 മത്സരങ്ങളിൽ ഇരുടീമുകളും 4 മത്സരങ്ങൾ വീതം വിജയിച്ചു. 

സാധ്യതാ ടീം

രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്ലർ, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, ജോ റൂട്ട്, ഷിമ്റോൺ ഹെറ്റ്മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ദേവദത്ത് പടിക്കൽ, യുസ്വേന്ദ്ര ചാഹൽ, സന്ദീപ് ശർമ, ട്രെന്റ് ബോൾട്ട്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്സ്വെൽ, മഹിപാൽ ലോംറോർ, അനുജ് റാവത്ത്, ദിനേശ് കാർത്തിക്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, വിജയ്കുമാർ വൈശാഖ്, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News