Virat Kohli: കൊടുത്താൽ തിരിച്ചും കിട്ടുമെന്ന് ഓർമ്മിപ്പിച്ച് കോഹ്ലി; ഡ്രസിംഗ് റൂം വീഡിയോ വൈറൽ

 Virat Kohli's celebration in Dressing Room: ഗൗതം ഗംഭീറുമായി 10 വര്‍ഷം മുമ്പും സമാനമായ രീതിയില്‍ കോഹ്ലി ഏറ്റുമുട്ടിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 2, 2023, 05:32 PM IST
  • കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലക്‌നൗ താരങ്ങളുമായി കോഹ്ലി ഏറ്റുമുട്ടിയിരുന്നു.
  • ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.
  • മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ പോലും ലക്‌നൗ താരങ്ങള്‍ക്ക് ബെംഗളൂരുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനായില്ല.
Virat Kohli: കൊടുത്താൽ തിരിച്ചും കിട്ടുമെന്ന് ഓർമ്മിപ്പിച്ച് കോഹ്ലി; ഡ്രസിംഗ് റൂം വീഡിയോ വൈറൽ

ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ സംഭവബഹുലമായ മത്സരത്തിന് പിന്നാലെ എതിരാളികളോട് മാസ് ഡയലോഗുമായി വിരാട് കോഹ്ലി. കൊടുത്താൽ തിരിച്ചുകിട്ടുമെന്ന കാര്യം ഓർമ്മ വേണമെന്നും ഇല്ലെങ്കിൽ കൊടുക്കാൻ നിൽക്കരുതെന്നും കോഹ്ലി പറഞ്ഞു. മത്സര ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തുവിട്ട ഡ്രസിംഗ് റൂം വീഡിയോയിലായിരുന്നു കോഹ്ലിയുടെ മാസ് ഡയലോഗ്. 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലക്‌നൗ താരങ്ങളുമായി കോഹ്ലി ഏറ്റുമുട്ടിയിരുന്നു. 127 റൺസ് എന്ന താരതമ്യേന ചെറിയ സ്‌കോർ പിന്തുടരാൻ ലക്‌നൗ ബാറ്റ്‌സ്്മാൻമാർക്ക് കഴിഞ്ഞിരുന്നില്ല. ലക്‌നൗവിന്റെ ഓരോ താരങ്ങളും പുറത്താകുമ്പോൾ കോഹ്ലി അമിതമായി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. എന്നാൽ, മത്സരത്തിന്റെ 17-ാം ഓവറിലാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. 

ALSO READ: ചരിത്രം ആവർത്തിച്ചു; 10 വർഷങ്ങൾക്കിപ്പുറവും ചൂടാറാതെ കോഹ്ലിയും ഗംഭീറും

ലക്‌നൗ താരം നവീൻ ഉൾ ഹഖുമായി വിരാട് കോഹ്ലി വാക്‌പോരിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മത്സരത്തിനിടെ കോഹ്ലി എന്തോ പറയുന്നതും നവീൻ ഇതിന് മറുപടി പറയുകയും ചെയ്യുന്നുണ്ട്. തുടർന്ന് അമ്പയർമാർ ഇടപെട്ടിട്ടും പിന്മാറാൻ കോഹ്ലി തയ്യാറായില്ല. നവീനെ കോഹ്ലി തന്റെ ഷൂ ചൂണ്ടിക്കാട്ടുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. വിരാട് കോഹ്ലി എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. 

ഇതിനിടെ വിരാട് കോഹ്ലിയും നവീനും പരസ്പരം തുറിച്ചു നോക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലക്‌നൗവിന്റെ അമിത് മിശ്രയോടും കോഹ്ലി എന്തോ പറയുന്നുണ്ട്. മത്സര ശേഷം വിരാട് കോഹ്ലിയും നവീൻ ഉൾ ഹഖും തമ്മിൽ ഹാൻഡ് ഷേക്ക് ചെയ്തപ്പോഴും ഉരസലുണ്ടായി. ഇതിന് പിന്നാലെയാണ് കൈൽ മെയേഴ്‌സ് നടന്നു പോകുകയായിരുന്ന കോഹ്ലിയുടെ സമീപത്തെത്തി പ്രകോപിപ്പിച്ചത്. മെയേഴ്‌സിനെ പിടിച്ചു മാറ്റാൻ മെന്റർ ഗൗതം ഗംഭീർ എത്തിയതോടെ രംഗം ശമിച്ചെന്ന് കരുതിയെങ്കിലും വിട്ടുകൊടുക്കാൻ കോഹ്ലി തയ്യാറായില്ല. 

2013ലെ ഏറ്റുമുട്ടലിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കോഹ്ലിയും ഗംഭീറും വീണ്ടും മുഖാമുഖം നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ലക്‌നൗ നായകൻ കെ.എൽ രാഹുൽ ഇടപെട്ടിട്ടും രംഗം ശമിപ്പിക്കാൻ കഴിഞ്ഞില്ല. മത്സര ശേഷം ഉണ്ടായ മോശം പെരുമാറ്റത്തിന് നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും കോഹ്ലിയ്ക്കും ഗംഭീറിനും 100 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. 40 പന്തിൽ 44 റൺസ് നേടിയ നായകൻ ഫാഫ് ഡുപ്ലസിയായിരുന്നു ബെംഗളൂരുവിന്റെ ടോപ് സ്‌കോറർ. വിരാട് കോഹ്ലി 30 പന്തിൽ 31 റൺസ് നേടി. ലക്‌നൗവിന് വേണ്ടി 4 ഓവറിൽ 30 റൺസ് വഴങ്ങിയ നവീൻ 3 വിക്കറ്റുകൾ സ്വന്തമാക്കി. 

മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ പോലും ലക്‌നൗ താരങ്ങൾക്ക് ബെംഗളൂരുവിന് മേൽ സമ്മർദ്ദം ചെലുത്താനായില്ല. ഫീൽഡിംഗിനിടെ പരിക്കേറ്റ നായകൻ കെ.എൽ രാഹുലിന്റെ അസാന്നിദ്ധ്യമാണ് ലക്‌നൗവിന് തിരിച്ചടിയായത്. 19.5 ഓവറിൽ 108 റൺസ് നേടാനെ ലക്‌നൗവിന് സാധിച്ചുള്ളൂ. പരിക്കുമായി അവസാന സ്ഥാനത്ത് ബാറ്റ് ചെയ്ത രാഹുൽ നിസ്സഹായനായതോടെ ബെംഗളൂരു 18 റൺസിന് വിജയിക്കുകയായിരുന്നു. 

ബെംഗളൂരുവിന് വേണ്ടി ജോഷ് ഹേസൽവുഡ്, കരൺ ശർമ്മ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 1 ഓവർ മാത്രം പന്തെറിഞ്ഞ ഗ്ലെൻ മാക്‌സ്വെൽ 3 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ ബെംഗളൂരു അഞ്ചാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തായിരുന്ന ലക്‌നൗ മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News