ഐപിഎല്ലിൽ ഇന്ന് റോയ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ബെംഗളൂരുവിന് ഇന്ന് ജയിച്ചേ തീരൂ. ഹൈദരാബാദ് ഇതിനോടകം തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
രണ്ട് മത്സരങ്ങളാണ് ബെംഗളൂരുവിന് ഇനിയുള്ളത്. രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ബെംഗളൂരുവിന് പ്ലേ ഓഫിൽ എത്താൻ കഴിയൂ. അതിനാൽ ഇന്നത്തെ മത്സരം ബെംഗളൂരുവിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടം തന്നെയാണ്. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി മുഖം രക്ഷിക്കാനാകും ഹൈദരാബാദിന്റെ ശ്രമം.
ALSO READ: പഞ്ചാബിനെ പഞ്ചറാക്കി ഡൽഹി; രാജസ്ഥാന് പ്രതീക്ഷ
ബെംഗളൂരുവിന്റെ പരാജയത്തിനായി പ്രാർത്ഥിക്കുന്ന രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ലക്‌നൗ സൂപ്പർ ജയന്റ്‌സും. ഹൈദരാബാദ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയാൽ പോയിന്റ് പട്ടികയിൽ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈയും മൂന്നാം സ്ഥാനത്തുള്ള ലക്‌നൗവും പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടും. അങ്ങനെയെങ്കിൽ നാലാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കടുക്കും. നിലവിൽ 14 പോയിന്റുമായി മുംബൈയാണ് നാലാം സ്ഥാനത്ത്.
ഇന്നത്തെ മത്സരം ബെംഗളൂരുവിനെ പോലെ തന്നെ സഞ്ജുവിന്റെ രാജസ്ഥാനും നിർണായകമാണ്. ഇന്ന് ഹൈദരാബാദിനോട് പരാജയപ്പെട്ടാൽ അത് ബെംഗളൂരുവിന് വലിയ തിരിച്ചടിയാകും. അവസാന മത്സരത്തിൽ വിജയിച്ചാലും ബെംഗളൂരുവിന് 14 പോയിന്റ് മാത്രമേ ലഭിക്കൂ. നിലവിൽ പഞ്ചാബ്, കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾക്കും പരമാവധി 14 പോയിന്റ് നേടാനേ കഴിയൂ. പിന്നീട് നടക്കാനിരിക്കുന്ന മുംബൈ-ഹൈദരാബാദ് മത്സരത്തിൽ മുംബൈ കൂടി പരാജയപ്പെടുകയും അവസാന മത്സരത്തിൽ രാജസ്ഥാൻ വിജയിക്കുകയും ചെയ്താൽ പ്ലേ ഓഫിൽ എത്താം.
സാധ്യതാ ടീം
സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം (C), ഹെന്റിച്ച് ക്ലാസൻ (WK), അബ്ദുൾ സമദ്, സൻവീർ സിംഗ്, മാർക്കോ ജാൻസെൻ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ടി നടരാജൻ, അൻമോൽപ്രീത് സിംഗ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (C), അനൂജ് റാവത്ത്, ഗ്ലെൻ മാക്സ്വെൽ, മഹിപാൽ ലോംറോർ, ദിനേശ് കാർത്തിക് (WK), മൈക്കൽ ബ്രേസ്വെൽ, വെയ്ൻ പാർനെൽ, കർൺ ശർമ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...