അഞ്ച് തവണ ഐപിഎൽ കിരീടം ഉയർത്തിയ മുംബൈ ഇന്ത്യൻസിന് 2024 സീസണിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും തുടർച്ചയായ തോൽവി. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡയിത്തിൽ വെച്ച് മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനോട് ആറ് വിക്കറ്റിനാണ് തോറ്റത്. രാജസ്ഥാന്റെ ബോളിങ് ആക്രമണത്തിൽ തകർന്ന മുംബൈക്ക് 126 റൺസ് വിജയലക്ഷ്യമാണ് ഉയർത്താൻ സാധിച്ചത്. ഇത് റിയാൻ പരാഗിന്റെ ബാറ്റിങ് മികവിൽ രാജസ്ഥാൻ 27 പന്തുകൾ ബാക്കി നിർത്തി മറികടന്നു. സീസണിൽ കളിച്ച മൂന്ന് മത്സരത്തിൽ ജയം സ്വന്തമാക്കിയ സഞ്ജുവിന്റെ രാജസ്ഥാൻ ഐപിഎൽ 2024 പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
വാങ്കഡെയിൽ ടോസ് നേടിയ സഞ്ജു മുംബൈയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ട്രെൻഡ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ മികച്ച ക്യാച്ചിലൂടെ സഞ്ജു പുറത്താക്കിയാണ് മുംബൈയുടെ പതനത്തിന് തുടക്കമായത്. തൊട്ടടുത്ത പന്തിൽ മൂന്നാമനായി ക്രീസിലെത്തിയ നമൻ ധീറിന്റെ വിക്കറ്റും കൂടി ബോൾട്ട് നേടിയതോടെ മുംബൈക്ക് സമ്മർദ്ദം ഇരിട്ടിയായി. ഇംപാക്ട് പ്ലെയറായി ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രീവിസിനെ പാണ്ഡ്യ പരീക്ഷച്ചെങ്കിലും അതും വിഫലമായി. വീണ്ടും കീവിസ് താരമെത്തി മുംബൈയുടെ അടുത്ത ബോൾട്ടൂരി. അടുത്ത ഓവറിൽ നന്ദ്രെ ബർഗറെത്തി ഓപ്പണർ ഇഷാൻ കിഷനെയും കൂടി പവലിയനിലേക്ക് മടക്കിയപ്പോൾ മുംബൈയുടെ മുന്നേറ്റ നിര മുഴുവൻ കൂടാരമണഞ്ഞു.
ALSO READ : IPL 2024 : അവസാന ഓവറിൽ പരാഗിന്റെ ആറാട്ട്; ഡൽഹിക്ക് ലക്ഷ്യം 186 റൺസ്
ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് മെല്ലെ മുംബൈയെ അപകടത്തിൽ നിന്നും കരകയറ്റാൻ ശ്രമിച്ചു. എന്നാൽ കൂട്ടുകെട്ടിന് യുസ്വേന്ദ്ര ചഹൽ അവസാനം കുറിച്ചു. നൈറ്റ് വാച്ചമാനായി പത്താം ഓവറിൽ പിയുഷ് ചവളയെ ഇറിക്കിയെങ്കിലും പാണ്ഡ്യയുടെ ആ ശ്രമവും വിഫലമായി. വാലറ്റത്താരങ്ങളുടെ സംഭാവനയിൽ മുംബൈ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. രാജസ്ഥാനായി ബോൾട്ടും ചഹലും മൂന്ന് വീതം വിക്കറ്റുകൾ നേടി. ബർഗർ രണ്ടും ആവേശ് ഖാൻ ഒന്നും വീതം വിക്കറ്റുകൾ സ്വന്തമാക്കി.
126 റൺസെന്ന് ചെറിയ സ്കോർ ലക്ഷ്യമാക്കി ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം അത്രകണ്ട ശുഭകരമല്ലായിരുന്നു. ആദ്യ ഓവറിൽ യശ്വസി ജയ്സ്വാളിനെയും പിന്നീട് 12 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജുവിനെയും ഓപ്പണർ ജോസ് ബട്ട്ലറെയും ആർആറിന് തുടക്കത്തിൽ നഷ്ടമായി. നൈറ്റ് വാച്ച്മാൻ ആർ അശ്വിനെ എത്തിച്ചാണ് സഞ്ജു മുംബൈയുടെ സമ്മർദ്ദത്തെ മറികടന്നത്. ഈ നീക്കം റിയാൻ പരാഗിൽ നിന്നും കൂടുതൽ സമ്മർദ്ദം ഇല്ലാതാക്കാൻ സാധിച്ചുയെന്നും പറയേണ്ടി വരും. ഇംപാക്ട് പ്ലെയറായി ശുഭം ദൂബെ എത്തിയെങ്കിലും മത്സരത്തിന്റെ ചുക്കാൻ പിടിച്ചത് പരാഗ് തന്നെയായിരുന്നു. അവസാനം തുടരെ സിക്സറുകൾ പറത്തി റിയാൻ രാജസ്ഥാൻ സീസണിലെ മൂന്നാത്തെ ജയത്തിലേക്കെത്തിച്ചു.
അകാശ് മദ്വാല മുംബൈക്കായി മൂന്ന് വിക്കറ്റുകൾ നേടി. ക്വെനാ മാഫക്കയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. മുംബൈയ്ക്കെതിരെയുള്ള വാങ്കഡെയിലെ ജയത്തോടെ സീസണിൽ ഇതുവരെ എവെ മത്സരത്തിൽ വിജയം നേടുന്ന രണ്ടാമത്തെ ടീമായി മാറി രാജസ്ഥാൻ റോയൽസ്. നേരത്ത് ആർസിബിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ തട്ടകത്തിൽ വെച്ച് ഏഴ് വിക്കറ്റിന് തകർത്തിരുന്നു. ബാക്കി സീസണിൽ നടന്ന 12 മത്സരങ്ങളിലും ഹോം ടീമിനാണ് ജയം നേടാനായിട്ടുള്ളത്. ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെ നേരിടും. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.