ദുബായ്: ഐപിഎൽ (IPL 2021) കലാശപ്പോരിൽ ഇന്ന് നേർക്കുനേർ ഇറങ്ങാൻ പോകുന്നത് ലോകകപ്പ് (WorldCup) നേടിയ രണ്ട് ക്യാപ്റ്റൻമാരാണ്. മഹേന്ദ്രസിങ് ധോണി (MS Dhoni) നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും (Chennai Super Kings) ഒയിൻ മോർഗൻ (Eoin Morgan) നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് (Kolkata Knight Riders) കലാശപോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിംഗ്സ് മത്സരം.
ഐപിഎല്‍ ഫൈനലിന് ഏറ്റവും കൂടുതല്‍ തവണ യോഗ്യത നേടിയ നായകനാണ് ധോണി. എന്നാല്‍ ബാറ്റിംഗില്‍ അത്ര മികച്ച സീസണായിരുന്നില്ല ധോണിക്ക്. 16.28 ബാറ്റിംഗ് ശരാശരിയും 106.54 സ്ട്രൈക്ക് റേറ്റും. എങ്കിലും ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ ഫിനിഷ് ചെയ്ത ധോണി ആത്മവിശ്വാസം തിരിച്ചുപിടിച്ചിട്ടുണ്ട്. സീസണില്‍ കൊല്‍ക്കത്ത നായകന് ഒറ്റയക്കത്തില്‍ പുറത്തായത് 10 തവണ. 15 കളിയില്‍ 11.72 ബാറ്റിംഗ് ശരാശരിയും 98.47 എന്ന പരിതാപകരമായ സ്ട്രൈക്ക് റേറ്റും.
ഫൈനലിൽ മൂന്നുതവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. അതേസമയം, രണ്ടു തവണ ചാമ്പ്യന്മാരായിട്ടുള്ള കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം നേടാനുള്ള അവസരമാണ്.
ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ചെന്നൈ സൂപ്പർ കിങ്സ്, ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ ഒന്നാം ക്വാളിഫയറിൽ വീഴ്ത്തിയാണ് ഫൈനലിലെത്തിയത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, എലിമിനേറ്ററിൽ വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെയും വീഴ്ത്തിയാണ് ഫൈനലിലെത്തിയത്.
ദുബായിൽ നടന്ന 12 മത്സരങ്ങളിൽ ഒൻപതിലും രണ്ടാമതു ബാറ്റു ചെയ്ത ടീമുകളാണ് ജയിച്ചത്. അതുകൊണ്ട് തന്നെ മത്സരത്തിൽ ടോസ് നേടുന്നവർ ബോളിങ് തെരഞ്ഞെടുക്കാനാകും താൽപര്യപ്പെടുക. ഇവിടുത്തെ അവസാന എട്ടു മത്സരങ്ങളിലും ജയിച്ചത് രണ്ടാമതു ബാറ്റു ചെയ്തവരാണ്.
Also Read: IPL 2021 Playoff : ധോണിയുടെ ഫിനിഷിങിൽ Chennai Super Kings ഐപിഎൽ ഫൈനലിൽ
ചെന്നൈ നിരയിൽ സുരേഷ് റെയ്ന പരുക്കു ഭേദമായി കളത്തിലിറങ്ങാൻ തയാറാണെങ്കിലും കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ ധോണി മാറ്റം വരുത്താൻ സാധ്യത കുറവാണ്. പ്രത്യേകിച്ചും റെയ്നയ്ക്കു പകരം കളിച്ച റോബിൻ ഉത്തപ്പ ക്വാളിഫയറിൽ അർധസെഞ്ചുറി നേടി തിളങ്ങിയ സാഹചര്യത്തിൽ. കൊൽക്കത്തയ്ക്കെതിരെ യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ പ്രകടനം ചെന്നൈയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. സ്പിന്നിനെതിരെ മികച്ച റെക്കോർഡുള്ള ഗെയ്ക്വാദ്, കൊൽക്കത്തയുടെ സുനിൽ നരെയ്ൻ – വരുൺ ചക്രവർത്തി സഖ്യത്തെ കൈകാര്യം ചെയ്യുന്നത് നിർണായകമാകും. ദുബായിൽ ഡുപ്ലേസി തിളങ്ങുന്നതും ചെന്നൈയ്ക്ക് നിർണായകമാണ്. ഇവിടെ കളിച്ച മത്സരങ്ങളിൽ 0, 10, 76, 1 എന്നിങ്ങനെയാണ് ഡുപ്ലേസിയുടെ സ്കോറുകൾ.
കൊൽക്കത്ത (Kolkata) നിരയിൽ ഷാക്കിബ് അൽ ഹസനു പകരം ആന്ദ്രെ റസ്സൽ (Andre Russell) കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പരുക്കിന്റെ പിടിയിലായിരുന്ന റസ്സൽ കായികക്ഷമത വീണ്ടെടുത്തെന്നാണ് റിപ്പോർട്ട്. റസ്സലിന് ചെന്നൈയ്ക്കെതിരെയുള്ള മികച്ച റെക്കോർഡും മോർഗൻ പരിഗണിച്ചേക്കും. ചെന്നൈയ്ക്ക് ഋതുരാജ് ഗെയ്ക്വാദ് (Ruturaj Gaikwad) പോലെയാണ് കൊൽക്കത്തയ്ക്ക് വെങ്കടേഷ് അയ്യർ. ഇത്തവണ യുഎഇയിലെ (UAE) മത്സരങ്ങളിൽ കൊൽക്കത്തയ്ക്ക് തുണയായ പ്രധാന ഘടകം കൂടിയാണ് അയ്യരുടെ ഫോം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...