Dubai: IPL 2020ലെ രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ വിജയം നേടി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. അവസാനം വരെ ആവേശം കൊള്ളിച്ച മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഏകപക്ഷീയമായാണ് ഡല്‍ഹി വിജയം നേടിയത്.
ഇരുടീമുകളും 20 ഓവറുകള്‍ പൂര്ത്തിയക്കിപ്പോള് ഡല്‍ഹി ക്യാപ്പിറ്റല്‍സ് - കിങ്സ് ഇലവന് പഞ്ചാബ് മത്സരം ടൈ. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് മാത്രം ശേഷിക്കെ ക്രിസ് ജോര്‍ദനെ മാര്‍ക്കസ് സ്റ്റോയ്നിസ് റബാദയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (KL Rahul) ഡല്‍ഹിയെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു.
20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് ഡല്‍ഹി നേടിയത്. ആറാമനായി കളത്തിലിറങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയെ 157 റണ്‍സ് എന്ന സ്കോറിലെത്തിച്ചത്. 21 പന്തുകളില്‍ മൂന്നു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സാണ് സ്റ്റോയ്നിസ് നേടിയത്. അവസാന ഓവറില്‍ ക്രിസ് ജോര്‍ദാന്റെ പന്തുകളെ നേരിട്ട സ്റ്റോയ്നിസ് ഡല്‍ഹിയുടെ സ്കോര്‍ 150 കടത്തി. 30 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്.
മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വച്ച മുഹമ്മദ് ഷമി നാല് ഓവറില്‍ വെറും 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബും എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. വിജയസാധ്യത ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ മത്സരത്തില്‍ അവസാന നിമിഷത്തില്‍ പഞ്ചാബിനായിരുന്നു വിജയസാധ്യത. മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ വിജയത്തിനു തൊട്ടരികെയെത്തിയ പഞ്ചാബിന് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു.
മാര്‍ക്കസ് സ്റ്റോയ്നിസ് എറിഞ്ഞ ആ ഓവറിലെ ആദ്യ പന്ത് സിക്സ്, രണ്ടാമത്തെ പന്ത് ഡബിള്‍സ്, മൂന്നാം പന്ത് ഫോര്‍ എന്നിങ്ങനെ സ്കോറുകള്‍ ഉയര്‍ത്തി. ഒടുവില്‍ അവസാന മൂന്നു പന്തില്‍ ആകെ വേണ്ടിയിരുന്നത് ഒരു റണ്‍സ് മാത്രമായിരുന്നു. മൂന്നു പന്തില്‍ രണ്ടെണ്ണം വിക്കറ്റായി മാറിയതോടെ മത്സരം ടൈയാകുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ വെറും രണ്ട് റണ്‍സിന് ഓള് ഔട്ടാക്കിയ കഗീസോ റബാദയാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്.
സൂപ്പര്‍ ഓവറിലെ രണ്ടാം പന്തില്‍ രാഹുലും മൂന്നാം പന്തില്‍ നിക്കോളാസും പുറത്തായി. ഇതോടെ പഞ്ചാബ് രണ്ടു റണ്‍സില്‍ ഒതുങ്ങി. മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ മൂന്ന് പന്തില്‍ നിന്ന് ഡല്‍ഹി വിജയലക്ഷ്യ൦ കണ്ടു. ഒരു റണ്‍ വൈഡിലൂടെ സംഭാവന നല്‍കിയതോടെ ബാക്കി രണ്ടു റണ്‍സ് പന്ത് ഓടിയെടുത്തു.