ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ വിജയ സാധ്യത മഴ തട്ടിയെടുത്തതിന്റെ നിരാശ മറന്ന് വിരാട് കോലിയും(Virat Kohli) സംഘവും ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം. ലോക ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിലാണ്(Lords) ഇന്ത്യയും ഇംഗ്ലണ്ടും(India vs England) ഏറ്റുമുട്ടുക.
അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയില്‍ ആദ്യ പോരാട്ടം സമനിലയില്‍ കലാശിച്ചതിനാല്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നില്‍ കാണുന്നില്ല. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമിൽ നിന്ന് വലിയ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലി മുതിർനേക്കില്ല. എന്നാൽ പരിക്കേറ്റ പേസർ ഷാർദുൽ താക്കൂറിനു(Shardul Thakur) പകരം ആര് എന്നതാണ് പ്രധാന ആശയക്കുഴപ്പം. താക്കൂറിന് പകരം ഇഷാന്ത് ശര്‍മയോ സ്പിന്നര്‍ ആര്‍. അശ്വിനോ ഇടംപിടിച്ചേക്കും. സ്പിന്നറെ ഒഴിവാക്കി നാല് പേസര്‍മാരുമായി കളിക്കാനാണ് തീരുമാനമെങ്കില്‍ ഇഷാന്തിനാകും നറുക്കുവീഴുക. ജസ്പ്രീത് ബുംറ(Jasprit Bumrah) ഫോം വീണ്ടെടുത്തതും മുഹമ്മദ് ഷമി(Muhammed Shami) സ്ഥിരതയോടെ പന്തെറിയുന്നതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.
സമനിലയിലായ ആദ്യ ടെസ്റ്റില്‍ ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ 13 ഓവര്‍ മാത്രം എറിഞ്ഞ് ശര്‍ദുല്‍ പിന്മാറിയതോടെയാണ് ഫിറ്റ്‌നസിനെ ചൂണ്ടി ചോദ്യങ്ങള്‍ ഉയര്‍ന്നത്. സ്റ്റുവര്‍ട് ബ്രോഡ് രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് അറിയിച്ചതിന് പിന്നാലെ ജെയിംസ് ആന്‍ഡേഴ്സണും ടെസ്റ്റില്‍ കളിക്കുന്നത് സംശയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം ഷാക്കിബ് മഹ്മൂദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: Ravi Shastri: ടി-20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
ആദ്യടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ഇന്ത്യൻ ബാറ്റിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ശാരീരികക്ഷമത വീണ്ടെടുത്തെങ്കിലും അവസരം ലഭിക്കില്ല. കെ എൽ രാഹുലിന് കഴിഞ്ഞ കളിയിലെ മികച്ച പ്രകടനമാണ് തുണയാകുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം രാഹുൽ തന്നെയാകും ഇന്നിങ്സിന് തുടക്കമിടുക. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് ഈ മത്സരം നിര്‍ണായകമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ തുടരുന്നത് ഇരുതാരങ്ങൾക്കും പ്രയാസമാകും. നായകന്‍ വിരാട് കോലിയും ബാറ്റിങ് ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ബൗളിങ്ങില്‍ തിളങ്ങിയില്ലെങ്കിലും ബാറ്റിങ് കരുത്തുകൊണ്ട് രവീന്ദ്ര ജഡേജ ടീമിൽ തുടർന്നേക്കും. ഇംഗ്ലണ്ടിനും ബാറ്റിങ്ങില്‍ പ്രശ്‌നങ്ങളുണ്ട്. നായകന്‍ റൂട്ടിനെ ടീം അമിതമായി ആശ്രയിക്കുന്നുണ്ട്. രണ്ടാമിന്നിങ്സില്‍ റൂട്ട് പൊരുതിനേടിയ സെഞ്ചുറിയാണ് ടീമിനെ രക്ഷിച്ചത്. ഓപ്പണര്‍ റോറി ബേണ്‍സിന് പകരം ഹസീബ് ഹമീദിനെ പരീക്ഷിക്കാനിടയുണ്ട്.
ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന കളിക്കളമാണ് ലോർഡ്സ്. ലോർഡ്സിൽ ഇതുവരെ കളിച്ച 18 ടെസ്റ്റുകളിൽ 12ലും ഇന്ത്യക്ക് തോറ്റുമടങ്ങേണ്ടി വന്നിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയക്കാൻ കഴിഞ്ഞത്. 1986ൽ കപിൽദേവും 2014ൽ എം.എസ്.ധോണിയും മാത്രമാണ് ഇവിടെ ഇന്ത്യയെ ടെസ്റ്റ് വിജയത്തിലെത്തിച്ച നായകന്മാർ. കൈവെള്ളയിൽ നിന്ന പോയ ആദ്യ ടെസ്റ്റിന്റെ നിരാശ ലോർഡ്സിൽ ചരിത്ര ജയത്തോടെ മറികടക്കാനാകുമെന്നാണ് കോലി കരുതുന്നത്.
ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ICC ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും പിഴയിട്ടു. മാച്ച് ഫീയുടെ 40 ശതമാനം ഇരുടീമുകളും പിഴയായി നൽകണം. ഇതിനു പുറമേ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇരുടീമുകൾക്കും രണ്ട് പോയിന്റ് വീതം നഷ്ടമാവുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...