രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത്.
2ന് 207 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന് മൂന്നാം ദിനം മത്സരം പുന:രാരംഭിച്ച ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിന്നാലെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 112 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ 8 വിക്കറ്റുകളും വീണു. ഇതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കരുതലോടെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാല്‍ സ്കോര്‍ 30ല്‍ നില്‍ക്കെ നായകന് രോഹിത് ശര്‍മ്മയുടെ (19) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.
ALSO READ: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ്; അഭിമാന നേട്ടം സ്വന്തമാക്കി രവിചന്ദ്രന്‍ അശ്വിന്
രോഹിത് മടങ്ങിയതോടെ ക്രീസില്‍ ഒന്നിച്ച യശസ്വി ജെയ്സ്വാള്‍ - ശുഭ്മാന്‍ ഗില്‍ സഖ്യം മികച്ച പ്രകടനം പുറത്തെടുത്തു. 'ബാസ് ബോള്‍ മൂഡി'ലായിരുന്ന ജെയ്സ്വാളിന് ഉറച്ച പിന്തുണയുമായി ഗില്‍ കളംനിറഞ്ഞു. ഇതോടെ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നു. 122 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജെയ്സ്വാള്‍ ഒരിക്കല്‍ കൂടി തന്റെ പ്രതിഭ തെളിയിച്ചു.
ഗില്ലുമായി ചേര്‍ന്ന് 155 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജെയ്സ്വാള്‍ പടുത്തുയര്‍ത്തിയത്. സെഞ്ച്വറി (104*) നേടിയതിന് പിന്നാലെ പുറംവേദന അനുഭവപ്പെട്ടതോടെ ജെയ്സ്വാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. പിന്നാലെ ക്രീസിലെത്തിയ രജത് പാട്ടീദാറിന് റണ്‍സൊന്നും നേടാനായില്ല. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ കുല്‍ദീപ് യാദവ് വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്നു. 65 റണ്‍സുമായി ഗില്ലും 3 റണ്‍സുമായി കുല്‍ദീപുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യയ്ക്ക് 322 റണ്‍സിന്റെ ലീഡുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട്, ടോം ഹാര്‍ട്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.