ലണ്ടൺ : ഇന്ത്യക്കെതിരെയുള്ള ട്വന്റി20, ഏകദിന പരമ്പരയിൽ നിന്ന് പിന്മാറി ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദ്. ഹജ്ജ് തീർഥാടനത്തിന് പങ്കെടുക്കുന്നതിനെ തുടർന്നാണ് ഇംഗ്ലണ്ട് താരം ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ നിന്ന് ഒഴിയുന്നതെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എഡ്ഡ്ബാസ്റ്റൺ ടെസ്റ്റിന് ശേഷം മൂന്ന് വീതം ടി20യും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ജൂലൈ ഏഴിന് ആരംഭിക്കുന്ന നിശ്ചിത ഓവർ ഫോർമാറ്റ് പരമ്പരകൾ ജൂലൈ 17ന് അവസാനിക്കും.
താരത്തിന്റെ ആവശ്യം പരിഗണിച്ച് ഇസിബിയും യോർക്ക്ഷെയ്റും അവധി നൽകുകയായിരുന്നു. മക്കയ്ക്ക് പോകുന്നതിനാൽ യോർക്ക്ഷെയ്ർ ടി20 ലീഗിൽ നിന്നും താരം വിട്ടു നിൽക്കുന്നുണ്ട്. ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരനാണ് റഷീദ്.
രണ്ടാഴ്ചത്തേക്കുള്ള തീർഥാടനത്തിനായി ഇംഗ്ലീഷ് താരം മക്കിലേക്ക് പോകുന്നത്. ശനിയാഴ്ച സൗദിയിലേക്ക് തിരിക്കുന്ന താരം ജൂലൈ മധ്യത്തോടെ തിരികെ എത്തും. തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ചേരും. ആരോഗ്യവും സാമ്പത്തികവുമുള്ള പ്രായപൂർത്തിയാകുന്ന മുസ്ലീം വിശ്വാസികൾ ജീവിതത്തിൽ ഒരു തവണയെങ്കിലും ഹജ്ജ് തീർഥാടനം നടത്തണമെന്നാണ് വിശ്വാസം.
അതേസമയം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായിട്ടുള്ള ലെസ്റ്റർഷെയ്റിനെതിരെയള്ള പരിശീലന മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 246 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്. 148ന് ഏഴ് എന്ന നിലയിൽ തകർന്നടിഞ്ഞ ഇന്ത്യൻ ഇന്നിങ്സിനെ കരകയറ്റിയത് എസ് ഭരത്തിന്റെ അർധ സെഞ്ചുറിയാണ്. 70 റൺസെടുത്ത താരം ബാറ്റിങ് തുടരുകയാണ്. 21കാരനായ റോമൻ വോക്കറാണ് രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ ഇന്ത്യൻ മുന്നേറ്റ നിരയെ തകർത്തത്. ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.