ദോഹ : ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾക്ക് തിരശീല വീണു. ഫിഫ ലോകകപ്പ് 2022ന് യോഗ്യത നേടിയ 32 ടീമുകളിൽ ഇനി 16 ടീമുകളാണ് ഖത്തറിൽ തുടരുന്നത്. ടൂർണമെന്റിന്റെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഒരു ദിവസം രണ്ട് വീതം മത്സരങ്ങൾ വെച്ച് നാല് ദിവസങ്ങൾ കൊണ്ട് പ്രീക്വാർട്ടർ പൂർത്തിയാകും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ നെതർലാൻഡ്സ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ യുഎസ്എ നേരിടും. അർജന്റീന ഓസ്ട്രേലിയ മത്സരമാണ് ഇന്ന് നടക്കുന്ന മറ്റൊരു മത്സരം.
ഈ നാല് ടീമുകൾക്ക് പുറമെ ഇംഗ്ലണ്ട്, ഫ്രാൻസ്, പോളണ്ട്. ജപ്പാൻ ക്രൊയേഷ്യ, ബ്രസീൽ, ദക്ഷിണ കൊറിയ, സെനെഗൽ, മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ് എന്നിവരാണ് ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇടം നേടിയിരിക്കുന്നത്.
ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ ലൈനപ്പ് ഇങ്ങനെ
നെതർലാൻഡ്സ് - യുഎസ്എ - ശനിയാഴ്ച രാത്രി 8.30ന്
അർജന്റീന- ഓസ്ട്രേലിയ- ഞായറാഴ്ച അർധ രാത്രി 12.30ന്
ഫ്രാൻസ്- പോളണ്ട്- ഞായറാഴ്ച രാത്രി 8.30ന്
ഇംഗ്ലണ്ട്-സെനെഗൽ- തിങ്കളാഴ്ച അർധരാത്രി 12.30ന്
ജപ്പാൻ- ക്രൊയേഷ്യ- തിങ്കളാഴ്ച രാത്രി 8.30ന്
ബ്രസീൽ - ദക്ഷിണ കൊറിയ- ചൊവ്വാഴ്ച അർധ രാത്രി 12.30ന്
മൊറോക്കോ- സ്പെയിൻ -ചൊവ്വാഴ്ച രാത്രി 8.30ന്
പോർച്ചുഗൽ- സ്വിറ്റ്സർലാൻഡ് - ബുധനാഴ്ച അർധ രാത്രി 12.30ന്
ഫിഫ ലോകകപ്പിലെ നോക്കൗട്ട് റൗണ്ട് നിയമങ്ങൾ
ഗ്രൂപ്പ് ഘട്ടങ്ങളിലെ സമനില എന്ന വിധി എഴുത്ത് ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരം മുതൽ ഉണ്ടാകില്ല. തമ്മിൽ ഏറ്റുമുട്ടുന്ന ടീമുകളിൽ ഒന്ന് ലോകകപ്പിൽ നിന്നും പുറത്താകുകയും മറ്റൊന്ന് ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. പ്രീക്വാർട്ടറിന് ശേഷം ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, തുടർന്ന് ഫൈനൽ എന്നിങ്ങിനെയാണ് മത്സരക്രമം.
എല്ലാ മത്സരങ്ങളിലെ പോലെ 90 മിനിറ്റിനുള്ളിൽ ജേതാക്കളെ കണ്ടെത്തിയാൽ മത്സരം അവിടെ അവസാനിക്കും. എന്നാൽ മത്സരം 90 മിനിറ്റും അതിന്റെ ഇഞ്ചുറി ടൈം പൂർത്തിയാക്കിട്ടും ജേതാക്കളെ കണ്ടെത്തിയില്ലെങ്കിൽ മത്സരം ഇനി അരമണിക്കൂർ നേരത്തേക്ക് നീട്ടും. രണ്ട് പകുതികളായി 15 മിനിറ്റ് വീതമാണ് അധിക സമയം നൽകുന്നത്.
എന്നിട്ടും മത്സരം സമനിലയിലാണെങ്കിൽ ജേതാക്കളെ പെനാൽറ്റിയിലൂടെ കണ്ടെത്തും. അഞ്ച് വീതം പെനാൽറ്റിയാണ് ഇരു ടീമുകൾക്കും നൽകുക. സബ്സ്റ്റിറ്റ്യൂട്ടായി കളത്തിൽ നിന്നും പിൻവലിച്ച താരങ്ങൾക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുക്കാൻ സാധിക്കില്ല. ഈ ഷോട്ടുകളിലൂടെയും ജേതാക്കൾ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, ഷൂട്ടൗട്ട് സഡൻ ഡെത്തിലേക്ക് പോകും. പെനാൽറ്റിയിൽ ഏതെങ്കിലും ഒരു ടീം അവസരം നഷ്ടപ്പെടുത്തുകയും എതിർ ടീം അത് മറികടക്കുകയും ചെയ്താൽ അവരെ ജേതാക്കളായി കണക്കിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...