പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് മൊറോക്കോ. എന്നാൽ, മൊറോക്കോയോട് തോറ്റ് മൈതാനത്ത് ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ണീർ വാർത്ത് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യം ഓരോ ഫുട്ബോൾ ആരാധകന്റെയും കണ്ണ് നനയിക്കുന്നതായിരുന്നു. ക്രിസ്റ്റ്യാനോയെ സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ച.
തന്റെ കളിമികവുകൊണ്ടും കഠിനാധ്വാനം കൊണ്ടും ഫുട്ബോളിലെ നേട്ടങ്ങൾ ഓരോന്നായി വെട്ടിപ്പിടിച്ച റൊണാൾഡോയ്ക്ക് ലോകകപ്പ് കിരീടം സ്വപ്നമായി അവശേഷിപ്പിച്ചുകൊണ്ട് മൈതാനം വിടേണ്ടി വന്നിരിക്കുകയാണ്. മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അൽ തുമാമ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് മുഖം കുനിച്ചിരുന്നു. സെമിഫൈനലിലേക്ക് കടക്കാനാകാത്തതിന്റെ നിരാശയിൽ കണ്ണീർവാർത്ത് മൈതാനം വിട്ടു.
Ah be… Neye sahip olursan ol, o gözyaşı bir şekilde damlar.#Ronaldo pic.twitter.com/34Nkdi18Ej
— Erman Gönülşen (@erman_gonulsen) December 10, 2022
ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോയെ ഇറക്കിയിരുന്നില്ല. രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ടിലെത്തിയത്. അപകടകരമായ നീക്കങ്ങൾ നടത്തിയെങ്കിലും ഗോളടിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചില്ല. നിലവിൽ 37 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ലോകകപ്പ് മത്സരം കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. വേഗതയും ചടുലതയും കൈമോശം വന്ന റോണോയ്ക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോയെന്നത് സംശയമാണ്. മൊറോക്കോയ്ക്കെതിരായ മത്സരത്തോടെ കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന പുരുഷ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. 196 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ കളിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...