യൂറോപ്പിലെ ഏറ്റവുമുയര്‍ന്ന റാങ്കുമായെത്തിയ ബെല്‍ജിയത്തെ മൈതാനത്ത് നടപ്പാക്കിയ തന്ത്രങ്ങള്‍ കൊണ്ടായിരുന്നു ഇറ്റലി കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലിയുടെ ജയം. ജ്യാക്കരീനിയും ഗ്രാസിയാനോ പെല്ലെയുമാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്.പ്രതിരോധത്തിലൂന്നി കളിക്കുമെന്ന് കരുതിയ ഇറ്റലി ആക്രമണം കൂടി ചേര്‍ത്ത് ബെല്‍ജിയത്തിന്റെ യുവരക്തത്തെ ഞെട്ടിച്ചു. ഒത്തൊരുമയില്ലാതെ കളിച്ചതാണ് ബെല്‍ജിയത്തിന് വിനയായത്. ബെല്‍ജിയത്തിന്റെ ദുര്‍ബലമായ പ്രതിരോധം മുതലെടുത്ത് ഇറ്റലി ആദ്യ ഗോള്‍ നേടി. ബൊനൂച്ചിയുടെ സ്വപ്നതുല്യമായ പാസില്‍ നിന്ന് ജ്യാക്കരീനിയുടെ ഗോള്‍.
രണ്ടാം പകുതിയില്‍ സമനില നേടാനും ജയിക്കാനും വരെയുള്ള അവസരങ്ങള്‍ ബെല്‍ജിയത്തിന് ലഭിച്ചു. ലുക്കാക്കുവും ഒറീഗിയും ഫെല്ലെയ്നിയുമെല്ലാം അത് നഷ്ടപ്പെടുത്തി. മറുവശത്ത് ക്വുര്ട്ട്വായുടെ ഉജ്വല സേവുകള്‍ ബെല്‍ജിയത്തിന്റെ തോല്‍വിയുടെ ആഴം കുറച്ചു. കളിയവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഇറ്റലിയുടെ പ്രത്യാക്രമണം ടൂര്‍ണമെന്റ് ഇത് വരെ കണ്ട മനോഹര നിമിഷങ്ങളില്‍ ഒന്നായി മാറി.