മുംബൈ : അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച് ഗ്ലെൻ മാക്സ്വെൽ. 91ന് ഏഴ് നിലയിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയയെയാണ് ഗ്ലെൻ മാക്സ്വെൽ ഒറ്റയ്ക്ക് പൊരുതി ജയം സമ്മാനിച്ചത്. 201 റൺസെടുത്ത താരം തന്റെ ആദ്യ ഏകദിന ഡബിൾ സെഞ്ചുറി എന്ന നേട്ടവും സ്വന്തമാക്കി. കൂടാതെ ഓസ്ട്രേലിയയ്ക്കായി ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമായി മാക്സ്വെൽ. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചേസാണിത്. ജയത്തോടെ ഓസ്ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു.
ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹിദി ആദ്യ ബാറ്റ് ചെയ്യാൻ തിരുമാനിക്കുകയായിരുന്നു. സദ്രാന്റെ സെഞ്ചുറി മികവിൽ അഫ്ഗാന നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുക്കുകയായിരുന്നു. സദ്രാന് പുറമെ മറ്റുള്ള താരങ്ങൾ ചെറിയ സ്കോറുകൾ നേടിയാണ് അഫ്ഗാൻ ഓപ്പണർക്ക് പിന്തുണ നൽകിയത്. എന്നാൽ ആറമനായി ക്രീസിലെത്തിയ റഷീദ് ഖാൻ നടത്തിയ ഇന്നിങ്സാണ അഫ്ഗാന്റെ സ്കോർ ബോർഡ് 300ന്റെ അരികിലെത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെസ്സൽവുഡ് രണ്ടും മിച്ചൽ സ്റ്റാർക്ക് ഗ്ലെൻ മാക്സ്വെൽ, ആഡം സാംപ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഫ്ഗാൻ ബോളിങ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. 91ന് ഏഴ് ഓസീസ് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ജയം ഉറപ്പിച്ചിരുന്നു. എന്നാൽ അഫ്ഗാന്റെ തോൽവിയുടെ തുടക്കം അവിടെ നിന്നായിരുന്നു. മക്സ്വെൽ തകർത്താടിയപ്പോൾ അഫ്ഗാൻ ആക്രമണത്തിൽ മുന ഒടിഞ്ഞു. കൂടാതെ ക്യാച്ചുകൾ കൈവിട്ട് അഫ്ഗാൻ താരങ്ങൾ മാക്സ്വെലിന് അവസരം നൽകുകയും ചെയ്തു. 218 പന്തിൽ 21 ഫോറും പത്ത് സിക്സറുകളും പറത്തിയാണ് മാക്സ്വലിന്റെ ഇരട്ട സെഞ്ചുറി. അഫ്ഗാനായി നവീൻ-ഉൾ-ഹഖ്, അസ്മത്തുള്ള ഒമർസായി, റഷീദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ജയത്തോടെ ഓസ്ട്രേലിയ ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ സെമിയിൽ പ്രവേശിക്കുന്ന മൂന്നാമത്തെ രാജ്യമാണ്. ഇന്നത്തെ ജയം അഫ്ഗാൻ സ്വന്തമാക്കിയിരുന്നെങ്കിൽ അഫ്ഗാന്റെ സെമി സാധ്യത വർധിച്ചേനെ. മറ്റ് ടീമുകളുടെ ജയവും അവസാന മത്സരത്തിലെ ജയവും കണക്കാക്കിയാണ് അഫ്ഗാന്റെ ഇനിയുള്ള സെമി സാധ്യത. ടൂർണമെന്റിൽ എട്ട് പോയിന്റാണ് അഫ്ഗാനുള്ളത്. അഫ്ഗാന് പുറമെ ന്യൂസിലാൻഡിനും പാകിസ്താനും എട്ട് പോയിന്റാണുള്ളത്. ഇരു ടീമുകൾക്ക് നെറ്റ് റൺ റേറ്റിന്റെ ആനുകൂല്യവുമുണ്ട്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.