താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഇവർ വിവാഹമോചനം നടത്താൻ പോവുകയാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്താത്തതാണ് ഈ റൂമറുകൾക്ക് പിന്നിൽ. ആനന്ദ് അമ്പാനി രാധിക മെർച്ചന്റ് വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്താതിരുന്നതിന് പിന്നാലെയാണ് വിവാഹ ബന്ധം വേർപിരിയുകയാണെന്ന വാർത്തകൾക്ക് തുടക്കമിട്ടത്.
ഐശ്വര്യ റായ് അഭിഷേകും കുടുംബവുമായി ചേർച്ചയിലല്ലെന്നും മകളുമൊത്ത് മറ്റൊരു വീട്ടിലാണ് താമസമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവർത്തക എഴുതിയ ലേഖനത്തിന് അഭിഷേക് ലൈക്ക് കൊടുത്തതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടി.
എന്നാൽ കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ ഇപ്പോഴും വിവാഹിതനാണെന്നും സ്റ്റോറികൾക്ക് വേണ്ടി ഓരോന്ന് ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് ബച്ചൻ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. ബോളിവുഡ് യുകെ മീഡിയ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ എത്തിയതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന വാർത്തയുമെത്തി.
ഈ വീഡിയോ പഴയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവാഹമോതിരം ഉയര്‍ത്തിക്കാണിച്ച് താന്‍ ഇപ്പോഴും വിവാഹിതനാണെന്ന് അഭിഷേക് പറയുന്നതാണ് വീഡിയോയിലുള്ളത്. വാർത്തകൾക്കായി കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണെന്നും അഭിഷേക് വീഡിയോയില്‍ പറയുന്നുണ്ട്. നിലവിൽ പ്രചരിക്കുന്ന വിവാഹമോചന വാര്‍ത്തകള്‍ക്കിടെ അഭിഷേക് നല്കിയ പ്രതികരണം എന്ന നിലയിലാണ് ഈ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് എട്ട് വര്‍ഷം മുമ്പുള്ള വീഡിയോയാണ്. നിലവില്‍ വിവാഹമോചന വാര്‍ത്തകളോട് അഭിഷേക് പ്രതികരിച്ചിട്ടില്ല.
വീഡിയോയില്‍ അഭിഷേക് പറയുന്നത് ഇങ്ങനെ - 'ഇതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇത് സങ്കടകരമാണ്. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് കുറച്ച് കഥകള്‍ ഉണ്ടാക്കണം. അത് മാത്രമാണ് ആവശ്യം. സാരമില്ല, ഞങ്ങള്‍ സെലിബ്രിറ്റികളാണല്ലോ. ഞങ്ങള്‍ ഇത് കേള്‍ക്കണം. നിങ്ങള്‍ ക്ഷമിക്കണം. ഞാന്‍ ഇപ്പോഴും വിവാഹിതനാണ്.'
2007 ഏപ്രില്‍ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 നവംബറില്‍ ഇരുവർക്കും മകൾ ആരാധ്യ പിറന്നു.