Kathir Farm Nilambur മണ്ണിനോട് പടവെട്ടി പ്രകൃതിയുടെ താളത്തിൽ ജീവിക്കുന്ന പഴയ കാല കേരള സംസ്കാരം കതിരിൽ തൊട്ടറിയാം. പരമ്പരാഗത രീതിയിൽ പനയോല മേഞ്ഞ ഹാൾ കതിരിന്റെ മാറ്റ് കൂട്ടുന്നു.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ കേരള അഗ്രി ടൂറിസം നെറ്റ് വർക്കിലെ ഏറ്റവും സന്ദർശക തിരക്കുള്ള ഫാമുകളിൽ ഒന്നാണ് കതിർ. മലപ്പുറം ജില്ലയിൽ നിലമ്പൂർ പെരുമ്പിലാവ് പൂക്കോട്ടും പാടത്താണ് ഫാം സ്ഥിതി ചെയ്യുന്നത്.
ഓല മേഞ്ഞ പടിപ്പുര പിന്നിട്ട് അകത്തേക്ക് കയറുമ്പോൾ ഇടത് വശത്ത് വാഹന പാർക്കിംഗും കമുകും ബെന്തി ചെടികളും അതിരിടുന്ന ചെറുവഴി കടന്നു വരുമ്പോൾ ഒരു വശത്ത് പച്ച വിരിച്ചു നിൽക്കുന്ന നെൽപാടം തുടങ്ങിയവാണ് ഫാമിനെ മനോഹരമാക്കുന്നത്.
ഈ നെൽപാടം നടപ്പാതക്ക് സമീപം കൂട്ടിലിട്ടു വളർത്തുന്ന മുയലുകളും ഗിനികളും പൂച്ചകൾ, നായ്ക്കൾ,സുന്ദരി കുതിര കൊക്കി കുറുകി നടക്കുന്ന കോഴികളും കുറച്ചപ്പുറത്ത് കുളത്തിൻ്റെ ഓളപരപ്പിൽ നിന്തികളിക്കുന്ന വെള്ളതാറാവുകളും കതിരിന്റെ മറ്റൊരു പ്രത്യേകത
ഇരുപത്തിയഞ്ച് സെന്റു വരുന്ന വലിയ ജലായശത്തിന്റെ നടുവിലെ തുരുത്തിലേക്കുള്ള തൂക്കുപാലം വലിയ ഒരു ആകർഷണമാണ്. കുളത്തിൽ പെഡൽ ബോട്ടുകളും കേരളത്തിൽ വലിയ പരിചിതമല്ലാത്ത കുട്ടവഞ്ചിയും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്.
ആസ്വാദ്യകരമായ അന്തരീക്ഷവും രുചികരമായ ഭക്ഷണവുമാണ് കതിർഫാമിന്റെ പെരുമ. ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലുള്ള റസ്റ്ററന്റ് കതിരിന്റെ മറ്റൊരു കലാസൃഷ്ടിയാണ് . പഴമായാലും പച്ചക്കറിയായാലും കൃഷിയിടത്തിൽ നിന്ന് നേരിട്ട് അടുക്കളയിലൂടെ തീൻ മേശയിലേക്ക് എന്നതാണ് ഇവിടുത്തെ ആശയം . കൃത്രിമരുചി കുട്ടുകൾ ഉപയോഗിക്കാതെ നാടൻ ശൈലിയിലുള്ള വിഭവങ്ങളാണ് കതിരിനെ ജനപ്രിയമാക്കുന്നത്
നാലേക്കർ വരുന്ന തെങ്ങിൻ തോട്ടത്തിൽ ഫിഷ് ഫാം ഒരുക്കിയാണ് കതിരിന്റെ തുടക്കം. ഭക്ഷണം കഴിക്കാം മീൻ കുളങ്ങൾ കാണാം എന്ന നിലയിലാണ് ആദ്യം ആളുകൾ വന്നു തുടങ്ങിയത് .പിന്നീട് കുട്ടികൾക്കുള്ള റൈഡുകളും മറ്റും ഒരുക്കി അങ്ങനെ കതിർ പതുക്കെ ഫാമിലി ഡെസ്റ്റിനേഷൻ ആയി മാറി