സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ നമ്മുടെ നാട്ടിൽ നിരവധിയുണ്ട്. കാടും കോടമഞ്ഞും ട്രക്കിംഗുമെല്ലാം തേടി കാടുകയറുന്നവർ കേരളത്തിൽ ഒരുപാടുണ്ട്.
Kalimala photos: സാഹസിക യാത്രകള്‍ എന്നും അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിക്കുക. അത്തരത്തിൽ മറക്കാനാകാത്ത കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരിടം തിരുവനന്തപുരത്തുണ്ട്.
ആരാലും ശ്രദ്ധിക്കപ്പെടാത്ത, കയറി ചെല്ലാൻ അത്ര എളുപ്പമല്ലാത്ത ഒരിടമാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളറടയ്ക്ക് സമീപമുള്ള കാളിമല. ഇവിടേയ്ക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
തെക്കൻ കുരിശുമല എന്നും ഇവിടം അറിയപ്പെടാറുണ്ട്. ഒരേ മലയിൽ തന്നെ ക്ഷേത്രവും കുരിശും ഉള്ളതിനാലാണ് കാളിമലയെന്നും കുരിശുമലയെന്നും ഇവിടം അറിയപ്പെടുന്നത്.
പ്രകൃതിയുടെയും വിശ്വാസത്തിൻ്റെയും സമന്വയമാണ് കാളിമലയിൽ കാണാനാകുക. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലാണ് കാളിമല സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരത്ത് നിന്ന് പോകുന്നവർ കുരിശുമലയിലേയ്ക്കും തമിഴ്നാട്ടിലെ പത്തുകാണി വഴി പോകുന്നവർ കാളിമലയിലേയ്ക്കുമാണ് എത്തുക. കുരിശുമലയിലേയ്ക്ക് 6 കിലോ മീറ്ററും കാളിമലയിലേയ്ക്ക് 2 കിലോ മീറ്ററും ട്രക്ക് ചെയ്ത് വേണം എത്താൻ.
കാളിമലയിൽ ഒരു പ്രാചീന ദേവീ ക്ഷേത്രമുണ്ട്. കുരിശുമലയിൽ മാനം മുട്ടി നിൽക്കുന്ന കുരിശാണ് വിശ്വാസികളെയും സഞ്ചാരികളെയും കാത്തിരിക്കുന്നത്.
കാളിമലയിൽ നിന്നാൽ തിരുവനന്തപുരത്തെ നെയ്യാർ ഡാമും തമിഴ്നാട്ടിലെ ചിറ്റാർ ഡാമും കാണാം എന്നതാണ് പ്രധാന സവിശേഷത. സഹ്യപര്‍വതത്തിന്റ ഭാഗമായ വരമ്പതി മലനിരയിലാണ് കാളിമല സ്ഥിതി ചെയ്യുന്നത്.
അതിരാവിലെ ട്രക്കിംഗ് ആരംഭിക്കുന്ന രീതിയിൽ വേണം കാളിമലയിൽ എത്താൻ. കാളിമലയിലേയ്ക്കോ കുരിശുമലയിലേയ്ക്കോ പോകുന്നവർ ആവശ്യമായ ഭക്ഷണവും വെള്ളവും കൈയ്യിൽ കരുതാൻ ശ്രദ്ധിക്കണം.