ദക്ഷിണാഫ്രിയ്ക്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ പരാജയം ഒരു പാഠമാണ്. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് ഓരോ കളിക്കാരനും തിരിച്ചറിയാനുള്ള പാഠം.
124 എന്ന ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയെ എളുപ്പത്തിൽ ജയിക്കാൻ വിട്ടില്ല ഇന്ത്യ എന്നത് ചെറിയ കാര്യമല്ല. 19 ഓവർ വേണ്ടിവന്നു ദക്ഷിണാഫ്രിയ്ക്കക്ക് ജയിക്കാൻ. ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റിന് 86 എന്ന നിലയിൽ ആയിരുന്നു ദക്ഷിണാഫ്രിക്ക. എങ്ങനെയാണ് ഇന്ത്യയുടെ വിജയം കൈപ്പിടിയിൽ നിന്ന് നഷ്ടപ്പെട്ടത്?
തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി മികച്ച ഫോമില്‍ നില്‍ക്കുകയായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ രണ്ട് പന്തുകള്‍ക്കപ്പുറത്തേക്ക് ക്ഷമിച്ച് നില്‍ക്കാന്‍ സഞ്ജു മനസ്സ് കാണിച്ചില്ല. വിക്കറ്റുകള്‍ മുഴുവന്‍ കാണിച്ച് ഇടത്തേക്ക് മാറിനിന്നുള്ള സ്ഥിരം ഷോട്ടിനുള്ള ശ്രമം അവസാനിച്ചത് ക്ലീന്‍ ബൗള്‍ഡില്‍.
എന്നാല്‍ സഞ്ജു സാംസണ്‍ ഡക്ക് ആയി പുറത്തായത് മാത്രമല്ല ഇന്ത്യന്‍ പരാജയത്തിന്റെ കാരണം. ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും ഇതുപോലെ തന്നെ പരാജയപ്പെട്ടിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ ആണ് ഇന്ത്യന്‍ പരാജയത്തിന്റെ ഒരു കാരണക്കാരന്‍ എന്ന് വേണമെങ്കില്‍ പറയാം. പന്തണ്ടാം ഓവറില്‍ അക്‌സര്‍ പട്ടേല്‍ പുറത്താകുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 70 റണ്‍സ് എന്ന നിലയില്‍ ആയിരുന്നു. ശേഷിച്ച എട്ട് ഓവറില്‍ നേടാനായത് ആകെ 54 റണ്‍സ് മാത്രം.
ഹാര്‍ദിക് പാണ്ഡ്യയുടെ സ്വാഗ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാതെ, സിംഗിള്‍സ് പോലും എടുക്കാതെ സ്വാഗ് കാണിച്ചാല്‍ അത് എങ്ങനെ അവസാനിക്കും എന്ന് തെളിച്ചതായിരുന്നു കഴിഞ്ഞ മത്സരം.
അവസാന ഓവറുകളില്‍ അര്‍ഷദീപ് സിങിന് സ്‌ട്രൈക്ക് കൈമാറാന്‍ പോലും ഹാര്‍ദിക് തയ്യാറായില്ല. ഉറപ്പായ ഒരു പത്ത് റണ്‍സെങ്കിലും ഇത്തരത്തില്‍ ഹാര്‍ദിക് നഷ്ടപ്പെടുത്തിക്കളഞ്ഞു. കളിതോല്‍ക്കുന്നതില്‍ അത് ഏറെ നിര്‍ണായകം ആവുകയും ചെയ്തു.
ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും സൂര്യകുമാര്‍ യാദവ് പരാജയപ്പെട്ട ദിനമായിരുന്നു അത്. നാല് റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ യാദവിന് സ്‌കോര്‍ ചെയ്യാനായത്.
സ്പിന്നര്‍മാര്‍ മികച്ച റിസള്‍ട്ട് ഉണ്ടാക്കിയ മത്സരത്തില്‍ മൂന്നാം സ്പിന്നര്‍ ആയ അക്‌സര്‍ പട്ടേലിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്നതാണ് ഏറ്റവും വലിയ പരാജയം. ഒരോവര്‍ മാത്രം എറിഞ്ഞ അക്‌സര്‍ ആകെ നല്‍കിയത് 2 റണ്‍സ് ആണ്. പിന്നീട് ഒരോവര്‍ പോലും അക്‌സറിന് നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമല്ല.
പേസര്‍മാരെയെല്ലാം ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കണക്കിന് ആക്രമിച്ചിട്ടുണ്ട്. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയും ആണ് ഒരു പോരാട്ടത്തിനുള്ള വഴിയൊരുക്കിയത്. വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റുകളും പിഴുതു.