കഴുത്തിലെ കറുപ്പിനു പല കാരണങ്ങളുണ്ട്. ജീവിതശൈലിയും ഹോർമോൺ വ്യതിയാനവും അമിതവണ്ണവും ഇതിന് കാരണങ്ങളായേക്കാം.
സലൂണിൽ പോവാതെ, അധികം പണം ചിലവാക്കാതെ തന്നെ കഴുത്തിലെ കറുപ്പിന് പരിഹാരം കണ്ടെത്താം. ഇതാ ചില പൊടിക്കൈകൾ.
കറ്റാർവാഴ ജെൽ എടുത്ത് കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. 10 മിനിറ്റുകൾക്കുശേഷം കഴുകി കളയാം. ദിവസവും ഇങ്ങനെ ചെയ്യുന്നത് കഴുത്തിലെ കറുപ്പു നിറം കുറയാൻ സഹായിക്കും.
2 ടേബിൾ സ്പൂണ് ബേക്കിങ് സോഡയിൽ ആവശ്യത്തിനു വെള്ളം ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ഇത് കഴുത്തിൽ പുരട്ടി ഉണങ്ങിയശേഷം വിരലുകൾ കൊണ്ടു സ്ക്രബ് ചെയ്യാം. ശേഷം വെള്ളം കൊണ്ടു കഴുകി വൃത്തിയാക്കിയശേഷം ഏതെങ്കിലും മോയിസ്ച്വറൈസർ പുരട്ടുക.
ഒരു ഉരുളകിഴങ്ങെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കി അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇത് കഴുത്തിൽ പുരട്ടി, ഉണങ്ങിയ ശേഷം ഇളംചൂട് വെള്ളത്തിൽ കഴുകി കളയുക. ദിവസവും രണ്ടു നേരം ഇങ്ങനെ ചെയ്യാം.
അര സ്പൂൺ തൈരെടുത്ത് അതിൽ കാൽ സ്പൂൺ മഞ്ഞൾ ചേർക്കുക. ഇത് മിക്സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തില് പുരട്ടി 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
ഒരു ടീസ്പൂൺ ബദാം പൊടിച്ചതും തേനും പാലും കൂടി ചേർത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിൽ ആക്കുക. ഇത് കഴുത്തിന്റെ വശങ്ങളിലും പുറകിലുമായി തേച്ചുപിടിപ്പിച്ച് അര മണിക്കൂർ വച്ചതിനുശേഷം കഴുകിക്കളയുക. ബദാം എണ്ണ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മസ്സാജ് ചെയ്യുന്നതും നല്ലത്.
വട്ടത്തിൽ അരിഞ്ഞ വെള്ളരിക്ക ഉപയോഗിച്ച് കഴുത്തിൽ ഉരസുകയോ, വെള്ളരിക്ക നീര് കഴുത്തിൽ തേച്ച് പിടിപ്പിക്കുകയോ ചെയ്യാം. 10 മിനിറ്റ് ഇത് വെച്ച ശേഷം തണുത്ത വെള്ളത്തിലോ പനിനീർ വെള്ളത്തിലോ കഴുകി കളയാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)