ഇന്ത്യൻ സിവിൽ ഏവിയേഷൻ റെഗുലേറ്റർ ആയ ഡിജിസിഎ വെള്ളിയാഴ്ച്ച പുറത്തിറക്കിയ സർക്കുലർ പ്രകാരം ആഭ്യന്തര വിമാനയാത്ര നടത്തുന്ന യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാൻ ബാഗുകൾ ഇല്ലെങ്കിൽ ടിക്കറ്റിൽ പ്രത്യേക കിഴിവ് ലഭിക്കും. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ബാഗുകൾ കൊണ്ട് പോകുന്നുണ്ടോ എന്ന വിവരം നൽകേണ്ടതാണ്.
ഇപ്പോൾ നിലവിലുള്ള നിയമം അനുസരിച്ച് ക്യാബിൻ ലഗേജ് 7 കിലോഗ്രാമും, ചെക്കിന് ബാഗേജ് 15 കിലോഗ്രാമുമാണ്. ഈ നിയമം എന്ന് മുതൽ നിലവിൽ വരുമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഉടൻ തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുത്ത യാത്രക്കാരൻ ബാഗേജ് കൊണ്ട് വന്നാൽ ടിക്കറ്റിന്റെ ശരിക്കുള്ള നിരക്ക് യാത്രക്കാരനിൽ നിന്നും ഈടാക്കും. മാത്രമല്ല ഈ ചാർജ് എത്രയാണെന്ന് ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ യാത്രക്കാരനെ അറിയിച്ചിരിക്കണമെന്നും നിയമം നിഷ്കര്ഷിക്കുന്നുണ്ട്.
ഈ മാസം ആദ്യം ആഭ്യന്തര വിമാന ടിക്കറ്റിന്റെ നിരക്കിൽ 10 മുതൽ 30 ശതമാനം വരെ വർദ്ധനവ് കൊണ്ട് വരാൻ കേന്ദ്ര സർക്കാർ അനുമതി നല്കിയിരുന്നു.