എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കീറിപ്പറിഞ്ഞ നോട്ടുകളാണ് ലഭിച്ചതെങ്കിൽ എന്തു ചെയ്യണം അറിയണ്ടേ? ഒരുപക്ഷേ ഒട്ടുമിക്ക ആളുകൾക്കും ഈ ചോദ്യത്തിനുള്ള ഉത്തരം അറിയില്ലായിരിക്കാം. ഈ അറിവില്ലായ്മ കാരണം ആളുകൾ പലപ്പോഴും സ്വയം പല നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത വായിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് മനസിലാകും ഇത്തരമൊരു സാഹചര്യം വന്നാൽ എന്തുചെയ്യണമെന്ന്. ബാങ്ക് നിങ്ങൾക്ക് നോട്ട് മാറ്റിത്തരുമോ അതോ വേറെന്തെങ്കിലും മാർഗം സ്വീകരിക്കണമോ? അറിയാം..
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ നിങ്ങൾക്ക് കീറിപ്പറിഞ്ഞ നോട്ടുകൾ ലഭിക്കുകയാണെങ്കിൽ വിഷമിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങൾക്ക് ഈ നോട്ടുകൾ എളുപ്പത്തിൽ മാറ്റാനും പകരം പുതിയതോ കീറാത്തതോ ആയ നോട്ടുകൾ ലഭിക്കുകയും ചെയ്യും.
എടിഎമ്മുകളിൽ നിന്ന് ലഭിക്കുന്ന കീറിയ നോട്ടുകൾ ബാങ്കിൽ കൈമാറ്റം ചെയ്യാമെന്നും ഒരു സർക്കാർ ബാങ്കിനോ അല്ലെങ്കിൽ സ്വകാര്യ ബാങ്കിനോ ഇത് നിരസിക്കാൻ കഴിയില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI)നിയമങ്ങളിൽ പറയുന്നുണ്ട്.
ബാങ്കിൽ നിന്നും കീറിയ നോട്ട് മാറ്റുന്നത് കുറച്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു നടപടിയാണ്. ഇനി ഈ നടപടിയുടെ പേരിൽ ബാങ്ക് നിങ്ങളെ ദീർഘനേരം കാത്തിരിപ്പിക്കുകയോ അല്ലെങ്കിൽ നോട്ട് മാറാൻ വിസമ്മതിക്കുകയോ ചെയ്താൽ നിങ്ങൾക്ക് പോലീസിൽ പരാതിപ്പെടാം. അങ്ങനെ ചെയ്യുന്ന ബാങ്കുകൾക്ക് 10,000 രൂപ പിഴ ഈടാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ആദ്യമായി നിങ്ങൾ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചോ ആ ബാങ്കിലേക്ക് പോകുക. അവിടെ പോയതിനുശേഷം നിങ്ങൾക്ക് ഒരു അപേക്ഷ എഴുതേണ്ടിവരും അതിൽ പണം പിൻവലിച്ച തീയതി, സമയം, എടിഎമ്മിന്റെ സ്ഥാനം എന്നിവ എഴുതേണ്ടിവരും. അതിനുശേഷം എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം പുറത്തുവന്ന ആ സ്ലിപ്പിന്റെ ഒരു പകർപ്പ് നിങ്ങൾ ആപ്ലിക്കേഷനുമായി അറ്റാച്ചുചെയ്ത് ബാങ്കിൽ നൽകണം. ഇനി നിങ്ങളുടെ കയ്യിൽ പൈസ എടുത്തതിന്റെ സ്ലിപ്പ് ഇല്ലെങ്കിൽ നിങ്ങളുടെ മൊബൈലിൽ വന്നിട്ടുള്ള ഇടപാടിന്റെ വിശദാംശങ്ങൾ നൽകണം.
നിങ്ങൾ ഈ അപേക്ഷകൾ സമർപ്പിച്ചയുടൻ ബാങ്ക് ഉദ്യോഗസ്ഥർ നിങ്ങളുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കും. എല്ലാം ശരിയാണെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്നും കീറിയ നോട്ടുകൾ എടുത്ത് പകരം പുതിയ നോട്ടുകൾ നൽകും. ഈ മുഴുവൻ പ്രക്രിയയും കഴിയാൻ കുറച്ച് മിനിറ്റ് മാത്രമേ എടുക്കൂ.