ദുബൈ: കറാമയില്‍ പാചകവാതകം പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ഉസ്താദ് ഹോട്ടല്‍ കത്തി നശിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഉസ്താദ് ഹോട്ടലില്‍ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സ്ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമീത്തുള്ള കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഗ്യാസ് പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. അതേസമയം, റമദാന്‍ ആയതിനാലും അതിരാവിലെയായതിനാലും, ഉസ്ദാദ് ഹോട്ടലും അടുത്തുള്ള കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് അധികം ആളുകള്‍ ഇല്ലായിരുന്നു.
ഉഗ്രശബ്ദത്തോട് കൂടിയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഹോട്ടല്‍ പൂര്‍ണ്ണമായും തകര്‍ന്നു. തൊട്ടുമുമ്പില്‍ പെട്രോള്‍ സ്റ്റേഷനാണെങ്കിലും വലിയ തോതില്‍ തീപ്പിടിത്തം ഉണ്ടാകാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഹോട്ടലിലേക്ക് മത്സ്യം എത്തിച്ച് മടങ്ങുകയായിരുന്ന മലയാളി ഡ്രൈവര്‍ മുജീബിന് നിസാര പരിക്കേറ്റു. സ്ഫോടനമുണ്ടായ ഹോട്ടലിന് സമീപത്തെ കെട്ടിടങ്ങളില്‍ താമസിപ്പിച്ചിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. 10 ലക്ഷം ദിര്‍ഹത്തിന്‍റെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം സ്‌ഫോടനത്തിന്‍റെ കാരണം സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.