ദുബായ്: സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷാ ഫലം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾ. പല സർവകലാശാലകളിലും ബിരുദ പ്രവേശനത്തിനുള്ള അലോട്ട്മെന്റുകൾ ആരംഭിച്ചതിനാൽ ഉപരിപഠനത്തിന് സർവകലാശാലകളിൽ പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ. നിലവിൽ രാജ്യത്തെ സർവകലാശാലകൾ അവസാനഘട്ട അലോട്ടമെന്റ് സിബിഎസ്ഇ 12 ാം ക്ലാസ് ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ നടത്താവു എന്ന നിർദേശം യുജിസി നൽകിയിട്ടുണ്ട് എന്നത് മാത്രമാണ് വിദ്യാർഥികളുടെ ഏക ആശ്വാസം. മിക്ക സംസ്ഥാനങ്ങളിലേയും സർക്കാരുകൾ 12 ാം ക്ലാസ് പൊതുപരീക്ഷാ ഫലം ഇതിനോടകം പ്രസിദ്ധീകരിച്ച് കഴിഞ്ഞു.
അതുകൊണ്ട് തന്നെ സർവകലാശാലകളിൽ ഇതിനോടകം തന്നെ സ്റ്റേറ്റ് ബോർഡ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രവേശനം നേടിയേക്കാം എന്ന ആശങ്കയും ഇവർ പങ്ക് വെക്കുന്നു. അതേ സമയം പരീക്ഷാഫലം വൈകുന്നത് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള നടപടികൾ ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ ബോർഡിൽ അംഗങ്ങളായ യുഎഇയിലെ പ്രിൻസിപ്പൽമാർ പറയുന്നു. അതുകൊണ്ട് തന്നെ സർവലാശാല പ്രവേശനത്തെക്കുറിച്ചുള്ള ഉത്കണ്ഠകൾ വിദ്യാർഥികൾ മാറ്റി വെക്കണമെന്നും പ്രിൻസിപ്പൽമാർ അറിയിച്ചിട്ടുണ്ട്.
Read Also: ജനങ്ങളുടെ ശാക്തീകരണത്തിന് പ്രഥമ പരിഗണന: യുഎഇ പ്രസിഡന്റ്
കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷഫലം ഇനിടും വൈകുവാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ വരുന്ന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷനും യുജിസിയും ഉൾപ്പെടുന്ന എല്ലാ കൗൺസിലുകളിലും സിബിഎസ്ഇ ഇതിനകം തന്നെ ആശങ്കകൾ അറിയിച്ചിട്ടുണ്ടെന്ന് ഷാർജ ഇന്ത്യൻ സ്കൂൾ ഡയറക്ടർ പ്രമോദ് മഹാജൻ അറിയിച്ചു. വിദ്യാർഥികളുടെ ആശങ്കകൾ എല്ലാം തന്നെ സർവകലാശാലകൾ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സെൻട്രൽ യൂണിവേഴ്സ്റ്റി എൻട്രൻസ് ടെസ്റ്റ് പോലുള്ള സംവിധാനങ്ങൾ വഴി പരീക്ഷാഫലം ലഭിക്കാത്ത വിദ്യാർഥികൾക്ക് താൽക്കാലിക പ്രവേശനം നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം പരീക്ഷാഫലം വന്നാൽ മാത്രമേ തങ്ങൾക്ക് ആശ്വാസമാകൂ എന്നാണ് വിദ്യാർഥികളുടെ പക്ഷം. ഭൂരിപക്ഷം സർവകലാശാലകളിലും പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ 12 ാം ക്ലാസ് ഫലം നിർബന്ധമായും സമർപ്പിക്കണമെന്ന് അറിയിക്കുകയും അപേക്ഷതിരസ്കരിക്കപ്പെടുകയുമാണെന്ന് കുട്ടികൾ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...