Allirajah Subaskran: 'സബാഷ്'കരന്‍ ആയി മാറിയ സുബാസ്‌കരന്‍! ഈ ശ്രീലങ്കക്കാരന്‍ തെന്നിന്ത്യന്‍ സിനിമയെ കൈപ്പിടിയില്‍ ഒതുക്കുമ്പോൾ...

Allirajah Subaskran: രജനികാന്തിനെ നായകനാക്കി രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട് സുബാസ്കരന്റെ ലൈക്ക പ്രൊഡക്ഷൻസ്. വിക്രം, വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ പ്രമുഖരുടെയെല്ലാം സിനിമകൾ നിർമിച്ചിട്ടുണ്ട്.

Last Updated : Apr 12, 2023, 04:56 PM IST
  • ശ്രീലങ്കയിലാണ് ജനിച്ചതെങ്കിലും സുബാസ്കരന്റെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമല്ല
  • ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ നിർമിച്ചത് സുബാസ്കരന്റെ ലൈക്ക പ്രൊഡക്ഷൻസ് ആണ്
  • ലൈക്കമൊബൈൽസ് എന്ന ആഗോള കമ്പനിയുടെ ഉടമയാണ് സുബാസ്കരൻ
Allirajah Subaskran: 'സബാഷ്'കരന്‍ ആയി മാറിയ സുബാസ്‌കരന്‍! ഈ ശ്രീലങ്കക്കാരന്‍ തെന്നിന്ത്യന്‍ സിനിമയെ കൈപ്പിടിയില്‍ ഒതുക്കുമ്പോൾ...

സുബാസ്‌കരന്‍ എന്ന പേര് കേട്ടാല്‍ ഒരു ദക്ഷിണേന്ത്യക്കാരന്‍ എന്നേ തോന്നുകയുള്ളു. ആളെ കണ്ടാലും അങ്ങനെ തന്നെ. പക്ഷേ, ഇന്ത്യക്കാരനേ അല്ല ഈ കക്ഷി എന്നതാണ് യാഥാര്‍ത്ഥ്യം. പൊന്നിയിന്‍ സെല്‍വന്‍ എന്ന വിഖ്യാത പുസ്തകത്തെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കാരണക്കാരനായത് ഇന്ത്യക്കാരനല്ലാത്ത ഈ മനുഷ്യനാണ്.

അല്ലിരാജ സുബാസ്‌കരന്‍ ഒരു ശ്രീലങ്കന്‍- ബ്രിട്ടീഷ് ബിസിനസ്സുകാരനാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശ്രീലങ്കന്‍ തമിഴ് വംശജന്‍. പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ആദ്യ ഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും ഓഡിയോ ലോഞ്ചിങ്ങില്‍ മണിരത്‌നത്തെ പോലെ തന്നെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ഒരാള്‍ കൂടിയാണ് സുബാസ്‌കരന്‍. സുബാസ്കരനെ പരിചയമില്ലാത്തവർക്ക് 'സ്വാഭാവികമായും ഒരു അസ്വാഭാവികത' തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ആ പ്രശംസകൾ.

Read Aslo:  'ചോളന്മാർ തിരികെ എത്തുന്നു'; മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ 2' ട്രെയിലർ ലോഞ്ച് ചെയ്തു

പൊന്നിയിന്‍ സെല്‍വന്‍ -2 വിന്റെ ഓഡിയോ ലോഞ്ചിനിടയ്ക്ക്, പരിപാടിയുടെ അവതാരക അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'സബാഷ്‌കരന്‍' എന്നായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് സിനിമ സീക്വല്‍ സാധ്യമാക്കിയത് സുബാസ്‌കരന്‍ എന്ന ഒരു പ്രൊഡ്യൂസറുടെ നിശ്ചയദാര്‍ഢ്യവും വിശ്വാസവും കൊണ്ടാണെന്ന് ഉറപ്പിക്കുകയായിരുന്നു അവതാരക. പിന്നീട് ആ വേദിയില്‍ സംസാരിച്ച പലരും സുബാസ്‌കരനെ സബാഷ്‌കരന്‍ എന്ന് തന്നെ വിശേഷിപ്പിക്കുകയും ചെയ്തു.

ഒരു ശ്രീലങ്കന്‍ തമിഴ് വംശജന് ഇന്ത്യയില്‍ എന്ത് കാര്യം എന്ന ചോദ്യമൊന്നും സുബാസ്‌കരന്റെ കാര്യത്തില്‍ ആവശ്യമില്ല. ലൈക്കമൊബൈല്‍ എന്ന ആഗോള ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനും ആണ് സുബാസ്‌കരന്‍. തന്റെ 33-ാം വയസ്സില്‍ ആയിരുന്നു ഈ സ്ഥാപനം അദ്ദേഹം കെട്ടിപ്പടുക്കുന്നത്. 2015 ലെ കണക്കനുസരിച്ച് 1.8 ബില്യണ്‍ യൂറോ ആയിരുന്നു ലൈക്കമൊബൈലിന്റെ വരുമാനം. ഇംഗ്ലണ്ടും അമേരിക്കയും ഓസ്‌ട്രേലിയയും അടക്കം അറുപത് രാജ്യങ്ങളിൽ സേവനങ്ങളും ഉണ്ടായിരുന്നു. അസംഖ്യം ഉപകന്പനികൾ ലൈക്കമൊബൈൽസിന് വേറേയും ഉണ്ട്. ഇതൊന്നും അല്ലാതെ ജന്മനാടായ ശ്രീലങ്കയുമായുള്ള ബന്ധം നിലനിർത്തുന്ന മറ്റൊന്നുകൂടി സുബാസ്കരൻ ചെയ്തു. ലങ്ക പ്രീമിയർ ലീഗിൽ ജാഫ്ന കിങ്സ് എന്ന ടീമിനെ സ്വന്തമാക്കി. തമിഴ്നാട് പ്രീമിയർ ലീഗിൽ കോയമ്പത്തൂരിനെ പ്രതിനിധാനം ചെയ്യുന്ന ലൈക്ക കോവൈ കിങ്സിന്റെ ഉടമയും സുബാസ്കരൻ തന്നെയാണ്.

Read Also: 'വീര രാജ വീര' ; പൊന്നിയിൻ സെൽവൻ 2ലെ അടുത്ത ഗാനവും പുറത്ത്

ഇതിനിടയിലാണ് സുബാസ്‌കരന്‍ തമിഴ് സിനിമ നിര്‍മാണ രംഗത്തേക്ക് വരുന്നത്. അതിനായി ലൈക്കമൊബൈല്‍സിന്റെ ഒരു ഉപകമ്പനി സ്ഥാപിച്ചു. അതാണ് ലൈക്ക പ്രൊഡക്ഷന്‍സ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് വിജയ് നായകനായി അഭിനയിച്ച കത്തി ആയിരുന്നു ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആദ്യസിനിമ. രണ്ടാമത്തെ സിനിമയിലൂടെ സുബാസ്‌കരന്‍ ഇന്ത്യയെ മൊത്തത്തില്‍ ഞെട്ടിച്ചു. അതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച്, ഇന്ത്യയിലെ ഏറ്റവും നിര്‍മാണച്ചെലവേറിയ സിനിമ നിര്‍മിച്ചുകൊണ്ടായിരുന്നു അത്. രജനികാന്ത് നായകനായ 2.0 ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു. ആഗോള തലത്തില്‍ നോക്കിയാൽ, ഇംഗ്ലീഷ് സിനിമകളെ മാറ്റിനിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും നിര്‍മാണച്ചെലവേറിയ അഞ്ചാമത്തെ സിനിമയായിരുന്നു അത്.

ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വനിലേക്ക് എത്തിയപ്പോള്‍ അത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സിനിമയും. ഒരുപാട് പേര്‍ ശ്രമിച്ചിട്ട് നടക്കാതെ പോയ പ്രൊജക്ട് ആണല്ലോ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍. അതിങ്ങനെ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ തമിഴ് സിനിമ ലോകം മാത്രമല്ല, ഇന്ത്യന്‍ സിനിമയും സുബാസ്‌കരനെ മനസ്സുകൊണ്ട് വന്ദിക്കുന്നുണ്ട്. തമിഴിലും ഹിന്ദിയിലും ആയി ഇതുവരെ 25 ഓളം സിനിമകളാണ് ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ചിട്ടുള്ളത്. അക്ഷയ് കുമാറിന്റെ രാമസേതുവും രജനികാന്തിന്റെ ദർബാറും സൂര്യയുടെ കാപ്പാനും ധനുഷിന്റെ വട ചെന്നൈയും മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ന വാനവും എല്ലാം സുബാസ്കരന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സുബാസ്‌കരനെ സംബന്ധിച്ച് കുറച്ചധികം ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ജ്ഞാനാംബിക അല്ലിരാജ എന്നാണ്. പക്ഷേ, അച്ഛന്റെ പേര് എന്താണെന്ന് ആര്‍ക്കും അറിയില്ല. അതുപോലെ തന്നെ സുബാസ്‌കരന്റെ വിദ്യാഭ്യാസത്തെ കുറിച്ചും പൊതുസമൂഹത്തിന് യാതൊരു അറിവുമില്ല. ശ്രീലങ്കയിന്‍ സിംഹള വംശജനും തമിഴ് വംശജരും തമ്മില്‍ ഉണ്ടായിരുന്ന ആഭ്യന്തര യുദ്ധത്തിന്റെ മുര്‍ധന്യത്തിലായിരുന്നു സുബാസ്‌കരന്റെ ബാല്യവും യൗവ്വനവും എന്നുറപ്പാണ്. 2018 മുതല്‍ ലൈക്കമൊബൈലും സുബാസ്‌കരനും ഇന്ത്യക്ക് പുറത്ത് ഏറെ വിവാദങ്ങളിലും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിലും പെട്ടുകിടക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News