2022 ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ തന്ന വർഷമാണ്. ഇത്തവണ ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം സ്വന്തമാക്കി. ഭീഷ്മപർവ്വം, പുഴു, സിബിഐ 5, റോഷാക്ക്, എന്നീ ചിത്രങ്ങളെല്ലാം തന്നെ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. വരാനിരിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ടൊവീനോ ചിത്രമായ തല്ലുമാലയായിരുന്നു മറ്റൊരു ഹിറ്റ് ചിത്രം. വൻ കളക്ഷനാണ് ചിത്രം നേടിയത്.
പൃഥ്വിരാജിന്റെ കടുവ, ജനഗണമന എന്നിവയും പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളാണ്. സുരേഷ് ഗോപിയുടെ പാപ്പൻ ആണ് മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രവും വലിയ വിജയം നേടിയിരുന്നു. ബേസിൽ നായകനായ ജയ ജയ ജയ ജയ ഹേ ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഒപ്പം വിനീത് ശ്രീനിവാസന്റെ മുകുന്ദനുണ്ണി അസോസിയേറ്റ്സും ഗംഭീര വിജയമാണ്. ഈ വർഷം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളാണിവ.
ഭീഷ്മപർവ്വവും തല്ലുമാലയും ഒക്കെ ഗംഭീര കളക്ഷൻ നേടിയ ചിത്രമാണെങ്കിലും ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ മലയാള ചിത്രം മറ്റൊന്നാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഹൃദയം ആണ് ഗൂഗിൾ സെർച്ചിൽ മുമ്പിൽ നിൽക്കുന്ന മലയാള ചിത്രം. 2022 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ഒടിടിയിൽ ഇറക്കാതെ തിയേറ്ററിൽ തന്നെ ഇറക്കണമെന്ന വാശിയിൽ കാത്തിരുന്ന് ഇളവുകൾ വന്ന സമയത്ത് തിയേറ്ററിൽ തന്നെ പ്രദർശനത്തിനെത്തിയ ചിത്രമാണിത്.
ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യനാക്കിയ ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ഹൃദയം ആണ് ഗൂഗിൾ സെർച്ചിൽ മുന്നിൽ നിൽക്കുന്നതെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പാട്ടുകൾക്ക് കൂടി പ്രാധാന്യം നൽകിയ ചിത്രത്തിൽ പതിനഞ്ച് പാട്ടുകളാണ് ഉണ്ടായിരുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടവയാണ്. ദർശനാ എന്ന ഗാനം സോഷ്യൽ മീഡിയയിലടക്കം തരംഗം സൃഷ്ടിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ ഭാര്യ പാടിയ ഒണക്ക മുന്തിരി എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...