പോയി പോയി സിനിമേടെ പേര് പറയാൻ എന്നാ പാടാ, വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ പേരിന് രസികൻ കമന്റുകളുമായി ആരാധകർ

Last Updated : Aug 22, 2017, 01:01 PM IST
പോയി പോയി സിനിമേടെ പേര് പറയാൻ എന്നാ പാടാ, വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ പേരിന് രസികൻ കമന്റുകളുമായി ആരാധകർ

ഈ സിനിമ കണ്ട് വീട്ടിൽ ചെല്ലുമ്പോൾ, 'നീ ഏത് സിനിമയാടാ കണ്ടത്' എന്ന് ചോദിച്ചാൽ ആരും ഒന്ന് പെട്ട് പോകും. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ പേര് കണ്ട് അന്തം വിട്ടു നിൽക്കുകയാണ് ആരാധകർ. പേര് വളരെ സിമ്പിളാണ്. 'ആന അലറലോടലറൽ'!

"പേരെല്ലാം കിടുവാണ് , എന്നാലും 'ആന അലറി' എന്ന് ഞങ്ങള്‍ പ്രേക്ഷകര്‍ ചുരുക്കിപറഞ്ഞാ ന്തെലും പ്രോബ്ലം ഉണ്ടോ?," എന്നാണ് നിവ്യ നിനയുടെ ചോദ്യം. 

ധനീഷ് ചന്ദ്രൻ ശാരദയുടെ ആശങ്ക മറ്റൊന്നാണ്. "രണ്ടെണ്ണം അടിച്ചു ഈ സിനിമ കളിക്കുന്ന തിയേറ്റർ അന്വേഷിക്കുന്ന ഞങ്ങളുടെ കാര്യം!... അലറ റലല്ലേ ടലെടറോ ലാറ ലേ അറലൽ ലേറോ ൽ. പേര് മാറ്റാൻ പറ്റോ..?," ധനീഷ് ചന്ദ്രൻ ചോദിക്കുന്നു. 

ആദ്യം പടത്തിന്റെ പേര് മാറ്റീട്ട് പറയാൻ പറ്റുന്ന മര്യാദയ്ക്കുള്ളൊരു പേരിടെന്ന് സാറ അജയന്റെ കമന്റ്. 

"ഈ ആനയുടെ അലറൽ കേരളം മുഴുവൻ കേൾക്കും," എന്ന് പ്രബിൻ കുമാർ. 

ആദ്യ വായനയിൽത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥയാണ് ചിത്രത്തിന്റേതെന്ന് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയെപ്പറ്റി വിനീതിന്റെ വാക്കുകൾ ഇങ്ങനെ: "സംവിധാനം, തിരക്കഥ, സിനിമാട്ടോഗ്രാഫി എന്നിങ്ങനെ പിന്നണിയിലുള്ള ഒരുപാടു പേർ പുതുമുഖങ്ങളാണ്. ശേഖരൻകുട്ടി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ഇതിലെ നായകൻ. ഈ ഗജകേസരിയോടൊപ്പം ഞങ്ങൾ കുറച്ചു പേർ ഒരു രസകരമായ സിനിമ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങുകയാണ്. നന്നാവും എന്ന പ്രതീക്ഷയോടെ!!"

സിനിമയുടെ ചിത്രീകരണം ചൊവ്വാഴ്ച ആരംഭിച്ചു. നവാഗതനായ ദിലീപ് മേനോൻ ആണ് സംവിധാനം. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും വിനീത് ഫേസ്ബുക്കിൽ പങ്കു വച്ചു. 

Trending News